| Sunday, 26th July 2026, 7:21 pm

വന്നു എറിഞ്ഞു കീഴടക്കി; ചരിത്രത്തിലേക്ക് പറന്ന് മായങ്ക് യാദവ്

സുദേവ് എ

ടി-20യില്‍ അപൂര്‍വ നേട്ടം കൈവരിച്ച് ഇന്ത്യന്‍ പേസര്‍ മായങ്ക് യാദവ്. സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 പരമ്പരയിലെ അവസാന മത്സരത്തിലാണ് മായങ്ക് ഈ നേട്ടം കൈവരിച്ചത്.

മത്സരത്തില്‍ സിംബാബ്‌വേ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് മായങ്ക് റെക്കോഡിട്ടത്. ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ പന്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ബൗളറായാണ് മായങ്ക് മാറിയത്. മൂന്നാം തവണയാണ് മായങ്ക് ഇത്തരത്തില്‍ വിക്കറ്റുകള്‍ നേടുന്നത്.

മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ബ്രെയാന്‍ ബെന്നറ്റിനെ പുറത്താക്കിയാണ് മായങ്ക് ഞെട്ടിച്ചത്. ആദ്യ പന്തില്‍ തന്നെ വൈഭവ് സൂര്യവംശിക്ക് ക്യാച്ച് നല്‍കിയാണ് ബ്രയാന്‍ മടങ്ങിയത്.

ഈ പരമ്പരയില്‍ ഇത് രണ്ടാം തവണയാണ് മായങ്ക് യാദവ് ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തുന്നത്. ആദ്യ മത്സരത്തിലും ബെന്നറ്റിനെ തന്നെയായിരുന്നു മായങ്ക് പുറത്താക്കിയത്. 2024ല്‍ ബംഗ്ലാദേശിനെതിരെയായിരുന്നു മായങ്ക് ആദ്യ പന്തില്‍ ആദ്യത്തെ വിക്കറ്റ് വീഴ്ത്തിയത്.

ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ മാത്രമാണ് ഇത്രയധികം വിക്കറ്റുകള്‍ ആദ്യ പന്തില്‍ നേടിയിട്ടുള്ളത്. ഭുവനേശ്വര്‍ കുമാര്‍ 86 ഇന്നിങ്സുകളില്‍ നിന്നും മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ മായങ്ക് വെറും ആറ് ഇന്നിങ്സുകളില്‍ നിന്നുമാണ് ഈ നേട്ടം കൈപ്പിടിയിലാക്കിയതെന്നും ശ്രദ്ധേയമാണ്.

അതേസമയം ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്.

അര്‍ധ സെഞ്ച്വറി നേടിയ യുവതാരം വൈഭവ് സൂര്യവംശിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടല്‍ നേടിയത്. 49 പന്തില്‍ എട്ട് ഫോറുകളും നാല് സിക്സുകളും അടക്കം 81 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്.

ഇഷാന്‍ കിഷന്‍ 29 റണ്‍സും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 27 റണ്‍സും റിങ്കു സിങ് 25 റണ്‍സും നേടി ടീമിന് മികച്ച ടോട്ടല്‍ നല്‍കുന്നതില്‍ നിര്‍ണായകമായി.

സിംബാബ്‌വേയുടെ ബൗളിങ്ങില്‍ ബ്രാഡ് ഇവാന്‍സ് രണ്ട് വിക്കറ്റും വെസ്ലി മധേവെരെ, ബ്ലെസ്സിങ് മുസറബാനി, ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Content Highlight: Mayank Yadav create a historical record in T20 cricket for India

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more