| Friday, 31st January 2020, 3:18 pm

വേണ്ടിവന്നാല്‍ ദല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലെത്തുന്ന കാര്യം പരിഗണിക്കുമെന്ന് കോണ്‍ഗ്രസ്; 'ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തലാണ് ലക്ഷ്യം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന് വേണ്ടി വന്നാല്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യത്തിലെത്തുന്ന കാര്യം പരിഗണിക്കുമെന്ന് കോണ്‍ഗ്രസ്. ദല്‍ഹി സംസ്ഥാനത്തിന്റെ ചുമതല നിര്‍വഹിക്കുന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോയാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യസാധ്യതയെ കുറിച്ച് പ്രതികരിച്ചത്.

സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒറ്റക്ക് അധികാരത്തില്‍ വരുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. മറിച്ചാണ് ഫലമെങ്കില്‍ ആംആദ്മിയുമായുള്ള സഖ്യം പരിഗണിക്കും. ബി.ജെ.പിയെ ഏത് വിധേനയും അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയെന്നാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും പി.സി ചാക്കോ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ തവണ മൂന്നു സീറ്റുകള്‍ മാത്രം വിജയിച്ച ബി.ജെ.പിക്ക് 15 മുതല്‍ 20 സീറ്റ് വരെ പല സര്‍വ്വേകളും പ്രവചിക്കുന്നു. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യത പരിഗണിക്കുമെന്നും പി.സി ചാക്കോ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നഷ്ടപ്പെട്ട ഇടം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ദല്‍ഹി കോണ്‍ഗ്രസ്. പല തരത്തിലുള്ള വഴികളാണ് നിയമസഭ തെരഞ്ഞെടുപ്പ് രംഗത്ത് കോണ്‍ഗ്രസ് പരീക്ഷിക്കുന്നത്. അതിലൊരു വഴിയാണ് ഗുജറാത്തില്‍ നിന്നുള്ള നേതാക്കളെ പ്രചരണത്തിനിറക്കുക എന്നത്.

ഗുജറാത്ത് മോഡല്‍ എന്ന ബി.ജെ.പി വാഗ്ദാനത്തെ പൊളിക്കുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസ് ഗുജറാത്ത് നേതാക്കളെ പ്രചരണത്തിനെത്തിക്കുന്നത്. 30ലധികം നേതാക്കളാണ് ഗുജറാത്തില്‍ നിന്ന് ദല്‍ഹിയിലെത്തുക.

ഗുജറാത്ത് മോഡല്‍ എന്ന് ബി.ജെ.പി ആഘോഷിക്കുന്ന മോഡല്‍ യഥാര്‍ത്ഥത്തിലുള്ളതല്ല എന്ന കോണ്‍ഗ്രസ് വാദത്തെ അവതരിപ്പിക്കലാണ് ഈ നേതാക്കളുടെ ഉത്തരവാദിത്വം. ഗുജറാത്തില്‍ നിന്നുള്ളവര്‍ കൂടുതലായുള്ള മണ്ഡലങ്ങളിലാണ് ഇവര്‍ പ്രചരണം നടത്തുക.

ജാര്‍ഖണ്ഡിലും ഹരിയാനയിലും നടപ്പാക്കിയത് പോലെ സംസ്ഥാനത്തെ മാത്രം കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് പ്രചരണം. ബി.ജെ.പി ദേശീയ വിഷയങ്ങളെ പ്രചരണത്തിലേക്ക് കൊണ്ട് വരുമ്പോള്‍ അതിനോട് പ്രതികരിക്കാതെ പ്രാദേശിക വിഷയങ്ങളിലാണ് കോണ്‍ഗ്രസ് ഊന്നുന്നത്. അതേ പോലെ മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിന്റെ നേട്ടങ്ങളിലും.

Latest Stories

We use cookies to give you the best possible experience. Learn more