| Saturday, 4th May 2019, 12:48 pm

മായാവതി എന്നെ ഗുണ്ടയെന്ന് വിളിച്ചു;എന്നാല്‍ യു.പിയിലെ ഗുണ്ടിയാണ് അവര്‍: കടന്നാക്രമിച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: തന്നെ ഗുണ്ടയെന്ന് വിശേഷിപ്പിച്ച ബി.എസ്.പി അധ്യക്ഷ മായാവതിയെ കടന്നാക്രമിച്ച് കേസരിഗഞ്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ബ്രിജ് ഭൂഷണ്‍ സരണ്‍ സിങ്.

തന്നെ ഗുണ്ട എന്നാണ് മായാവതി വിശേഷിപ്പിച്ചിരിക്കുന്നതെന്നും എന്നാല്‍ യു.പിയിലെ ഗുണ്ടിയാണ് മായാവതിയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

തെരഞ്ഞെടുപ്പിന് ശേഷം തന്നെ ജയിലിലയക്കുമെന്നാണ് മായാവതി പറഞ്ഞിരിക്കുന്നതെന്നും എന്നാല്‍ അഴിക്കുള്ളിലാകാന്‍ പോകുന്നത് മായാവതി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

” ഗോണ്ടയില്‍ നടന്ന ഒരു റാലിക്കിടെ മായാവതി ജി എന്നെ ഗുണ്ടയെന്ന് വിശേഷിപ്പിച്ചു. എന്നാല്‍ ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഉത്തര്‍പ്രദേശിലെ ഗുണ്ടിയാണ് അവര്‍. തെരഞ്ഞെടുപ്പിന് ശേഷം എന്നെ ജയിലിലാക്കുമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം യഥാര്‍ത്ഥത്തില്‍ ജയിലില്‍ പോകാന്‍ പോകുന്നത് അവര്‍ തന്നെയാണ്- സിങ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഗോണ്ടയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയ ബ്രിജ് ഭൂഷണ്‍ ഗുണ്ടയും തീവ്രവാദിയും മാഫിയാ തലവനുമാണെന്ന് മായാവതി വിശേഷിപ്പിച്ചത്. ഈ ഗുണ്ടകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്ക് അറിയാമെന്നും തെരഞ്ഞെടുപ്പിന് ശേഷം ഈ ‘ഗുണ്ടാഗിരി’കളെ തൂക്കി ജയിലിലടക്കുമെന്നും മായാവതി പറഞ്ഞിരുന്നു.

റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കൂടിയായ സിങ് മണ്ഡലത്തിലെ സിറ്റിങ് എം.പിയാണ്. വിനയ് കുമാര്‍ പാണ്ഡെയാണ് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. മെയ് 6 നാണ് കേസര്‍ഗന്‍ജില്‍ തെരഞ്ഞെടുപ്പ് .

Latest Stories

We use cookies to give you the best possible experience. Learn more