| Sunday, 5th October 2025, 8:36 pm

വെറുപ്പിച്ചതിന് സോറി; ചെയ്തത് തിരിച്ചെടുക്കാൻ പറ്റില്ലല്ലോ, കുറ്റബോധമില്ല: മാത്യു തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ സിനിമരംഗത്തേക്ക് അരങ്ങേറിയ നടനാണ് മാത്യു തോമസ്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച മാത്യു, ലിയോ എന്ന വിജയ് ചിത്രത്തിലൂടെ തമിഴിലേക്കും അരങ്ങേറി. ഈ വർഷം പുറത്തിറങ്ങിയ ബ്രൊമാൻസ് എന്ന ചിത്രത്തിലും മാത്യു ഒരു പ്രധാന റോളിൽ എത്തിയിരുന്നു.

എന്നാൽ ചിത്രം ഒ.ടി.ടിയിൽ എത്തിയ ശേഷം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ചിത്രത്തിൽ ദേഷ്യക്കാരനായ ജെൻ സി യുവാവ് ആയിട്ടാണ് മാത്യുവിനെ അവതരിപ്പിച്ചത്. അഭിനയം ഓവർ ആയിപ്പോയെന്നാണ് വിമർശകർ പ്രധാനമായും പറഞ്ഞത്. ഇതിന് പിന്നാലെ അഭിനയത്തിന്റെ മീറ്റർ തെറ്റിപ്പോയെന്നും താൻ ഓവറായി എന്നത് പ്രേക്ഷകരുടെ കുഴപ്പം കൊണ്ടല്ലെന്നും മാത്യു തോമസ് പറഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും അതിനെക്കുറിച്ച് സംസാരിക്കുകയാണ് മാത്യു തോമസ്.

‘എന്നെക്കുറിച്ച് വരുന്ന എല്ലാ ട്രോളുകളും കാണാറുണ്ട്. അതിൽ ചിലത് എന്നെ വിഷമിപ്പക്കും, മനുഷ്യനല്ലേ… ഷൂട്ടിന്റെ സമയത്ത് ഞങ്ങൾക്ക് തോന്നിയിരുന്നു ഇത് വർക്കാകുമോയെന്ന്. ഓവർ ദി ടോപ്പ് ആയിരുന്നെന്ന് അറിയാമായിരുന്നു. ഇനി ഞാൻ അതിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ അതിനെ ന്യായീകരിക്കുന്ന പോലെയിരിക്കും.

എനിക്ക് ആ സിനിമ ചെയ്തതിൽ കുറ്റബോധമില്ല. ഞാനെന്റ സുഹൃത്തുക്കളുടെ ഒപ്പം ചെയ്ത സിനിമയാണ്. ഞാൻ ഭയങ്കര ഹാപ്പിയാണ്. പക്ഷെ, ആളുകൾക്ക് വർക്ക് ആയില്ല. എന്റർടെയ്‌മെന്റ് ചെയ്യാനാണ് ശ്രമിച്ചത്. പക്ഷെ, ചിലർക്ക് അത് വെറുപ്പിക്കലായി തോന്നി.

വെറുപ്പിച്ചതിൽ സോറി മാത്രമല്ലെ എനിക്ക് പറയാൻ പറ്റത്തുള്ളു. ചെയ്തത് തിരിച്ചെടുക്കാൻ പറ്റില്ലല്ലോ. ഇനിയും എന്റർടെയ്ൻ ചെയ്യാൻ ശ്രമിക്കും. ആ സിനിമ ഇഷ്ടപ്പെടുന്നവരും ഉണ്ട്,’ മാത്യു തോമസ് പറയുന്നു.

ബ്രോമാൻസ്

ജോ ആൻഡ് ജോ, 18 പ്ലസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ഡി.ജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്രൊമാൻസ്. ഈ വർഷം പ്രണയ ദിനത്തിനായിരുന്നു ചിത്രത്തിന്റെ റിലീസ്.

അർജുൻ അശോകൻ, മഹിമ നമ്പ്യാർ, ശ്യാം മോഹൻ, സംഗീത്, കലാഭവൻ ഷാജോൺ, മാത്യു തോമസ് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രത്തിന്റെ നിർമാണം.

Content Highlight: Mathew Thomas saying Sorry on Bronance Acting

We use cookies to give you the best possible experience. Learn more