കോഴിക്കോട്: എസ് ഹരീഷിന്റെ “മീശ”യെന്ന നോവല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയ വാര്‍ത്ത അവഗണിച്ച് മാതൃഭൂമി, മനോരമ പത്രങ്ങള്‍. നോവല്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ സംഘപരിവാറില്‍ നിന്നും ഏറ്റവും വലിയ ആക്രമണം നേരിട്ട മാതൃഭൂമി അഞ്ചാം പേജില്‍ രണ്ടു കോളം വാര്‍ത്തയായും മനോരമ പതിനഞ്ചാം പേജില്‍ ഒട്ടും ശ്രദ്ധിക്കപ്പെടാത്ത രീതിയില്‍ ഒറ്റക്കോളം വാര്‍ത്തയായുമായാണ് സുപ്രീം കോടതി വിധി റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
“മീശയ്‌ക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി” എന്ന തലക്കെട്ടിലുള്ള മാതൃഭൂമി വാര്‍ത്തയില്‍ കോടതിയില്‍ കഴിഞ്ഞദിവസമുണ്ടായ വിധിപ്രസ്താവം മാത്രമാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. “മീശയ്ക്ക് നിരോധനമില്ല” എന്ന തലക്കെട്ടിലുള്ള മനോരമ വാര്‍ത്തയില്‍ വെറും രണ്ടേ രണ്ട് വാക്യങ്ങള്‍ മാത്രമുള്ള റിപ്പോര്‍ട്ടാണ്.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ സംസ്ഥാനം നേരിട്ട ഏറ്റവും വലിയ ആക്രമണമായിരുന്നു “മീശയ്ക്കും” എസ് ഹരീഷിനും നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമിക്കും എതിരെ നടന്നത്. അത്തരം ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുന്നതായിരുന്നു നോവലുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സ്വീകരിച്ച നിലപാട് എന്നിരിക്കെയാണ് ഈ വിഷയം ഇരുപത്രങ്ങളും അവഗണിച്ചത്.
“”സര്‍ഗാത്മകതയും എഴുത്തുകാരന്റെ പ്രപഞ്ചവീക്ഷണവും മനസിനുള്ളില്‍ സൃഷ്ടിക്കപ്പെടുന്നതാണ്. കവിതയെ സംബന്ധിച്ച ഈ സത്യം നോവലടക്കം എല്ലാ സര്‍ഗാത്മക എഴുത്തുകള്‍ക്കും ബാധകമാണ്. എഴുത്തുകാരന്റെ ഭാവനയ്ക്ക് സ്വാതന്ത്ര്യത്തിന്റെ ആഹ്ലാദം ആവശ്യമാണെന്ന സത്യം നമ്മുടെ മനസ്സില്‍ പരമപ്രധാനമായിത്തന്നെ ഉണ്ടാവണം. ആവിഷ്‌കാരസ്വാതന്ത്ര്യം ഒന്നിന്റെ മുമ്പിലും അടിയറവെക്കണമെന്നു ആവശ്യപ്പെടാന്‍ കഴിയില്ല. അത്തരം നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിക്കാനുമാവില്ല. ഒരു ചിത്രകാരന് നിറങ്ങള്‍ കൊണ്ട് കളിക്കാന്‍ സ്വാതന്ത്ര്യമുള്ളതുപോലെ തന്നെയാണ് എഴുത്തുകാരന് വാക്കുകള്‍ ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യവും. ഭാവനയുടെ ഉത്സാഹങ്ങളെ ദിശ നിര്‍ണയിച്ച് പറഞ്ഞയക്കാനാവില്ല.” എന്ന് വിധിന്യായത്തില്‍ പറഞ്ഞുകൊണ്ടാണ് ചീഫ് ജസ്റ്റിസ് മീശയ്ക്ക് നിരോധിക്കണമെന്ന ഹര്‍ജി തള്ളിയത്.
ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ചു ആരു സംസാരിക്കുമ്പോഴും പ്രകാശരേഖയായി വഴികാട്ടേണ്ട ഒരു വാചകം എന്ന മുഖവുരയോടെ “”നിങ്ങള്‍ പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല. പക്ഷേ, അതു പറയാനുള്ള നിങ്ങളുടെ അവകാശത്തിനായി ഞാന്‍ മരണംവരെ നിലകൊള്ളും.”” എന്ന വോള്‍ട്ടയറിന്റെ വാക്കുകള്‍ കോടതി ഉദ്ധരിക്കുകയും ചെയ്തിരുന്നു.
സംഘപരിവാര്‍ ആക്രമണങ്ങള്‍ക്കുള്ള ശക്തമായ മറുപടിയാണ് ഈ വിധി പ്രസ്താവം എന്ന വിലയിരുത്തലാണ് ഉയരുന്നത്.
ഹിന്ദു സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമര്‍ശം ഉണ്ട് എന്നാരോപിച്ചായിരുന്നു സംഘപരിവാര്‍ മാതൃഭൂമിക്കും “മീശ” നോവലിനും എതിരെ പ്രചരണം നടത്തിയത്. എഴുത്തുകാരനെ സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയുമായിരുന്നു സംഘപരിവാര്‍ തുടക്കത്തില്‍ ചെയ്തത്.
പിന്നീട് ഹിന്ദുത്വ ഗ്രൂപ്പുകള്‍ മാതൃഭൂമിയ്‌ക്കെതിരെ പരസ്യമായി പ്രതിഷേധവുമായി രംഗത്തെത്തി. മാതൃഭൂമി ഹിന്ദുക്കള്‍ക്കെതിരാണെന്നും ഹിന്ദുക്കള്‍ പത്രം ഉപേക്ഷിക്കണമെന്നും കാമ്പെയ്ന്‍ നടത്തി. വരിക്കാരുടെ വീടുകള്‍ സന്ദര്‍ശിച്ചടക്കം ഹിന്ദുത്വ സംഘടനകള്‍ കാമ്പെയ്ന്‍ നടത്തിയിരുന്നു. പത്രം ബഹിഷ്‌കരിക്കാന്‍ ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്തിരുന്നു.
ഹിന്ദുത്വ സംഘടനകളുടെ കാമ്പെയ്ന്‍ ഏറ്റെടുത്ത് ചില സമുദായ സംഘടനകളും രംഗത്തുവന്നിരുന്നു. ആഗസ്റ്റ് ഒന്നാം തിയ്യതി മുതല്‍ മാതൃഭൂമി പത്രം ബഹിഷ്‌കരിക്കാന്‍ നിര്‍ദേശിച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ എല്ലാ കരയോഗങ്ങള്‍ക്കും ഔദ്യോഗികമായി സര്‍ക്കുലര്‍ നല്‍കിയിരുന്നു. പത്രബഹിഷ്‌കരണത്തിന് പുറമേ എന്‍.എസ്.എസ് ഓഫീസുകള്‍ക്ക് മുമ്പില്‍ പത്രം കത്തിച്ചും നായര്‍ സമുദായാംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു.
ഇതിനു പുറമേ മാതൃഭൂമിയുടെ പരസ്യവരുമാനം ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. മാതൃഭൂമിയ്ക്ക് പരസ്യം നല്‍കുന്ന സ്ഥാപനങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഭീഷണി സന്ദേശങ്ങളയച്ചും ഈ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങള്‍ വാങ്ങരുതെന്ന കാമ്പെയ്ന്‍ നടത്തുകയുമായിരുന്നു ഹിന്ദുത്വ സംഘടനകള്‍ ചെയ്തത്. ഇതേത്തുടര്‍ന്ന് ഭീമ ജ്വല്ലറി മാതൃഭൂമി പത്രത്തിന് നല്‍കുന്ന പരസ്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയതായി അറിയിക്കുകയും ചെയ്തിരുന്നു.
ഇത്ര വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ച ഈ വിഷയത്തിലാണ് സുപ്രീം കോടതിയില്‍ നിന്നും അതിപ്രധാനമായ ഒരു വിധിയുണ്ടായത് എന്നിരിക്കെയാണ് കേരളത്തിലെ രണ്ടു പ്രമുഖ പത്രങ്ങള്‍ അതിനെ അവഗണിച്ചിരിക്കുന്നത്.