| Sunday, 30th April 2017, 8:03 am

മാവേലിക്കര ഹോട്ടല്‍മുറിയില്‍ യോഗം ചേര്‍ന്ന കേസ്: അഞ്ച് പ്രതികള്‍ക്ക് മൂന്നുവര്‍ഷം കഠിന തടവും പിഴയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മാവേലിക്കരയില്‍ റവല്യൂഷമറി ഡെമോക്രാറ്റിക് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഹോട്ടല്‍മുറിയില്‍ യോഗം ചേര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ അഞ്ച് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. ഏറണാകുളം എന്‍.ഐ.എ പ്രത്യേക കോടതിയുടേതാണ് വിധി.

മാവേലിക്കര കുറത്തിക്കാട് കരുവേലില്‍ രാജേഷ് മാധവന്‍(39), തമിഴ്നാട് ചെല്ലയ്യൂര്‍ സ്വദേശി ഗോപാല്‍(57), കൊല്ലം മയ്യനാട് ദവളക്കുഴി കൈപ്പുഴവിള വീട്ടില്‍ ദേവരാജന്‍(57), തിരുവനന്തപുരം ചിറയിന്‍കീഴ് തോട്ടശേരിയില്‍ വീട്ടില്‍ ബാഹുലേയന്‍(55), മൂവാറ്റുപുഴ ഐരപ്പുറം മന്നാടി കീഴില്ലം കുരിയന്നൂര്‍ വീട്ടില്‍ അജയകുമാര്‍(54) എന്നിവര്‍ക്കാണ് തടവുശിക്ഷ വിധിച്ചത്.

മൂന്ന് വര്‍ഷം കഠിന തടവ് കൂടാതെ അയ്യായിരം രൂപ പിഴയും ഈടാക്കണമെന്നാണ് വിധി. പിഴ ഈടാക്കാത്ത സാഹചര്യത്തില്‍ അഞ്ച് മാസം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരും.

എന്‍.ഐ.എ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ മാവോയിസ്റ്റ് കേസാണിത്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.


Also Read: സി.പി.ഐ.എം ഓഫീസിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച പാര്‍സലും ഭീഷണിക്കത്തും: ഇന്ത്യന്‍ മണ്ണില്‍ നിന്നും തീര്‍ത്തുകളയുമെന്ന് ഭീഷണി


2012 ഡിസംബര്‍ 29ന് മാവേലിക്കരയിലെ ചെറുമടം ലോഡ്ജില്‍ സി.പി.ഐ(മാവോയിസ്റ്റ്) പാര്‍ട്ടിയുടെ പോഷകസംഘടനയായ റവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് പ്രവര്‍ത്തകര്‍ രഹസ്യ യോഗം ചേര്‍ന്നതാണ് മാവേലിക്കര മാവോയിസ്റ്റ് കേസ്. ആര്‍.ഡി.എഫിന്റെ വിദ്യാര്‍ഥി വിഭാഗം രൂപീകരിക്കുകയെന്ന ലക്ഷ്യമിട്ടായിരുന്നു യോഗം ചേര്‍ന്നതെന്നാണ് പൊലീസ് ആരോപിക്കുന്നത്. യോഗത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരും പങ്കെടുത്തിരുന്നു.

ഇതുസംബന്ധിച്ചു രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് മാവേലിക്കര പോലീസ് സ്ഥലത്തെത്തി ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു.

യു.എ.പി.എ നിയമപ്രകാരം രാജ്യദ്രോഹം, ഗൂഢാലോചന, നിയമവിരുദ്ധ പ്രവര്‍ത്തനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷവിധിച്ചത്. 2013 മെയ് 16നാണ് എന്‍.ഐ.എ കേസിന്റെ അന്വേഷണം ഏറ്റെടുത്തത്.

We use cookies to give you the best possible experience. Learn more