കോഴിക്കോട്: മലയാള സിനിമയുടെ ഇതിഹാസ എഴുത്തുകാരനും നടനുമായ ശ്രീനിവാസന്റെ വിയോഗവുമായി ബന്ധപ്പെട്ട് നല്‍കിയ വാര്‍ത്താ ചിത്രത്തില്‍ നിന്നും ദിലീപിനെ മനപൂര്‍വം അവഗണിച്ച് മാതൃഭൂമി പത്രം.
എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ശ്രീനിവാസന്റെ മൃതദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയ പ്രമുഖരുടെ ചിത്രം ഞായറാഴ്ചയിലെ എഡിഷനില്‍ മാതൃഭൂമി ഉള്‍പ്പെടുത്തിയിരുന്നു.
ഈ ചിത്രത്തിന്റെ അടിക്കുറിപ്പില്‍ ചിത്രത്തിലുള്‍പ്പെട്ട എല്ലാ പ്രമുഖരുടെയും പേര് ഉള്‍പ്പെടുത്തിയപ്പോള്‍ ആ ചിത്രത്തിലുണ്ടായിരുന്ന നടന്‍ ദിലീപിനെ മാത്രം മാതൃഭൂമി മനപൂര്‍വം ഒഴിവാക്കിരിക്കുകയാണെന്നാണ് മാധ്യമപ്രവര്‍ത്തകയായ ജിഷ എലിസബത്തിന്റെ നിരീക്ഷണം.
ശ്രീനിവാസന്റെ മൃതദേഹം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ സത്യന്‍ അന്തിക്കാട്, ഹൈബി ഈഡന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയപ്പോള്‍, മകന്‍ ധ്യാന്‍ ശ്രിനീവാസന്‍, ശ്രീനിവാസന്റെ ഭാര്യ വിമല, മകന്‍ വിനീത് ശ്രീനിവാസന്‍ എന്നിവര്‍ സമീപം എന്നാണ് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.
ചിത്രത്തില്‍ സത്യന്‍ അന്തിക്കാടിന്റെ പിന്നില്‍ നില്‍ക്കുന്ന ദിലീപിന്റെ ചിത്രം വ്യക്തമാണെങ്കിലും അടിക്കുറിപ്പില്‍ നിന്നും അപ്രത്യക്ഷമാണ്.
‘ഇതിലെ ഒരു പ്രമുഖന്റെ പേര് മനപൂര്‍വം വിട്ടുപോയതായിരിക്കാനേ വഴിയുള്ളൂ. ഫോട്ടോഗ്രാഫറാണോ സബ് എഡിറ്ററാണോ എടുത്തുകളഞ്ഞത്? അതോ ബ്യൂറോയുടെയോ ഡെസ്‌കിന്റെയോ ഒറ്റക്കോ കൂട്ടായോ ഉള്ള തീരുമാനമാണോയെന്നും അറിയില്ല. പ്രസ്സില്‍ ജോലി ചെയ്യുന്നവര്‍ പ്രിന്റെടുക്കുന്ന പ്ലേറ്റ് ചുരണ്ടിയതാണോ എന്നും അറിയില്ല. ‘അവള്‍ക്കൊപ്പം’ എന്ന് പറയാന്‍ ഉറക്കെ മുദ്രാവാക്യം വിളിക്കണമെന്നില്ല. ഇതൊരു ക്ലാസിക് ഉദാഹരണമാണ്,’ പത്ര കട്ടിങ് പങ്കുവെച്ചുകൊണ്ട് ജിഷ എലിസബത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
അതിക്രമത്തിന് ഇരയാകുന്ന സ്ത്രീകള്‍ പൊതു ഇടത്തില്‍ നിന്നും അപ്രത്യക്ഷമാകുമ്പോള്‍ അതിക്രമം നടത്തിയ വേട്ടക്കാര്‍ പൊതു ഇടങ്ങളില്‍ സാധാരണ പോലെ ഇടപെടുന്നതാണ് പതിവ്.
അതിക്രമം നടത്തിയ പ്രതികളെ ഒരു തരത്തിലുമുള്ള വിലക്കോ പുറത്തിറങ്ങാനുള്ള മടിയോ ബാധിക്കാറില്ല. എന്നാല്‍, ഇത്തവണ ആ കഥ മാറ്റിയെഴുതിയിരിക്കുകയാണ് മാതൃഭൂമി. സ്ത്രീ പീഡനക്കേസില്‍ പ്രതിയായിരുന്നയാളെ അറിഞ്ഞുകൊണ്ട് മാറ്റി നിര്‍ത്തി പുതിയൊരു മാറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.
അതേസമയം, മലയാളത്തിന്റെ സ്വന്തം ശ്രീ മാഞ്ഞതിന്റെ നോവിലാണ് കേരളമൊന്നാകെ. അനശ്വര കലാകാരന്‍ ശ്രീനിവാസന്റെ മൃതദേഹം ഞായറാഴ്ച ഉച്ചയോടെ കൊച്ചി കണ്ടനാടുള്ള വസതിയില്‍ സംസ്‌കരിച്ചു.
ശ്രീനിവാസന്റെ വിയോഗമറിഞ്ഞ് മലയാള സിനിമാലോകമൊന്നാകെ അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാനായി ഓടിയെത്തിയിരുന്നു. പൊതുജനങ്ങളും രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകരുമുള്‍പ്പെടെ വലിയ ജനാവലിയെ സാക്ഷിയാക്കിയാണ് ശ്രീനിവാസന്റെ അന്ത്യകര്‍മങ്ങള്‍ നടന്നത്. പൊലീസ് ഗാര്‍ഡ് ഓഫ് ഓണറോടെയായിരുന്നു സംസ്‌കാരം.
Content Highlight: Mathrubhumi’s caption ignores Dileep; A classic example of saying “I’m with her”