| Saturday, 24th May 2025, 11:25 am

സെഞ്ച്വറിയേക്കാള്‍ വലിയ അര്‍ധ സെഞ്ച്വറി; ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ വില്ലിക്കൊപ്പം വിന്‍ഡീസ് കരുത്തന്‍!

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസും അയര്‍ലാന്‍ഡും തമ്മിലുള്ള രണ്ടാം ഏകദിന മത്സരം കഴിഞ്ഞ ദിവസം (വെള്ളി) നടന്നിരുന്നു. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

ക്ലോണ്ടാഫ് ക്രിക്കറ്റ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി അയര്‍ലാന്‍ഡ് വിന്‍ഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സാണ് കരീബിയന്‍ പട അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

വിന്‍ഡീസിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് കീസി കാര്‍ട്ടിയും എട്ടാമതായി ഇറങ്ങിയ ബൗളര്‍ മാത്യു ഫോര്‍ഡുമാണ്. കീസി 109 പന്തില്‍ നിന്ന് 102 റണ്‍സ് നേടി സെഞ്ച്വറി നേടിയപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് 19 പന്തില്‍ 58 റണ്‍സ് നേടി പുറത്തായ ഫോര്‍ഡാണ്. എട്ട് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ യാണ് താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ്. മാത്രമല്ല നേരിട്ട 16ാം പന്തിലാണ് മാത്യു അര്‍ധ സെഞ്ച്വറി നേടിയത്.

ഇതോടെ ഒരു വെടിക്കെട്ട് റെക്കോഡിലും താരം തന്റെ പേര് രേഖപ്പെടുത്തിയിരിക്കുകയാണ്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി നേടിയ താരമാകാനാണ് മാത്യു ഫോര്‍ഡിന് സാധിച്ചത്. ഈ നേട്ടത്തില്‍ സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം എ.ബി. ഡിവില്ലിയേഴ്‌സിനൊപ്പമെത്താനും മാത്യുവിന് സാധിച്ചു. ഇരുവരും 16 ബോളിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.

അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചതോടെ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ഏറ്റവും വേഗതയില്‍ ഫിഫ്റ്റി നേടിയ ക്രിസ് ഗെയ്‌ലിനെ മറികടക്കാനും മാത്യുവിന് സാധിച്ചു. 2019ല്‍ ഇംഗ്ലണ്ടിനെതിരെ 19 പന്തിലാണ് ഗെയ്ല്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി നേടുന്ന താരം, നേരിട്ട പന്ത് എന്ന ക്രമത്തില്‍

എ.ബി. ഡിവില്ലിയേഴ്‌സ് (സൗത്ത് ആഫ്രിക്ക) – 16

മാത്യു ഫോര്‍ഡ് (വെസ്റ്റ് ഇന്‍ഡീസ്) – 16

സനത് ജയസൂര്യ (ശ്രീലങ്ക) – 17

കുശാല്‍ പരേര (ശ്രീലങ്ക) – 17

മാര്‍ട്ടിന്‍ ഗുപ്തില്‍ (ന്യൂസിലാന്‍ഡ്) – 17

ലിയാം ലിവിങ്‌സറ്റണ്‍ (ഓസ്‌ട്രേലിയ) – 17

സൈമണ്‍ ഡോണല്‍ – (ഓസ്‌ട്രേലിയ) – 18

ഷാഹിദ് അഫ്രീദി (പാകിസ്ഥാന്‍) – 18

അതേസമയം അര്‍ലാന്‍ഡിനെതിരായ വിന്‍ഡീസിന്റെ അടുത്ത മത്സരം നാളെയാണ് (ഞായര്‍) നടക്കുന്നത്.

Content Highlight: Matthew Ford scores fastest half-century in ODI cricket history

We use cookies to give you the best possible experience. Learn more