തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തെ എം.എല്‍.എ സ്ഥാനത്ത് നിലനിര്‍ത്തി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് മുഖം രക്ഷിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ മന്ത്രി എം.ബി രാജേഷ്. പേരിനൊരു പാര്‍ട്ടി നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതൃത്വം രാഹുല്‍ മാങ്കൂട്ടത്തിലുമായി ഒത്തുകളിക്കുകയാണെന്നും എം.ബി രാജേഷ് പറഞ്ഞു.
പ്രാഥമിക അംഗത്വത്തിന് യോഗ്യമല്ലാത്ത ഒരാളെ പാലക്കാട്ടെ ജനങ്ങളുടെ മേല്‍ എം.എല്‍.എയായി അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്നും എം.ബി രാജേഷ് പറഞ്ഞു.
‘ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി ഇപ്പോള്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പ്രാഥമിക അംഗത്വത്തിന് യോഗ്യമല്ലാത്ത ഒരാളെ പാലക്കാട്ടെ ജനങ്ങളുടെ മേല്‍ എം.എല്‍.എയായി അടിച്ചേല്‍പ്പിക്കുകയും, നിലനിര്‍ത്തുകയും ചെയ്യുന്നത് എന്ത് നീതിയാണ്.
കോണ്‍ഗ്രസ് നേതൃത്വം എം.എല്‍.എയുമായി ഒത്തുകളിച്ചിരിക്കുകയാണ്. എം.എല്‍.എ സ്ഥാനത്ത് തുടരാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. പേരിനൊരു പാര്‍ട്ടി നടപടി എടുത്തിരിക്കുകയാണ്.
ആ ഒത്തുകളി ഇപ്പോള്‍ വ്യക്തമായി കഴിഞ്ഞിരിക്കുന്നു. ഈ ആക്ഷേപങ്ങള്‍ പലതും നേരത്തെ തന്നെ വന്നതാണ്. നേരത്തെ തന്നെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ് എന്ന് ആദ്യം ആരോപണം ഉന്നയിച്ച പെണ്‍കുട്ടി തന്നെ പറഞ്ഞല്ലോ.
ആ പെണ്‍കുട്ടി പറഞ്ഞത് ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും നടപടിയുണ്ടായില്ലെന്നുമാണ്. മാത്രമല്ല അതിന് ശേഷമാണ് ഇയാളെ എം.എല്‍.എ ആക്കിയത് എന്നും പറഞ്ഞു.
ചില വിഗ്രഹങ്ങള്‍ ഉടഞ്ഞു എന്ന് പറഞ്ഞെന്നാണ് അവര്‍ പറഞ്ഞത്. ആ ഉടഞ്ഞ വിഗ്രഹങ്ങളാണ് ഇപ്പോഴും സംരക്ഷിക്കുന്നത്. ആരാണോ വളര്‍ത്തിക്കൊണ്ടുവന്നത്, പ്രൊമോട്ട് ചെയ്തത്, എം.എല്‍.എ ആക്കിയത് അവര്‍ ഇപ്പോഴും എം.എല്‍.എയായിട്ട് സംരക്ഷിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വം സംരക്ഷിക്കുകയാണ് ചെയ്തത്,’ എം.ബി രാജേഷ് പറഞ്ഞു.
രാഹുലിന്റെ രാജി ആവശ്യപ്പെട്ട ഉമാ തോമസ് എം.എല്‍.എയ്ക്കും ഷാനി മോള്‍ ഉസ്മാനുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ താന്‍ അപലപിക്കുകയാണെന്നും എം.ബി രാജേഷ് പറഞ്ഞു.
‘നോക്കൂ ഞങ്ങളെല്ലാം കോണ്‍ഗ്രസ് നേതൃത്വത്തെ രാഷ്ട്രീയമായിട്ട് വിമര്‍ശിച്ചിട്ടുണ്ട്. പക്ഷേ ഇത്ര ഹീനമായ വ്യക്തിഹത്യ കോണ്‍ഗ്രസ് അണികളല്ലേ ഉമാ തോമസിന് എതിരായിട്ട് നടത്തുന്നത്.
ആ വ്യക്തിഹത്യയെ ഞാന്‍ ശക്തമായി അപലപിക്കുകയാണ്. ഇത്തരമൊരു സംഘത്തെ കോണ്‍ഗ്രസ് നേതൃത്വം വളര്‍ത്തിയെടുത്തിരിക്കുകയാണ്. എല്ലാവരേയും വ്യക്തിഹത്യ നടത്തുക, അത് സ്വന്തം പാര്‍ട്ടിയില്‍പ്പെട്ടവരാണെങ്കിലും ശരി.
ഉമാ തോമസ് എം.എല്‍.എയോട് രാഷ്ട്രീയപരമായി അഭിപ്രായ വ്യത്യാസം കാണും. പക്ഷേ ഞങ്ങളാരും ഇത്തരമൊരു ഭാഷയില്‍ അവരെ അക്ഷേപിച്ചിട്ടില്ലല്ലോ. എന്തെല്ലാം തരത്തിലുള്ള അധിക്ഷേപങ്ങളാണ് അവര്‍ക്കെതിരെ നടത്തുന്നത്.
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഈ അധിക്ഷേപങ്ങള്‍ക്കെല്ലാം മൗനാനുവാദം നല്‍കുകയല്ലേ ചെയ്യുന്നത്. അവരുടെ മൗനാനുവദത്തോടെയല്ലേ ഈ സൈബര്‍ ലിഞ്ചിങ് നടക്കുന്നത്,’ എം.ബി രാജേഷ് ചോദിച്ചു.
Content Highlight: MB rajesh About Rahul Mammkoottathil Susupension