| Monday, 14th July 2025, 7:17 am

മമ്മൂട്ടി സിനിമകള്‍ക്ക് റിപ്പീറ്റഡ് ഓഡിയന്‍സില്ലെന്ന് ആ സിനിമകളുടെ റീ റിലീസിലൂടെ മനസിലായി: മാറ്റിനി നൗ ഉടമ സോമദത്തന്‍ പിള്ള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ഇത് റീ റിലീസുകളുടെ കാലമാണ്. മോഹന്‍ലാല്‍- സിബി മലയില്‍ കൂട്ടുകെട്ടില്‍ പിറന്ന ദേവദൂതനിലൂടെയാണ് റീ റിലീസ് ട്രെന്‍ഡ് ആരംഭിച്ചത്. ഇന്നും സിനിമാപ്രേമികള്‍ ഇഷ്ടപ്പെടുന്ന ചിത്രങ്ങള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ റീമാസ്റ്റര്‍ ചെയ്താണ് വീണ്ടും ബിഗ് സ്‌ക്രീനിലേക്കെത്തുന്നത്. ഏറ്റവുമൊടുവില്‍ റീ റിലീസ് ചെയ്ത ഛോട്ടാ മുംബൈ തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റിയിരുന്നു.

ദേവദൂതന്‍, മണിച്ചിത്രത്താഴ് തുടങ്ങിയ സിനിമകള്‍ റീമാസ്റ്റര്‍ ചെയ്ത മാറ്റിനി നൗവിന്റെ ഉടമ സോമദത്തന്‍ പിള്ള റീ റിലീസുകളെക്കുറിച്ച് സംസാരിക്കുകയാണ്. മോഹന്‍ലാല്‍ നായകനായ ഹലോ, രാവണപ്രഭു തുടങ്ങിയ സിനിമകള്‍ ഈ വര്‍ഷം റീ റിലീസ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ റീമാസ്റ്റര്‍ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം ട്വന്റി 20യാണെന്നും ഓഗസ്റ്റില്‍ തിയേറ്ററിലെത്തിക്കാനാണ് പ്ലാനെന്നും സോമദത്തന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാല്‍ സിനിമകള്‍ക്കാണ് റീ റിലീസില്‍ കൂടുതല്‍ ഡിമാന്‍ഡെന്ന് അദ്ദേഹം പറയുന്നു. മമ്മൂട്ടിയുടെ വല്യേട്ടന്‍ റീ റിലീസ് ചെയ്തത് ആരാധകര്‍ക്ക് വേണ്ടിയാണെന്നും വടക്കന്‍ വീരഗാഥ റീ റിലീസ് ചെയ്യാന്‍ കാരണം ആ ചിത്രം തിയേറ്ററില്‍ നിന്ന് കാണാന്‍ സാധിക്കാത്തവര്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു സോമദത്തന്‍ പിള്ള.

രാവണപ്രഭു, ഹലോ, തേന്മാവിന്‍ കൊമ്പത്ത് തുടങ്ങിയ സിനിമകള്‍ റീ റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ്. അടുത്ത റീ റിലീസ് ട്വന്റി 20യാണ്. ഈ വര്‍ഷം ഓഗസ്റ്റില്‍ ചിത്രം തിയേറ്ററിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ഓണത്തിന് ശേഷം രാവണപ്രഭു റീ റിലീസ് ചെയ്യും. ഹലോ, തേന്മാവിന്‍ കൊമ്പത്ത് എന്നീ സിനിമകള്‍ 2026ലാകും തിയേറ്ററുകളിലെത്തുക.

മോഹന്‍ലാല്‍ സിനിമകള്‍ മാത്രം റീ റിലീസ് ചെയ്യുന്നതിന് പിന്നില്‍ വേറൊരു ഉദ്ദേശവുമില്ല. മോഹന്‍ലാലിന്റെ സിനിമകള്‍ക്ക് റിപ്പീറ്റഡ് ഓഡിയന്‍സ് കൂടുതലാണ്. മമ്മൂട്ടിയുടെ രണ്ട് സിനിമകള്‍ റീമാസ്റ്റര്‍ ചെയ്തു. വല്യേട്ടനുംവടക്കന്‍ വീരഗാഥയുമാണ് ഞങ്ങള്‍ റീമാസ്റ്റര്‍ ചെയ്തത്. അതില്‍ വല്യേട്ടന്‍ ആരാധകര്‍ക്ക് വേണ്ടിയാണ് റീമാസ്റ്റര്‍ ചെയ്തത്.

വടക്കന്‍ വീരഗാഥ അന്നത്തെ കാലത്ത് തിയേറ്ററില്‍ നിന്ന് കാണാന്‍ സാധിക്കാത്തവര്‍ക്ക് വേണ്ടിയാണ് റീമാസ്റ്റര്‍ ചെയ്തത്. എന്നാല്‍ ആ സിനിമക്ക് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. മമ്മൂട്ടിയുടെ സിനിമകള്‍ക്ക് റിപ്പീറ്റഡ് ഓഡിയന്‍സില്ല എന്നാണ് അതില്‍ നിന്ന് മനസിലായത്. മോഹന്‍ലാലിന്റെ സിനിമകള്‍ക്ക് മാത്രമാണ് അത്തരം ഓഡിയന്‍സുള്ളത്. കിലുക്കം, താളവട്ടം ഒക്കെ ഇപ്പോള്‍ വന്നാല്‍ നല്ല സ്വീകാര്യത ലഭിക്കാന്‍ സാധ്യതയുണ്ട്,’ സോമദത്തന്‍ പിള്ള പറഞ്ഞു.

Content Highlight: Matinee Now owner about re release of Mammootty’s films

We use cookies to give you the best possible experience. Learn more