| Tuesday, 22nd September 2026, 10:41 am

ട്രോളുകൾ തീർച്ചയായും വിഷമിപ്പിച്ചിട്ടുണ്ട്, മാറ്റം വരുത്താൻ ശ്രമിച്ചാലും സാധിക്കില്ല: മാത്യു തോമസ്

നന്ദന. ടി

മധു സി. നാരായണന്റെ സംവിധാനത്തിൽ 2019-ൽ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് മാത്യു തോമസ്. ചിത്രത്തിൽ ഫ്രാങ്കി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരം പിന്നീട് തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലെ ജെയ്സണായും, ഓപ്പറേഷൻ ജാവയിലെ ജെറിയായും, പ്രേമലുവിൽ തോമസായും പ്രേക്ഷകഹൃദയം കീഴടക്കിയിരുന്നു.

യുവസംവിധായകനായ ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത് അടുത്തിടെ തിയേറ്ററുകളിലെത്തിയ പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന സിനിമയിലൂടെ തന്റെ കരിയറിലെ ആദ്യ പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ച മാത്യുവിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മാത്യു തോമസ്. Photo. X.com

ഇപ്പോഴിതാ മനോരമ ഓൺലൈനിന് നടൻ പണ്ട്  നൽകിയ അഭിമുഖത്തിൽ, സിനിമകളുമായി ബന്ധപ്പെട്ട് വരുന്ന ട്രോളുകളെ എങ്ങനെയാണ് നേരിടാറുള്ളത് എന്ന അവതാരകന്റെ ചോദ്യത്തിന് മാത്യു നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധ നേടുന്നത്.

താൻ അഭിനയിച്ച സിനിമകളുമായി ബന്ധപ്പെട്ട് വരുന്ന ട്രോളുകൾ പലപ്പോഴും വിഷമിപ്പിക്കുകയും തളർത്തുകയും ചെയ്തിട്ടുണ്ടെന്ന് മാത്യു പറയുന്നു. എന്നാൽ ഒരു സിനിമ ചെയ്തു കഴിഞ്ഞ സ്ഥിതിക്ക് ഇനി അതിൽ തിരുത്തലുകൾ വരുത്താൻ സാധിക്കില്ലെന്നും, അതുകൊണ്ട് തന്നെ പിന്നീട് വരുന്ന ട്രോളുകളെ നേരിടുകയല്ലാതെ മറ്റു വഴികളൊന്നുമില്ലെന്നും മാത്യു വ്യക്തമാക്കി.

‘ട്രോളുകൾ തീർച്ചയായും വിഷമിപ്പിച്ചിട്ടുണ്ട്, ഒരു രീതിയിൽ അത് നമ്മളെ തളർത്തും. പക്ഷേ അങ്ങനെ തളർന്നു പോവാതെ നമ്മൾ തിരിച്ചുവരും. ഞാൻ ചെയ്ത ഒരു സിനിമയുമായി ബന്ധപ്പെട്ട് പിന്നീട് ട്രോളുകൾ വരുമ്പോൾ, നമ്മൾ ആ സിനിമ ചെയ്തു കഴിഞ്ഞ് എല്ലാം പൂർത്തിയായ ശേഷമായിരിക്കും അത് വരുന്നത്. അതുകൊണ്ട് അതിൽ മാറ്റം വരുത്താൻ എന്തെങ്കിലും ചെയ്യണമെന്ന് വിചാരിച്ചാലും നടക്കുന്ന കാര്യമല്ല,’ നടൻ പറഞ്ഞു.

ഓരോ സിനിമയും പ്രേക്ഷകർക്ക് ഇഷ്ടപ്പെടണം എന്ന ചിന്തയിലാണ് ചെയ്യാറുള്ളതെന്നും, എന്നാൽ തന്റെ പ്രകടനത്തിൽ ആർക്കെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കിൽ അവരോട് ക്ഷമ ചോദിച്ച് മുന്നോട്ട് പോവുക മാത്രമാണ് ചെയ്യാനുള്ളതെന്നും മാത്യു കൂട്ടിച്ചേർത്തു.

മാത്യു തോമസ്. Photo. Screen Grab/ Youtube

‘ഒരു സിനിമ ചെയ്യുമ്പോൾ അത് എല്ലാവർക്കും ഇഷ്ടപ്പെടണം എന്ന് വിചാരിച്ചാണ് ചെയ്യുന്നത്. എന്നാൽ അതിലൂടെ ആരെയെങ്കിലും വെറുപ്പിച്ചിട്ടുണ്ടെങ്കിൽ സോറി പറയുകയേ നിവൃത്തിയുള്ളൂ. ഇനി വരാനിരിക്കുന്ന സിനിമകളിൽ മുമ്പ് പറ്റിയ തെറ്റുകൾ തിരുത്തി കാര്യങ്ങൾ മികച്ചതാക്കാനാണ് ശ്രമിക്കുന്നത്. അല്ലാതെ ഇതിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. എങ്കിലും ഞാൻ ചെയ്ത സിനിമകൾ ഇഷ്ടപ്പെടുന്ന കുറെ ആളുകളും ഉണ്ടെന്ന് മനസിലാക്കുമ്പോൾ സന്തോഷമുണ്ട്,’ മാത്യു തോമസ് പറഞ്ഞു.

Content Highlight: Mathew talks about the trolls he faces for his movies

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more