| Sunday, 2nd August 2026, 7:17 pm

ഹോര്‍മുസ് തുറക്കുമെന്ന വാര്‍ത്ത പച്ചക്കള്ളം; ഇസ്രഈലി മാധ്യമങ്ങളെ തള്ളി ഇറാന്‍

റെന്വര്‍ പി

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കാനുള്ള നിര്‍ദേശം ഇറാന്‍ അംഗീകരിച്ചെന്ന വാര്‍ത്തകള്‍ തെറ്റെന്ന് ഇറാന്റെ ഫാര്‍സ് ന്യൂസ് ഏജന്‍സി. ഇത്തരത്തില്‍ ഒരു കരാറിനും ഇറാന്‍ അംഗീകാരം നല്‍കിയിട്ടില്ലെന്ന് ഇറാന്റെ ആണവ ചര്‍ച്ചാ സംഘവുമായി അടുത്ത ബന്ധമുള്ളവര്‍ അറിയിച്ചതായി ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കപ്പലുകള്‍ക്ക് ഇറാനിയന്‍ സമുദ്ര ഭാഗങ്ങളിലൂടെ പേര്‍ഷ്യന്‍ ഗള്‍ഫില്‍ പ്രവേശിക്കാനും ഒമാന്റെ സമുദ്രഭാഗത്തുകൂടെ പുറത്തേക്ക് കടക്കാനും പറ്റുന്ന തരത്തില്‍ ഗതാഗതത്തിന് അനുമതി നല്‍കുന്ന നിര്‍ദേശം ഇറാന്‍ അംഗീകരിച്ചെന്ന് നേരത്തെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രഈല്‍ മാധ്യമപ്രവര്‍ത്തകന്‍ ബറാക് റാവിഡിനെ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍.

ഹോര്‍മുസില്‍ ഇത്തരത്തിലുള്ള കരാറിന് ഇറാന്‍ അംഗീകാരം നല്‍കിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തികച്ചും തെറ്റാണെന്ന് ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്ത തെറ്റാണെന്നാണ് ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥനും വ്യക്തമാക്കിയതായെന്നും വാര്‍ത്താ ഏജന്‍സി പറയുന്നു.

‘യു.എസിന്റെ ഭാഗത്തുനിന്നുള്ള ശത്രുതാപരമായ നടപടികളും ക്രൂരതകളും തുടരുന്നിടത്തോളം കാലം ഹോര്‍മുസ് അടഞ്ഞുതന്നെയിരിക്കും,’ എന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

‘ഇറാന്‍ നാവിക സേനയോട് സഹകരിച്ച്, പ്രഖ്യാപിത പാതയിലുടെ മാത്രമേ കപ്പലുകള്‍ക്ക് യാത്ര ചെയ്യാന്‍ പറ്റൂ. ഇതിന് ആദ്യം ഹോര്‍മുസ് കടലിടുക്ക് കടക്കാനുള്ള ട്രാന്‍സിറ്റ് പെര്‍മിറ്റെടുക്കണം. അല്ലാത്ത മറ്റ് വഴികളെല്ലാം സുരക്ഷിതമല്ലാത്തതാണ്. ആ പാതകള്‍ ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ അത് ഏറ്റുമുട്ടല്‍ സംഭവങ്ങളിലേക്ക് നയിച്ചേക്കാം’ എന്നും സൈനികോദ്യോഗസ്ഥന്‍ പറഞ്ഞു.

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന് പദ്ധതികളുണ്ടെന്ന തരത്തില്‍ പുറത്ത് വരുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതമാണ്. അത്തരം ഒരു തീരുമാനങ്ങളോ നയം മാറ്റങ്ങളോ ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും സെനിക ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഹോര്‍മുസ് തുറക്കുന്നതിനായുള്ള ഒരു കരാറില്‍ ഒപ്പുവെക്കാന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സന്നദ്ധനായെനന്ന് ഇസ്രഈലിന്റെ ചാനല്‍ 12 ന്യൂസിന് വേണ്ടി ബറാക് റാവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കരാറില്‍ ഒപ്പുവെക്കാന്‍ സന്നദ്ധരായതിനാലാണ് ഇറാനെതിരെ ആക്രമണം നടത്തുന്നതില്‍ നിന്ന് യു.എസ് പ്രസിഡന്റ് പിന്‍മാറിയതെന്നും റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടിരുന്നു.

ഖത്തറും യു.എസുമാണ് ഈ കരാര്‍ മുന്നോട്ട് വച്ചതെന്നും ബറാക് റാവിഡ് അവകാശപ്പെടുന്നുണ്ട്. ഇറാനില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന വലിയ ആക്രമണങ്ങള്‍ റദ്ദാക്കുകയാണെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷമാണ് റാക് റാവിഡിന്റെ റിപ്പോര്‍ട്ട് വന്നത്.

ഇറാനില്‍ നടത്താന്‍ തീരുമാനിച്ച ആക്രമണം റദ്ദാക്കുകയാണെന്ന് ഇന്നലെ (ഓഗസ്റ്റ് 1, ശനി) ട്രംപ് പ്രഖ്യാപിച്ചിരുന്നു. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

ഇറാന്റെ ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് യു.എസും ഇസ്രഈലും ആക്രമണം നടത്താനൊരുങ്ങുന്നെന്ന് യു.എസ് മാധ്യമങ്ങള്‍ ഈ വെള്ളിയായഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് ആക്രമണത്തിനുള്ള തീരുമാനം പിന്‍വലിക്കുന്നതായി ട്രംപിന്റെ പ്രഖ്യാപനം. ഇറാനില്‍ നിന്നും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള അഭ്യര്‍ത്ഥനകള്‍ പ്രകാരമാണ് താന്‍ ആക്രമണം വേണ്ടെന്ന തീരുമാനത്തിലേക്കെത്തിയതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

Content Highlight: Media reports on Iran has agreed to reopen Hormuz ‘sheer lie’

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more