| Sunday, 26th October 2025, 3:13 pm

പക്വതയുള്ള ഒരു കഥാപാത്രത്തിലേക്കുള്ള ട്രാന്‍സിഷന്‍; അഭിനേതാവെന്ന നിലയില്‍ പുതിയ കാര്യങ്ങള്‍ ചെയ്തു: മാത്യു തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇതുവരെ ചെയ്തതില്‍വെച്ച് പക്വതയുള്ള ഒരു കഥാപാത്രത്തിലേക്കുള്ള മാറ്റമായിരുന്നു നെല്ലിക്കാം പൊയില്‍ നൈറ്റ് റൈഡേഴ്‌സ് എന്ന സിനിമയെന്ന് നടന്‍ മാത്യു തോമസ്. മാത്യുവിന്റെ ഇരുപതാമത്തെ സിനിമയായി ഒരുങ്ങിയ ചിത്രമാണ് നെല്ലിക്കാം പൊയില്‍ നൈറ്റ് റൈഡേഴ്‌സ്.

നൗഫല്‍ അബ്ദുള്ളയുടെ സംവിധാനത്തില്‍ കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. ഇപ്പോള്‍ മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് മാത്യു തോമസ്.
ഒരു അഭിനേതാവെന്ന നിലയില്‍ ഈ സിനിമയിലൂടെ കുറെയധികം പുതിയകാര്യങ്ങള്‍ ചെയ്യാനായെന്നും ഇതുവരെ ചെയ്തതില്‍വെച്ച് പക്വതയുള്ള ഒരു കഥാപാത്രത്തിലേക്കുള്ള ട്രാന്‍സിഷനായിരുന്നു നെല്ലിക്കാം പൊയില്‍ നൈറ്റ് റൈഡേഴ്സെന്നും എന്നും അദ്ദേഹം പറഞ്ഞു.

‘പഠനം പൂര്‍ത്തിയാക്കി എത്തുന്ന ശ്യാമിന് സിനിമ മുന്നോട്ടുപോകുന്തോറും പക്വത കൈവരുകയാണ്. പലതരം സംഭവവികാസങ്ങളിലൂടെ കഥാപാത്രത്തിന് മെച്ച്യൂരിറ്റി ഉണ്ടാവുന്നു. ആ മാറ്റം സിനിമയില്‍ കൊണ്ടുവരാന്‍ എനിക്ക് കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു. ശ്യാമിനെ അവതരിപ്പിക്കാനായതില്‍ വളരെയധികം സന്തോഷം. ഇതെന്നെ വിശ്വസിച്ച് ഏല്‍പ്പിച്ച സംവിധായകനും പിന്നണി പ്രവര്‍ത്തകര്‍ക്കും നന്ദി.

നെല്ലിക്കാംപൊയില്‍ എന്നൊരു സാങ്കല്പിക ഗ്രാമത്തില്‍ നടക്കുന്ന ചില അപ്രതീക്ഷിത സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് നെല്ലിക്കാംപൊയില്‍ നൈറ്റ്‌റൈഡേഴ്‌സ് എന്ന സിനിമ. സിനിമയില്‍ ശ്യാം എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. മംഗലാപുരത്തുനിന്ന് എന്‍ജിനിയറിങ് പരീക്ഷ കഴിഞ്ഞ് നാട്ടിലെത്തുകയാണ് ശ്യാം.

പിന്നീട് അവിടെയുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും, നാട്ടിലെ പ്രശ്‌നങ്ങളും, അതിനുള്ള പരിഹാരങ്ങളും ശ്യാം എങ്ങനെ നേരിടുന്നു എന്നതൊക്കെയാണ് സിനിമയുടെ പശ്ചാത്തലം,’ മാത്യു പറഞ്ഞു.

Content highlight: Mathew Thomas says that the film NellikkamPoil Knight Riders was a transition to a more mature character

We use cookies to give you the best possible experience. Learn more