| Thursday, 24th September 2026, 11:56 pm

14ല്‍ എട്ടിലും 50+! കങ്കാരുപ്പടയെ പൊളിച്ചടുക്കിയ സെഞ്ച്വറിയില്‍ ലോക റെക്കോഡ്; മാത്യൂ യൂ ബ്യൂട്ടി!

ശ്രീരാഗ് പാറക്കല്‍

ഓസ്‌ട്രേലിയക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കി സൗത്ത് ആഫ്രിക്ക. കിങ്‌സ്‌മേഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 67 റണ്‍സിനാണ് പ്രോട്ടിയാസ് പട വിജയിച്ചുകയറിയത്.

മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സാണ് സൗത്ത് ആഫ്രിക്ക നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 41.2 ഓവറില്‍ 230 റണ്‍സിന് കങ്കാരുപ്പട ഓള്‍ ഔട്ട് ആവുകയായിരുന്നു.

സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് മാത്യു ബ്രീറ്റ്‌സ്‌കെയാണ്. 106 പന്തില്‍ നിന്ന് 14 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 112 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്.

ഏകദിനത്തില്‍ ആദ്യ 14 ഇന്നിങ്‌സില്‍ നിന്ന് ഏറ്റവും കൂടുതല്‍ 50+റണ്‍സ് നേടുന്ന താരമാകാനാണ് മാത്യൂവിന് സാധിച്ചത്. ഈ സൂപ്പര്‍ നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ താരം നവ്‌ജ്യോത് സിങ് സിദ്ധുവിന്റെ റെക്കോഡിന് ഒപ്പം എത്താനും മാത്യൂവിന് സാധിച്ചിരിക്കുകയാണ്. എട്ട് തവണയാണ് ഇരുവരും തങ്ങളുടെ ആദ്യ 14 ഇന്നിങ്‌സുകളില്‍ നിന്ന് 50 + റണ്‍സ് നേടിയത്.

മത്സരത്തില്‍ താരത്തിന് പുറമേ മികച്ച പ്രകടനം നടത്തിയത് മാര്‍ക്കോ യാന്‍സനാണ്. 59 പന്തില്‍ നിന്ന് നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 75 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. ക്യാപ്റ്റന്‍ തെംബ ബാവുമ 32 റണ്‍സും നേടിയിരുന്നു.

ഓസീസിന് വേണ്ടി മൂന്നുവിക്കറ്റ് നേടി നഥാന്‍ എല്ലിസും രണ്ട് വിക്കറ്റ് നേടി ആദം സാംപയും മികവ് പുലര്‍ത്തി. ജോഷ് ഹേസല്‍വുഡ് ഒരു വിക്കറ്റും നേടിയിരുന്നു.

ഓസ്‌ട്രേലിയക്ക് വേണ്ടി 60 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷാണ് ഉയര്‍ന്ന സ്‌കോര്‍ നേടിയത്. മാറ്റ് റെന്‍ഷോ 44 റണ്‍സും കൂപ്പര്‍ കനോലി 38 റണ്‍സും നേടി.

പ്രോട്ടിയാസിന് വേണ്ടി സൂപ്പര്‍ താരം കേശവ് മഹാരാജ് നാല് വിക്കറ്റ് നേടി മിന്നും പ്രകടനം നടത്തി. കോര്‍ബിന്‍ ബോഷ്, ബിജോണ്‍ ഫോര്‍ട്ടിയിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം കിട്ടിയപ്പോള്‍ മാര്‍ക്കോ യാന്‍സന്‍, ജെറാള്‍ഡ് കോട്‌സി എന്നിവര്‍ ഓരോന്നും നേടി മികവ് പുലര്‍ത്തി.

Content Highlight: Matthew Breetzke Create Historical Record In ODI For South Africa

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more