| Saturday, 27th September 2025, 8:05 am

നല്ല ക്ഷീണത്തിലാണ് ലാലേട്ടന്‍ ഹലോ ഡബ്ബ് ചെയ്തത്, അദ്ദേഹം കൈയില്‍ നിന്ന് ഇട്ട ഡയലോഗ് പിന്നീട് മാറ്റാന്‍ തോന്നിയില്ല: മെക്കാര്‍ട്ടിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി റാഫി- മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹലോ. ജഗതി ശ്രീകുമാര്‍, സലിം കുമാര്‍ തുടങ്ങിയ ഹാസ്യ താരങ്ങളുണ്ടായിരുന്നെങ്കിലും അവരെക്കാള്‍ മുകളില്‍ കോമഡിയില്‍ മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രം വന്‍ വിജയമായി മാറി. ഓണം റിലീസായെത്തിയ ചിത്രങ്ങളില്‍ വിജയിച്ചതും ഹലോ തന്നെയായിരുന്നു.

ചിത്രത്തിന്റെ ഡബ്ബിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകരിലൊരാളായ മെക്കാര്‍ട്ടിന്‍. ചിത്രത്തിന്റെ ഡബ്ബിങ് തുടങ്ങിയത് കുറച്ച് വൈകിയായിരുന്നെന്ന് മെക്കാര്‍ട്ടിന്‍ പറയുന്നു. മോഹന്‍ലാല്‍ വന്നപ്പോള്‍ തന്നെ വളരെ ക്ഷീണിതനായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍ ബിന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വല്ലാണ്ട് ക്ഷീണിച്ച് വയ്യാതെയാണ് ലാലേട്ടന്‍ എത്തിയത്. അലിഭായ്‌യുടെ സെറ്റില്‍ നിന്നായിരുന്നു അദ്ദേഹം വന്നത്. വന്നയുടനെ ഡബ് ചെയ്യാനാകില്ലെന്നും കുറച്ച് വിശ്രമിച്ചോട്ടെയെന്നും ലാലേട്ടന്‍ ചോദിച്ചു. അദ്ദേഹത്തിന്റെ കംഫര്‍ട്ടാണ് പ്രധാനം. മാത്രമല്ല, ഞാന്‍ എല്ലാം സെറ്റ് ചെയ്യാന്‍ കുറച്ച് സമയമെടുക്കും. കണ്‍സോളില്‍ കയറി എല്ലാം ശരിയല്ലേയെന്ന് കൃത്യമായി പരിശോധിക്കും.

അത്രയും നേരം നമ്മളെ കാത്തിരിക്കണ്ടല്ലോ എന്ന് വിചാരിച്ചു. ലാലേട്ടനോട് റെസ്‌റ്റെടുക്കാന്‍ പറഞ്ഞു. ഞാന്‍ എല്ലാം സെറ്റ് ചെയ്ത് വെച്ചിട്ട് ലാലേട്ടനെ വിളിക്കാന്‍ പോയി. പുള്ളി വന്നു, ആദ്യത്തെ ഡയലോഗ് സ്ത്രീ ശബ്ദത്തിലായിരുന്നു പുള്ളി പറഞ്ഞത്. ആ ക്ഷീണമൊക്കെ മാറാന്‍ വേണ്ടി തമാശക്ക് ചെയ്തതായിരുന്നു അത്.

ഇന്‍ട്രോ സീനില്‍ വില്ലന്മാരോട് ‘എനിക്കെന്തോ പേടിയാവുന്നില്ല’ എന്ന ഡയലോഗ് പുള്ളി തമാശക്കായിരുന്നു സ്ത്രീ ശബ്ദത്തില്‍ പറഞ്ഞത്. അത് എനിക്ക് ഇഷ്ടപ്പെട്ടു. ഇത് ഇനി മാറ്റണ്ട എന്ന് ലാലേട്ടനോട് പറഞ്ഞപ്പോള്‍ ‘അയ്യോ, അത് ഞാന്‍ തമാശക്ക് പറഞ്ഞതാ’ എന്ന് ലാലേട്ടന്‍ പറഞ്ഞു. ഇന്‍ട്രോ സീനില്‍ ഇങ്ങനെയൊരു മാറ്റം നല്ലൊരു വെറൈറ്റിയായിരിക്കുമെന്നും തിയേറ്ററില്‍ വര്‍ക്കാകുമെന്നും ലാലേട്ടനെ പറഞ്ഞ് കണ്‍വിന്‍സ് ചെയ്തു,’ മെക്കാര്‍ട്ടിന്‍ പറയുന്നു.

അതേ ഡയലോഗ് റീടേക്ക് പോകാമെന്ന് മോഹന്‍ലാല്‍ പറഞ്ഞെന്നും പഴയതിനെക്കാള്‍ പെര്‍ഫക്ഷനില്‍ ആ ഡയലോഗ് അവതരിപ്പിച്ചെന്നും മെക്കാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു. തിയേറ്ററില്‍ ആ സീനിനെല്ലാം ഗംഭീര കൈയടിയായിരുന്നെന്നും ആരാധകര്‍ക്ക് ആ സീന്‍ ഇഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന്റെ ക്രെഡിറ്റ് മോഹന്‍ലാലിന് തന്നെയാണെന്നും മെക്കാര്‍ട്ടിന്‍ പറയുന്നു.

Content Highlight: Meccartin shares the dubbing experience of Hallo Movie

We use cookies to give you the best possible experience. Learn more