| Wednesday, 31st December 2025, 8:50 am

മറ്റത്തൂര്‍: അനുനയ നീക്കം തുടര്‍ന്ന് കെ.പി.സി.സി; റോജിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് വിമതര്‍

ആദര്‍ശ് എം.കെ.

തൃശൂര്‍: മറ്റത്തൂരിലെ കോണ്‍ഗ്രസ് മെമ്പര്‍മാര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചതില്‍ അനുനയ നീക്കം തുടര്‍ന്ന് കെ.പി.സി.സി. കഴിഞ്ഞ ദിവസം റോജി എം. ജോണ്‍ എം.എല്‍.എയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് പുറത്താക്കപ്പെട്ട ഡി.സി.സി. ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ പറഞ്ഞു.

കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ നിര്‍ദേശമനുസരിച്ചാണ് റോജി എം. ജോണുമായി ചര്‍ച്ച നടത്തിയതെന്നും ഡി.സി.സി പ്രസിഡന്റും ബ്ലോക്ക് പ്രസിഡന്റും തെറ്റായ നിലപാടെടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും വിമതര്‍ പറഞ്ഞു.

കൃത്യമായ കൂടിയാലോചനകള്‍ ഉണ്ടാകുമെന്ന് റോജി എം. ജോണ്‍ അറിയിച്ചിട്ടുണ്ടെന്ന് ടി.എം. ചന്ദ്രന്‍ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം നിലപാട് അറിയിക്കാമെന്ന് എം.എല്‍.എ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ടി.എം. ചന്ദ്രന്റെ നേതൃത്വത്തില്‍ എട്ട് വിമത അംഗങ്ങള്‍ റോജി എം ജോണ്‍ എം.എല്‍.എയുമായി ചര്‍ച്ച നടത്തിയത്.

തങ്ങള്‍ ബി.ജെ.പിയുമായി ഒരു ചര്‍ച്ചയും നീക്കുപോക്കുകളും നടത്തിയിട്ടില്ലെന്നും ഒരു അംഗം പോലും ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ലെന്നും ചര്‍ച്ചയില്‍ ചന്ദ്രനും കൂട്ടരും റോജിയോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

പഞ്ചായത്ത് ഭരണത്തില്‍ നിന്നും സി.പി.ഐ.എമ്മിനെ പുറത്താക്കാന്‍ സ്വതന്ത്രനെ പിന്തുണയ്ക്കുക മാത്രമായിരുന്നു തങ്ങള്‍ ചെയ്തതെന്നും എന്നാല്‍ മാധ്യമങ്ങള്‍ വിഷയത്തെ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും വിമതര്‍ പറഞ്ഞു.

സിപിഐഎമ്മിനെ പഞ്ചായത്ത് ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ സ്വതന്ത്രനെ പ്രസിഡന്റാക്കുക മാത്രമാണ് ചെയ്തതെന്നും ഇതിനെ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും വിമത കോണ്‍ഗ്രസ് നേതാക്കള്‍ റോജിയെ അറിയിച്ചു.

Content Highlight: Mattathur: KPCC follows the persuasive move

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more