| Thursday, 12th February 2026, 8:00 pm

'തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ കുട്ടി എങ്ങനെ പൊലീസാകുമെന്ന് അവര്‍; അന്ന് കുറച്ച് സംശയിച്ചു: മാത്യു തോമസ്

ഐറിന്‍ മരിയ ആന്റണി

കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിക്കുകയും ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്ത നടനാണ് മാത്യു തോമസ്. ചുരുങ്ങി ചിത്രങ്ങളിലൂടെ തന്നെ താരം മലയാളികള്‍ക്കിടയില്‍ സുപരിചിതനായി മാറിയിരുന്നു.

എന്നാല്‍ സമീപകാലത്ത് ഇറങ്ങിയ മാത്യു തോമസിന്റെ സിനിമകളെല്ലാം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. ലൗലി, നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്‌സ് എന്നീ് ചിത്രങ്ങളെല്ലാം തിയേറ്ററില്‍ വേണ്ടത്ര വിജയിച്ചില്ല.

Photo: മാത്യു തോമസ് / Facebook.com

കഴിഞ്ഞ ദിവസങ്ങളില്‍ ആയി താരത്തിന്റെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങള്‍ ചര്‍ച്ചയായിരുന്നു. താടി വടിച്ച് മീശ മാത്രമുള്ള ഗെറ്റപ്പില്‍ ഉള്ള മാത്യുവിന്റെ ലുക്ക് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ സുഖമാണോ സുഖമാണ് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ തന്റെ പുതിയ ലുക്കിനെ കുറിച്ച് സംസാരിക്കുകയാണ് മാത്യു തോമസ്.

‘ഞാനിപ്പോള്‍ ചെയ്യുന്ന സിനിമയില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ ആയിട്ടാണ് അഭിനയിക്കുന്നത്. എന്റെ അടുത്ത് സംവിധായകന്‍ കഥ പറഞ്ഞപ്പോള്‍ ഇത് ചെയ്യാന്‍ പറ്റുമോ എന്ന് ആശയക്കുഴപ്പത്തില്‍ ആയിരുന്നു ഞാന്‍. എനിക്ക് 22 വയസ്സായിട്ടേയുള്ളൂ ഞാനിതെങ്ങനെ ചെയ്യുമെന്ന് പുള്ളിയുടെ അടുത്ത് ചോദിച്ചു.

അപ്പോള്‍ സംവിധായകന്‍ ചെറിയ പ്രായത്തില്‍ പൊലീസായ കുറെ പേരേ കാണിച്ചു തന്നു. അപ്പോഴാണ് ഞാനിത് ശ്രദ്ധിച്ചു തുടങ്ങുന്നത്. അതെനിക്കൊരു പുതിയ ഇന്‍ഫോര്‍മേഷന്‍ ആയിരുന്നു. എന്നാലും ഓഡിയന്‍സിന്റെ അക്‌സെപ്റ്റന്‍സ് ഉണ്ടാകുമോ എന്ന് സംശയിച്ചു,’ മാത്യു പറയുന്നു.

എന്നാല്‍ പൂജയുടെ സമയത്തുള്ള തന്റെ വീഡിയോകള്‍ കണ്ടപ്പോള്‍ ആരും ഒന്നും പറയുന്നത് കണ്ടില്ലെന്നും അത് തനിക്ക്് അത്ഭുതമായി തോന്നിയെന്നും മാത്യു കൂട്ടിച്ചേര്‍ത്തു. ഒരു പൊലീസുകാരന്റെ ലുക്ക് ഉണ്ടല്ലോ എന്ന് പലരും പറഞ്ഞു കേട്ടുവെന്നും അപ്പോള്‍ തനിക്ക് സന്തോഷമായെന്നും നടന്‍ പറഞ്ഞു.

‘ഈ സിനിമയില്‍ ശരിക്കുള്ള പൊലീസുകാര്‍ അഭിനയിക്കുന്നുണ്ട്. അതില്‍ രണ്ടു സാറുമാര്‍ എന്റെ അടുത്ത് വന്ന്, ‘തണ്ണീര്‍ മത്തന്‍ ചെയ്ത കുട്ടി എങ്ങനെയാണ് പൊലീസ് അഭിനയിക്കുക’ എന്ന് ചോദിച്ചു. പക്ഷേ പിന്നീട് എന്നെ കണ്ടപ്പോള്‍ അവര്‍ ഇപ്പോള്‍ ശരിക്കും പൊലീസുകാരെ പോലെ ഉണ്ടെന്നു പറഞ്ഞു,’ മാത്യുവിന്റെ വാക്കുകള്‍

അരുണ്‍ലാല്‍ രാമചന്ദ്രന്റെ സംവിധാനത്തിലൊരുങ്ങിയ സുഖമാണോ സുഖമാണ് ഇന്നാണ് തിയേറ്ററുകളിലെത്തിയത്. മാത്യു നായകവേഷത്തിലെത്തിയ ചിത്രത്തില്‍ ദേവിക സഞ്ജയാണ് നായിക.

Content Highlight:  Mathew Thomas talks about his new movie and his new look

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more