| Monday, 4th August 2025, 6:52 pm

മാവേലിക്കരയില്‍ പാലം തകര്‍ന്നുണ്ടായ അപകടം; രണ്ട് തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: മാവേലിക്കരയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. അച്ചന്‍കോവിലാറില്‍ നിന്ന് തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഹരിപ്പാട് സ്വദേശിയായ ബിനു, തൃക്കുന്നപ്പുഴ സ്വദേശി രാഘവ് എന്നിവരാണ് മരിച്ചത്.

ഇന്ന് (തിങ്കള്‍) ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. ചെന്നിത്തല പഞ്ചായത്തിനെയും ചെട്ടികുളങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. അപകടത്തെ തുടര്‍ന്ന് ഏഴ് പേരാണ് വെള്ളത്തില്‍ വീണത്. അതില്‍ ഒരാളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. മറ്റുള്ളവര്‍ കരയിലേക്ക് നീന്തിക്കയറുകയായിരുന്നു.

ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മന്ത്രി സജി ചെറിയാനും അപകട സ്ഥലത്തെത്തിയിരുന്നു. ഏകദേശം മൂന്ന് വര്‍ഷത്തോളമായി നിര്‍മാണത്തിലിരിക്കുന്ന പാലമാണ് തകര്‍ന്ന് വീണത്. പാലത്തിന്റെ നടുഭാഗത്തുള്ള ബീമുകളില്‍ ഒന്ന് തകര്‍ന്നു വീഴുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പാലത്തിന്റെ അശാസ്ത്രീയ നിര്‍മാണത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ചേര്‍ന്ന് നേരത്തെ തന്നെ പരാതി നല്‍കിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

അടുത്തിടെ വെള്ളത്തിലൂടെ ഒഴുകിവന്ന മരത്തടി പാലത്തില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഒരു തൂണിന്റെ ചില ഭാഗങ്ങളില്‍ വിള്ളല്‍ വീണിരുന്നു. അത് പരിഹരിക്കാതെയാണ് ഇന്നുള്‍പ്പെടെ പാലത്തില്‍ കോണ്‍ക്രീറ്റ് പ്രവര്‍ത്തനങ്ങള്‍ നടന്നതെന്നും നാട്ടുകാര്‍ പറയുന്നു.

അറ്റകുറ്റപ്പണി നടത്താതെ കോണ്‍ക്രീറ്റ് പണികള്‍ നടത്തിയതാണ് ബീമുകള്‍ തകരാന്‍ കാരണമായതെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. വലിയത്ത് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പാലത്തിന്റെ നിര്‍മാണം ഏറ്റെടുത്തിട്ടുള്ളത്. നിലവിലെ വിവരമനുസരിച്ച് പാലം തകര്‍ന്നുവീണ സംഭവം പൊതുമരാമത്ത് വിജിലന്‍സ് അന്വേഷിക്കും.

Content Highlight: Bridge collapse accident in Mavelikkara; Bodies of two workers found

We use cookies to give you the best possible experience. Learn more