| Tuesday, 28th July 2020, 12:18 pm

'കാത്തിരിക്കുകയായിരുന്നു, ഗെലോട്ടിനെ ഞാനൊരു പാഠം പഠിപ്പിക്കും'; രാജസ്ഥാന്‍ പ്രതിസന്ധിയില്‍ ചൂണ്ടയിട്ട് മായാവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരവെ, മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ അങ്കം കുറിച്ച് ബി.എസ്.പി നേതാവ് മായാവതി. ഗെലോട്ടിനെ ഒരു പാഠം പഠിപ്പിക്കും. ആറ് ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ സുപ്രീം
കോടതിയെ സമീപിക്കുമെന്നും മായാവതി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിനൊടുവില്‍ 200 അംഗ രാജസ്ഥാന്‍ നിയമ സഭയില്‍ കേവല ഭൂരിപക്ഷമായ 101 ഉറപ്പിക്കാന്‍ ഗെലോട്ടിന് കഴിഞ്ഞത് സെപ്തംബറില്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന ബി.എസ്.പി എം.എല്‍.എമാരുടെ പിന്തുണയോടെയായിരുന്നു.

വിഷയമുന്നയിച്ച് കോടതിയെ സമീപിക്കാനാണ് ബി.എസ്.പിയുടെ തീരുമാനം.

‘ഇക്കാര്യത്തില്‍ ബി.എസ്.പിക്ക് നേരത്തെതന്നെ കോടതിയില്‍ പോകാമായിരുന്നു. എന്നാല്‍ അന്നത് ചെയ്തില്ല. കോണ്‍ഗ്രസിനെയും മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും ഒരു പാഠം പഠിപ്പിക്കാന്‍ പറ്റിയ സമയത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. കോടതിയെ സമീപിക്കാനാണ് ഇപ്പോള്‍ ഞങ്ങളുടെ തീരുമാനം. ഇക്കാര്യം ഞങ്ങള്‍ വെറുതെ വിടില്ല. ഞങ്ങള്‍ സുപ്രീംകോടതിയില്‍ പോലും പോവും’, മായാവതി പറഞ്ഞു.

ബി.എസ്.പി എം.എല്‍.എമാരെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചത് ചോദ്യം ചെയ്ത് ബി.ജെ.പി നേതാവ് മദന്‍ ദിലാവര്‍ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഇക്കാര്യത്തില്‍ പുതിയ ഹരജി സമര്‍പ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more