മോളിവുഡിലെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനാണ് മാത്യു തോമസ്. കരിയറില്‍ ചെയ്ത ആദ്യത്തെ രണ്ട് സിനിമകളും നാഴികക്കല്ലാക്കാന്‍ മാത്യുവിന് സാധിച്ചു. ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ കുമ്പളങ്ങി നൈറ്റ്‌സ് പലരുടെയും ഫേവറെറ്റായപ്പോള്‍ ലീഡ് റോളിലെത്തിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ വന്‍ വിജയമായി മാറി. പിന്നീട് നായകനായും ക്യാരക്ടര്‍ റോളുകള്‍ ചെയ്തും പ്രേക്ഷകശ്രദ്ധ നേടാന്‍ മാത്യുവിന് സാധിച്ചു.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്. കരിയറിലെ ആദ്യത്തെ പൊലീസ് വേഷമാണ് മാത്യുവിന് പ്രഥമദൃഷ്ട്യാ കുറ്റക്കാരില്‍ ലഭിച്ചത്. ആദ്യ പൊലീസ് റോള്‍ തന്നെ മികച്ച രീതിയില്‍ താരം കൈകാര്യം ചെയ്തിട്ടുണ്ട്. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം മാത്യുവിന്റെ കംബാക്ക് കൂടെയാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍.
അടുത്തിടെ പോളണ്ടില്‍ ഒരു ആക്ടിങ് വര്‍ക്ക്‌ഷോപ്പില്‍ മാത്യു പങ്കെടുത്തിരുന്നു. മികച്ച സിനിമകളുടെ ഭാഗമാകുമ്പോഴും ആക്ടിങ് വര്‍ക്ക്‌ഷോപ്പുകളില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് താരം. ഗ്രൂപ്പ് ലേണിങ് ഇഷ്ടപ്പെടുന്നയാളാണ് താനെന്നും അതിനാലാണ് ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നതെന്നും മാത്യു പറഞ്ഞു. റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു താരം.
‘ഞാന്‍ കോളേജിലൊന്നും പോയിട്ടില്ല. അതുകൊണ്ടുതന്നെ എനിക്ക് ഗ്രൂപ്പ് ലേണിങ്ങും അതുപോലുള്ള കാര്യങ്ങളും വലിയ ഇഷ്ടമാണ്. ആ ഒരു താത്പര്യത്തിന്റെ പുറത്താണ് ഞാന്‍ ആ വര്‍ക്ക്‌ഷോപ്പ് അറ്റന്‍ഡ് ചെയ്തത്. എന്റെ മെയിന്‍ ഒബ്ജക്ടീവ് എന്നു പറഞ്ഞാല്‍ ഒരു ഗ്രൂപ്പിന്റെ കൂടെ പോയിരുന്ന് പഠിക്കുക എന്നതായിരുന്നു. ആ സമയത്ത് എന്റെ കുറച്ച് കൂട്ടുകാര്‍ അതിനെപ്പറ്റി സംസാരിച്ചപ്പോള്‍ ഞാനും ഫ്രീയായിരുന്നു. അങ്ങനെ പോയി ചെയ്തതാണ്.
എന്തിനെ പറ്റിയാണ് വര്‍ക്ക്‌ഷോപ് എന്നതിലുപരി ഒരു ഗ്രൂപ്പിന്റെ കൂടെയിരുന്ന് പഠിക്കുക, പിന്നീട് അതിനെപ്പറ്റി സംസാരിക്കുക അങ്ങനെയുള്ള ആക്ടിവിറ്റീസ് ഇഷ്ടമാണ്. കോളേജില്‍ പോയി പഠിക്കാന്‍ പറ്റാത്തതിന്റെ വിഷമം ഇങ്ങനെയൊക്കെയാണ് തീര്‍ക്കുന്നത്. ഒരു ക്യാരക്ടറിന് വേണ്ടിയോ അല്ലെങ്കില്‍ സിനിമക്ക് വേണ്ടിയോ ആക്ടിങ് വര്‍ക്ക്‌ഷോപ്പുകളില്‍ പങ്കെടുക്കുന്നവരുണ്ട്.
എന്റെ കാര്യം നോക്കിയാല്‍ വര്‍ക്ക്‌ഷോപ്പുകളെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഞാന്‍ പഠിച്ചിട്ടുള്ളത് സെറ്റില്‍ നിന്നാണ്. കുട്ടേട്ടനെപ്പോലുള്ള ആര്‍ട്ടിസ്റ്റുകളില്‍ നിന്നൊക്കെ നമുക്ക് ഒരുപാട് പഠിക്കാനുണ്ട്,’ മാത്യു പറഞ്ഞു.
കരിയറിലെ ആദ്യ പൊലീസ് വേഷത്തിന് മികച്ച പ്രതികരണമാണ് മാത്യുവിന് ലഭിക്കുന്നത്. ഷഹദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീനാഥ് എന്ന കഥാപാത്രമായാണ് മാത്യു വേഷമിടുന്നത്. പാര്‍വതി തിരുവോത്ത്, സിദ്ധാര്‍ത്ഥ് ഭരതന്‍, വിജയരാഘവന്‍ തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രം ബോക്‌സ് ഓഫീസില്‍ 20 കോടിക്കടുത്ത് സ്വന്തമാക്കിക്കഴിഞ്ഞു.
Content Highlight: Mathew Thomas saying he didn’t went to college