| Saturday, 12th January 2019, 12:22 pm

ഈ സഖ്യം മോദിയുടെയും അമിത് ഷായുടെയും ഉറക്കം കെടുത്തും: യു.പിയില്‍ മഹാസഖ്യം പ്രഖ്യാപിച്ച് മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: യു.പിയില്‍ സമാജ്‌വാദി പാര്‍ട്ടിയുടെയും ബി.എസ്.പിയുടെയും മഹാസഖ്യം പ്രഖ്യാപിച്ച് മായാവതി. ഈ സഖ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടേയും ഉറക്കം കെടുത്തുമെന്ന് മായാവതി പറഞ്ഞു.

“1993ല്‍ അന്നത്തെ ബി.എസ്.പി അധ്യക്ഷന്‍ കാന്‍ഷി റാമും മുലായാം സിങ് യാദവും യു.പി തെരഞ്ഞെടുപ്പിനെ ഒരുമിച്ചു നേരിടുകയും വിജയിക്കുകയും ചെയ്തു. ഡോ. ബി.ആര്‍ അംബേദ്കറുടെ കാലടികള്‍ പിന്തുടര്‍ന്ന് അന്നത്തെ ഫലം ഇത്തവണ കൊണ്ടുവരാനാണ് ബി.എസ്.പി തീരുമാനിച്ചിരിക്കുന്നത്.” എന്നുപറഞ്ഞാണ് മായാവതി വാര്‍ത്താസമ്മേളനം തുടങ്ങിയത്.

37 വീതം സീറ്റുകളില്‍ എസ്.പിയും ബി.എസ്.പിയും മത്സരിക്കുമെന്നതാണ് നിലവിലെ തീരുമാനം. ഈ മാസം ആദ്യം നടന്ന ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികളും സീറ്റ് സംബന്ധിച്ച ധാരണയില്‍ എത്തിയിരുന്നു.

ഒഴിച്ചിട്ടിരിക്കുന്ന ആറ് സീറ്റില്‍ സഖ്യത്തിന് ഒപ്പം ചേരാനിടയുള്ള നിഷാദ് പാര്‍ട്ടിയും ആര്‍.എല്‍.ഡിയും മത്സരിച്ചേക്കും. എന്നാല്‍ സഖ്യം സംബന്ധിച്ച് കോണ്‍ഗ്രസ് ഇനിയും തീരുമാനം എടുത്തിട്ടില്ല.

ഗോരഖ്പുര്‍ അടക്കം കഴിഞ്ഞ വര്‍ഷം നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുക്കാന്‍ മഹാസഖ്യത്തിന് കഴിഞ്ഞിരുന്നു. ഇതോടെയാണ് സഖ്യ ചര്‍ച്ചകള്‍ സജീവമായത്. സഖ്യം സാധ്യമായാല്‍ വര്‍ഷങ്ങളായുള്ള ഇരുപാര്‍ട്ടികളുടെയും ശത്രുതക്കാണ് അന്ത്യമാകുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more