| Thursday, 4th September 2025, 10:35 pm

ഇതാദ്യം, അഞ്ച് മത്സരം, 92.60ല്‍ 463 റണ്‍സ്; ചരിത്രമെഴുതി ബ്രീറ്റ്‌സ്‌കി

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ 330 റണ്‍സിന്റെ മികച്ച ടോട്ടലുമായി സന്ദര്‍ശകര്‍. ലോര്‍ഡ്‌സില്‍ നടക്കുന്ന മത്സരത്തില്‍ മാത്യൂ ബ്രീറ്റ്‌സ്‌കി, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് പ്രോട്ടിയാസ് മികച്ച സ്‌കോറിലെത്തിയത്.

ബ്രീറ്റ്‌സ്‌കി 77 പന്തില്‍ 85 റണ്‍സടിച്ചപ്പോള്‍ സ്റ്റബ്‌സ് 62 പന്തില്‍ 58 റണ്‍സും അടിച്ചെടുത്തു. ഏയ്ഡന്‍ മര്‍ക്രം (64 പന്തില്‍ 49) ഡെവാള്‍ഡ് ബ്രെവിസ് (20 പന്തില്‍ 42), റിയാന്‍ റിക്കല്‍ടണ്‍ (33 പന്തില്‍ 35), കോര്‍ബിന്‍ ബോഷ് (29 പന്തില്‍ പുറത്താകാതെ 32) എന്നിവരുടെ പ്രകടനവും പ്രോട്ടിയാസ് ഇന്നിങ്‌സില്‍ നിര്‍ണായകമായി.

ഏകദിന കരിയറിലെ ആദ്യ അഞ്ച് മത്സരത്തിലും 50+ സ്‌കോര്‍ നേടി മാത്യൂ ബ്രീറ്റ്‌സ്‌കി ചരിത്രമെഴുതിയ മത്സരം കൂടിയായിരുന്നു ഇത്. അഞ്ച് മത്സരത്തില്‍ നിന്നും 463 റണ്‍സാണ് താരം അടിച്ചെടുത്തത്.

ഇതോടെ ഒരു റെക്കോഡും ബ്രീറ്റ്‌സ്‌കിയുടെ പേരില്‍ കുറിക്കപ്പെട്ടു. ആദ്യ അഞ്ച് ഇന്നിങ്‌സില്‍ നിന്നും ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് ബ്രീറ്റ്‌സ്‌കി സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ തെംബ ബാവുമയെ അടക്കം മറികടന്നാണ് താരം ഒന്നാമതെത്തിയത്.

ആദ്യ അഞ്ച് ഏകദിനത്തില്‍ 400+ റണ്‍സ് നേടുന്ന ആദ്യ പുരുഷ താരം കൂടിയാണ് ബ്രീറ്റ്‌സ്‌കി.

പുരുഷ ഏകദിനത്തില്‍ ആദ്യ അഞ്ച് മത്സരത്തില്‍ നിന്നും ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)

മാത്യൂ ബ്രീറ്റ്‌സ്‌കി – സൗത്ത് ആഫ്രിക്ക – 463

ടോം കൂപ്പര്‍ – നെതര്‍ലന്‍ഡ്‌സ് – 374

അലന്‍ ലാംബ് – ഇംഗ്ലണ്ട് – 328

സുനില്‍ ആംബ്രിസ് – വെസ്റ്റ് ഇന്‍ഡീസ് – 316

തെംബ ബാവുമ – സൗത്ത് ആഫ്രിക്ക – 309

അരങ്ങേറ്റ മത്സരത്തില്‍ തന്നെ 150 റണ്‍സുമായാണ് ബ്രീറ്റ്സ്‌കി വരവറിയിച്ചത്. ലാഹോറില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡായിരുന്നു എതിരാളികള്‍. പാകിസ്ഥാനെതിരെ കറാച്ചിയില്‍ നടന്ന മത്സരത്തില്‍ 84 പന്ത് നേരിട്ട താരം 83 റണ്‍സാണ് സ്വന്തമാക്കിയത്.

ഓസ്ട്രേലിയക്കെതിരെയായിരുന്നു താരത്തിന്റെ അടുത്ത രണ്ട് മത്സരങ്ങളും. ക്രെയ്ന്‍സില്‍ 56 പന്തില്‍ 57 റണ്‍സടിച്ച താരം ഗ്രേറ്റ് ബാരിയര്‍ റീഫില്‍ 78 പന്ത് നേരിട്ട് 88 റണ്‍സും അടിച്ചെടുത്തു. ഇപ്പോള്‍ ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സില്‍ 77 പന്ത് നേരിട്ട താരം 85 റണ്‍സും സ്വന്തമാക്കി.

മത്സരത്തില്‍ നിശ്ചിത ഓവറില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിനായി ജോഫ്രാ ആര്‍ച്ചര്‍ നാല് വിക്കറ്റ് വീഴ്ത്തി. ആദില്‍ റഷീദ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ജേകബ് ബേഥല്‍ ഒരു വിക്കറ്റും നേടി.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്ക മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ലോര്‍ഡ്‌സിലെ രണ്ടാം ഏകദിനത്തിലും വിജയിക്കാന്‍ സാധിച്ചാല്‍ പരമ്പര നേടാനും പ്രോട്ടിയാസിന് സാധിക്കും.

Content Highlight:  Matthew Breetzke set the record of most runs after five innings in men’s ODIs

We use cookies to give you the best possible experience. Learn more