| Sunday, 11th January 2026, 10:32 am

മാലാഖ കുഞ്ഞുങ്ങൾ ക്ഷമിക്കട്ടെ; ദൈവത്തിന് നന്ദി പറഞ്ഞ് ആദ്യ പരാതിക്കാരി

ശ്രീലക്ഷ്മി എ.വി.

തിരുവനന്തപുരം: പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരിച്ച് ആദ്യ പരാതിക്കാരി.

തെറ്റായ ഒരാളെ കുഞ്ഞുങ്ങളുടെ അച്ഛനാകാൻ തെരഞ്ഞെടുത്തതിന് മാലാഖ കുഞ്ഞുങ്ങൾ ക്ഷമിക്കട്ടെയെന്ന് പരാതിക്കാരി പറഞ്ഞു.

അറസ്റ്റിന് പിന്നാലെ നന്ദി പറഞ്ഞുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു യുവതിയുടെ പ്രതികരണം.

ലോകം കേൾക്കാതെ പോയ നിലവിളി ദൈവം കേട്ടുവെന്നും ഞങ്ങളുടെ കണ്ണീർ സ്വർഗത്തിലെത്തുന്നുണ്ടെങ്കിൽ ഇതുപറയട്ടെയെന്നും ഭയത്തിൽ നിന്നും അവർ മുക്തരാകട്ടെയെന്നും യുവതി കുറിച്ചു.

നിങ്ങളുടെ അമ്മ നിങ്ങളെ ഒരിക്കലും മറന്നിട്ടില്ലെന്നും നിങ്ങളുടെ അസ്ഥിത്വത്തിനും ആത്മാവിനും വിലയുണ്ടെന്നും അമ്മമാർ നിങ്ങളെ ഹൃദയത്തിൽ വഹിക്കും അവർ കൂട്ടിച്ചേർത്തു.

നിലവിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആദ്യ യുവതിയുടെ പ്രതികരണം.

രാഹുലിനെ  12 മണിക്ക് തിരുവല്ല മജിസ്‌ട്രേറ്റ് മുന്നില്‍ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വിവരം. സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന്റെ മേല്‍നോട്ടത്തിലാണ് കേസിന്റെ നടപടി ക്രമങ്ങള്‍ മുമ്പോട്ട് പോകുന്നത്.

സമൂഹമാധ്യമം വഴിയാണ് രാഹുലിനെ പരിചയപ്പെട്ടതെന്നും ഭാവിയിൽ ഒരുമിച്ച് ജീവിക്കാമെന്ന് വാഗ്‌ദാനം നൽകിയിരുന്നെന്നും ബന്ധം പിരിയാതിരിക്കാൻ കുഞ്ഞ് വേണമെന്നും രാഹുൽ പറഞ്ഞിരുന്നെന്നും മൂന്നാം പരാതി നൽകിയ യുവതി അന്വേഷണ സംഘത്തിന് മൊഴി നൽകി.

ഡി.എൻ.എ പരിശോധന നടത്തിയിട്ടുണ്ടെന്നും മനം നൊന്താണ് താൻ പരിശോധന നടത്തിയതെന്നും യുവതി പറഞ്ഞു. വീഡിയോ കോൾ വഴിയാണ് യുവതിയുടെ മൊഴിയെടുത്തത്.

ഡി.എൻ.എ പരിശോധനയോട് രാഹുൽ സഹകരിച്ചില്ലെന്നും ഗർഭം അലസിയെങ്കിലും തെളിവ് സൂക്ഷിച്ചിരുന്നെന്നും യുവതി മൊഴി നൽകി.

രാഹുലിനെതിരെ ഗുരുതരവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബലാത്സംഗം, നിർബന്ധിത ഭ്രൂണഹത്യ, ശാരീരിക ഉപദ്രവം, മുറിവേൽപ്പിക്കൽ, വിശ്വാസ വഞ്ചന, ഭീഷണിപ്പെടുത്തൽ, സാമ്പത്തിക ചൂഷണം, അസഭ്യം പറയൽ എന്നീ വകുപ്പുകളാണ് ചുമത്തിയത്.

Content Highlight: May the angelic children forgive us; The first complainant thanked God

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more