| Saturday, 21st November 2026, 10:43 pm

ഭൗമ വെറും സാമ്പിള്‍... കറുത്തച്ചനൂട്ടടക്കം പ്രേക്ഷകരെ ഞെട്ടിക്കാന്‍ മായന്‍; ട്രെയ്‌ലറിന് മികച്ച വരവേല്പ്

അമര്‍നാഥ് എം.

ഡാര്‍ക്ക് തീമുകളില്‍ കഥപറയുന്ന ചിത്രങ്ങള്‍ക്ക് സിനിമാപ്രേമികള്‍ക്കിടയില്‍ നല്ല റീച്ചാണ് പലപ്പോഴും ലഭിക്കുന്നത്. അടുത്തിടെ തിയേറ്ററുകളിലെത്തിയ ഭൗമ അത്തരത്തില്‍ പ്രേക്ഷകരെ ഞെട്ടിച്ച ചിത്രമാണ്. കാനിബാലിസം, ഡാര്‍ക്ക് മാജിക് തുടങ്ങിയ തീമുകളെക്കുറിച്ച് സംസാരിച്ച ചിത്രം പലരെയും അത്ഭുതപ്പെടുത്തി.

എന്നാല്‍ ഭൗമ വെറും സാമ്പിളാണെന്ന് തെളിയിക്കുന്ന ചിത്രമാണ് മായന്‍. കളങ്കാവലിന് ശേഷം ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറി. ജയസൂര്യ നായകനാകുന്ന ചിത്രം റിലീസിന് തയാറെടുക്കുകയാണ്. ഇപ്പോഴിതാ മായന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

മായന്‍ Photo: Theatrical poster

കറുത്തച്ചനൂട്ട്, നരബലി തുടങ്ങിയ വിഷയങ്ങളെ ചുറ്റിപ്പറ്റിയാണ് മായന്റെ കഥ വികസിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ മിസ്സിങ് കേസ് അന്വേഷിക്കുന്ന പൊലീസ് ഓഫീസര്‍ക്ക് പിന്നീട് നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് മായന്റെ കഥ. പല ഫ്രെയിമുകളിലും ഡാര്‍ക്ക് മൂഡ് നിലനിര്‍ത്തുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്.

വ്യത്യസ്തമായ സിനിമകളെ സ്വീകരിക്കുന്ന മലയാളി പ്രേക്ഷകര്‍ മായനെ കൈവിടില്ലെന്നാണ് സിനിമാപേജുകളിലെ ചര്‍ച്ച. കളങ്കാവലിന് ശേഷം മറ്റൊരു ഡാര്‍ക്ക് സബ്ജക്ടുമായി ജിതിന്‍ കെ. ജോസ് എത്തുന്നത് വെറുതെയാകില്ലെന്നും പലരും അഭിപ്രായപ്പെടുന്നു. ആദം ജോണില്‍ ഒരൊറ്റ സീനില്‍ മാത്രം പ്രതിപാദിച്ച കറുത്തച്ചനൂട്ടിനെ മായനില്‍ എങ്ങനെ ചിത്രീകരിക്കുമെന്നുമാണ് പലരും ഉറ്റുനോക്കുന്നത്.

മായന്‍ Photo: Into the cinema/ Facebook

ക്യാമറക്ക് മുന്നിലും പിന്നിലുമായി ഗംഭീര ടീമാണ് മായനുള്ളത്. മുജീബ് മജീദ് സംഗീതസംവിധാനം നിര്‍വഹിക്കുമ്പോള്‍ കളങ്കാവലിന്റെ ക്യാമറ കൈകാര്യം ചെയ്ത ഫൈസല്‍ അലിയും എഡിറ്റിങ് നിര്‍വഹിച്ച പ്രവീണ്‍ പ്രഭാകറും തന്നെയാണ് ഈ സിനിമയിലും ഛായാഗ്രഹകണവും എഡിറ്റിങ്ങും. റാഫിയും ജിതിന്‍ കെ. ജോസുമാണ് മായന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നൈല ഉഷ, ആര്‍ഷ ബൈജു, ഐശ്വര്യ രാജ്, വിജയ് ബാബു, ജെയിംസ് ഏലിയ, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അണിയറപ്രവര്‍ത്തകര്‍ സര്‍പ്രൈസായി വെച്ചിരിക്കുന്ന പല എലമെന്റുകളും ചിത്രത്തിലുണ്ടെന്നും ട്രെയ്‌ലര്‍ സൂചന നല്‍കുന്നു. ഡിസംബര്‍ മൂന്നിന് മായന്‍ തിയേറ്ററുകളിലെത്തും.

Content Highlight: Mayan movie trailer out now

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more