അറിഞ്ഞിരുന്നോ?
ഇത്രയും കാലം എന്നോടും നിങ്ങളോടുമൊപ്പം ഇന്ത്യക്കാര്‍ എന്ന വിലാസം പങ്കിട്ടിരുന്ന 40 ലക്ഷം പേര്‍ ഇന്ന് ആ കൂട്ടത്തില്‍ നിന്ന് പുറത്താവുകയാണ്. ഇന്ത്യ സ്വതന്ത്രമാവുന്നതിനും എത്രയോ മുന്‍പ് മൂന്നു തലമുറകളെങ്കിലുമായി ഈ മണ്ണിലുള്ളവരാണ് അവരില്‍ പലരും.
1947 ല്‍ വിഭജനസമയത്തെ കലാപത്തിനിടയില്‍ ഇന്ത്യയിലെത്തിയവരും ഏറെയുണ്ട് ആ കൂട്ടത്തില്‍.1971-ലെ ഇന്തോ- പാക് യുദ്ധത്തിനിടയില്‍ അഭയാര്‍ത്ഥികളായെത്തിയവരും അവരില്‍ ഇല്ലാതെയില്ല. ലുങ്കിയും തൊപ്പിയും ധരിക്കുന്ന, ബംഗാളി സംസാരിക്കുന്ന ഈ വിഭാഗത്തിലെ മഹാഭൂരിപക്ഷവും സങ്കല്പിക്കാനാവാത്ത വിധം ദരിദ്രജീവിതം നയിക്കുന്നവരാണ്. നിരക്ഷരരാണ്.
എഴുപതുകള്‍ക്കു മുന്‍പുള്ള രേഖ കൊണ്ടുവരാന്‍ അവര്‍ക്കാവില്ല. ഇനി രേഖയുണ്ടെങ്കിലും വലിയ കാര്യമില്ല. റിട്ടയേഡ് ആര്‍മി ഓഫീസര്‍ സനാവുല്ലയ്ക്ക് ഡിറ്റെന്‍ഷന്‍ ക്യാമ്പിലേക്ക് പോവേണ്ടി വന്നത് രേഖകളില്ലാത്തതു കൊണ്ടല്ല, അയാളുടെ ഭാഷ ഒറ്റുകൊടുക്കുന്നതുകൊണ്ടാണ്.
ആ 40 ലക്ഷം പേര്‍!
അവരിനി എങ്ങോട്ടാണ് പോവുക? കുഞ്ഞുങ്ങളും വൃദ്ധരും രോഗികളും അവരെ താങ്ങുന്നവരും ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്ന ആ വരിയുടെ ഇങ്ങേയറ്റത്ത് നാളെ ആരൊക്കെ കണ്ണി ചേരും?
കറുത്തവരെ ആക്ഷേപിക്കാന്‍ യൂറോപ്യന്‍മാര്‍ വിളിച്ച നീഗ്രോ എന്ന പദത്തെത്തന്നെ പ്രതിരോധത്തിന്റെ ചവിട്ടുകല്ലാക്കി മാറ്റിക്കൊണ്ടാണ് നാല്പതുകളില്‍ നെഗ്രിറ്റിയൂഡ് മൂവ്‌മെന്റ് ശക്തിപ്പെട്ടത്. സമാനമായൊരനുഭവമുണ്ട് ഈ ആസ്സാമില്‍.
ബംഗാളി സംസാരിക്കുന്ന മുസ്ലിംകളെ ആക്ഷേപിച്ചു വിളിക്കുന്ന പദമാണ് മിയ. ആ പേരു തന്നെ ഏറ്റെടുത്തു കൊണ്ട് ഇന്നവിടെ ഒരു പ്രതിരോധ സാഹിത്യ പ്രസ്ഥാനമുണ്ട്. മണ്ണിലിടമില്ലാതായിപ്പോകുന്നവരുടെ വേവും ചൂടുമായി മിയ കവിതകള്‍ ധാരാളം സംഭവിക്കുന്നുണ്ട്. കേട്ടിരുന്നോ?
മിയാ മൂവ്‌മെന്റിലെ പ്രധാന വക്താക്കളിലൊരാളായ സാലിംഹുസൈനോട് ഒരഭിമുഖത്തില്‍, പൗരത്വ നിഷേധഭീഷണി നേരിട്ടു കൊണ്ടുള്ള ജീവിതത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറയുന്ന മറുപടിയുണ്ട്. ‘ നിറഞ്ഞു കവിയുമെന്നുറപ്പുള്ള ബ്രഹ്മപുത്രയുടെ തീരത്ത് ഇപ്പോഴും പതിനായിരക്കണക്കിനാളുകള്‍ താമസിക്കുന്നുണ്ട്.’ അതിജീവനം എന്ന ഒറ്റവാക്കിന് ഇങ്ങനെയും പരാവര്‍ത്തനമാവാം.
സാലിം ഹുസൈന്‍ ഒന്നുകൂടി പറയുന്നുണ്ട്. ‘ ജീവിതത്തില്‍ എപ്പോഴെങ്കിലും ഒരിക്കല്‍ നിങ്ങള്‍ പൊളിറ്റിക്കല്‍ ആയാല്‍ മതി. പിന്നീട് നിങ്ങള്‍ക്ക് അതാവാതിരിക്കാനാവില്ല. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് മാറി നില്‍ക്കാനാവില്ല.’
ചോദ്യമിതാണ്.പൊളിറ്റിക്കലാണോ?