ന്യൂദൽഹി: തിഹാർ ജയിലിൽ തന്നെ തടവിലാക്കിയത് ഉക്രെയ്നെതിരായ റഷ്യൻ യുദ്ധത്തിന്റെ ഭാഗമായിട്ടാണെന്നും, ജയിൽവാസത്തിനിടയിൽ നേരിട്ട പീഡനങ്ങളുടെയും അറസ്റ്റിന്റെയും ഞെട്ടിക്കുന്ന വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും മുൻ യു.എസ് സൈനിക കരാറുകാരൻ മാത്യു ആരോൺ വാൻഡൈക്.
വരും മാസങ്ങളിൽ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും മാധ്യമ അഭിമുഖങ്ങളിലൂടെയും വിവരങ്ങൾ പരസ്യപ്പെടുത്തുമെന്നാണ് വാൻഡൈക്കിന്റെ മുന്നറിയിപ്പ്. എന്നാൽ കേസ് കോടതിയുടെ പരിഗണനയിലാണെന്നും വിധി കാത്തിരിക്കുകയാണെന്നും വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയം ഈ ആരോപണങ്ങളോട് ഔദ്യോഗികമായി പ്രതികരിക്കാൻ വിസമ്മതിച്ചു.
മ്യാൻമറിലെ വംശീയ സായുധ സംഘടനകൾക്ക് അതിർത്തി കടന്ന് ഡ്രോൺ യുദ്ധമുറകളിലും ജാമിങ് സാങ്കേതികവിദ്യയിലും പരിശീലനം നൽകിയെന്ന കേസിൽ ആറ് ഉക്രൈൻ പൗരന്മാർക്കൊപ്പമാണ് വാൻഡൈക്കിനെ കഴിഞ്ഞ മാർച്ചിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) വിവിധ വിമാനത്താവളങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തത്. ടൂറിസ്റ്റ് വിസയിലെത്തി മുൻകൂർ അനുമതിയില്ലാതെ വടക്കുകിഴക്കൻ അതിർത്തി മേഖലകളിലേക്ക് കടന്നതാണ് ഇവർക്കെതിരെയുള്ള പ്രാഥമിക കുറ്റം.
ജയിലിൽ കഴിയവെ തനിക്ക് ക്രൂരമായ ശാരീരിക പീഡനങ്ങൾ ഏൽക്കേണ്ടി വന്നതായി കാണിച്ച് വാൻഡൈക് നേരത്തെ യു.എസ് എംബസിക്ക് കൈയെഴുത്ത് സത്യവാങ്മൂലം നൽകിയിരുന്നു. ലാത്തികൊണ്ട് നെഞ്ചിൽ ഇടിക്കുകയും മർദ്ദിക്കുകയും ചെയ്തെന്നും 24 മണിക്കൂറോളം ആവശ്യമായ ചികിത്സ നിഷേധിച്ചെന്നും അദ്ദേഹം ആരോപിക്കുന്നു.
തുടക്കത്തിൽ കർശനമായ യു.എ.പി.എ നിയമപ്രകാരം കേസെടുത്തെങ്കിലും, സെപ്റ്റംബറിൽ എൻ.ഐ.എ സമർപ്പിച്ച കുറ്റപത്രത്തിൽ നിന്ന് ഭീകരവാദക്കുറ്റങ്ങൾ ഒഴിവാക്കി ഇമിഗ്രേഷൻ, ഫോറിനേഴ്സ് ആക്ട് വകുപ്പുകൾ മാത്രമാണ് ചുമത്തിയത്. ഭീകരവിരുദ്ധ അന്വേഷണം പൂർത്തിയാക്കാതെ കുറ്റപത്രം നൽകിയ പശ്ചാത്തലത്തിൽ പ്രതികൾക്ക് കോടതി ഡിഫോൾട്ട് ജാമ്യം അനുവദിക്കുകയായിരുന്നു.
കൂലിപ്പട്ടാള പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന പ്രതികൾക്കെതിരായ കുറ്റങ്ങൾ ലഘൂകരിച്ചതിലും, ഇവർ രാജ്യം വിട്ടുപോകുന്നതിൽ എൻ.ഐ.എ എതിർപ്പ് പ്രകടിപ്പിക്കാതിരുന്നതിലും പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടെയുള്ള ഉന്നതതല ഇടപെടലുകൾക്ക് ഒടുവിൽ ജാമ്യം ലഭിച്ച വാൻഡൈക് യു.എസിലേക്ക് മടങ്ങി. തനിക്ക് ഇന്ത്യാവിരുദ്ധ അജണ്ടകളൊന്നുമില്ലെന്നും രേഖകളില്ലാതെ അതിർത്തി കടന്നത് തെറ്റാണെന്നും പറഞ്ഞ അദ്ദേഹം കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
വിചാരണയ്ക്കായി 2027 ഫെബ്രുവരിയിൽ ഇന്ത്യയിലെത്താൻ തയ്യാറാണെന്ന് അറിയിച്ചതിനെ തുടർന്ന്, അടുത്ത വാദം കേൾക്കൽ വരെ ഇന്ത്യയ്ക്ക് പുറത്തുനിൽക്കാൻ ദില്ലി റൗസ് അവന്യൂ കോടതി ഇവർക്ക് അനുമതി നൽകിയിട്ടുണ്ട്. എൻ.ഐ.എ, തിഹാർ ജയിൽ അധികൃതർ, യു.എസ് എംബസി എന്നിവർ വിഷയത്തിൽ ഇതുവരെ ഔദ്യോഗിക മറുപടി നൽകിയിട്ടില്ല.
Content Highlight:Imprisoned due to Russian pressure; Matthew VanDyke vows to reveal the torture endured during his incarceration — Centre remains silent.