| Thursday, 12th March 2026, 11:55 pm

അവന്‍ ഗില്‍ക്രിസ്റ്റിനെ ഓര്‍മിപ്പിച്ചു; ഇന്ത്യയുടെ ലോകകപ്പ് ഹീറോയെ കുറിച്ച് ഹെയ്ഡന്‍

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പിലെ സഞ്ജുവിന്റെ പ്രകടനങ്ങളെ പ്രശംസിച്ച് മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍. ഈഡന്‍ ഗാര്‍ഡന്‍സില്‍ സഞ്ജു നടത്തിയ ഇന്നിങ്സ് മുന്‍ ഓസ്ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റിനെ ഓര്‍മ്മിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

സഞ്ജു വളരെ അപകടകാരിയായ ബാറ്ററാണെന്നും ടോപ് ഓര്‍ഡറില്‍ അങ്ങനെയൊരു താരമുണ്ടെങ്കില്‍ അത് ടീമിന് കരുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓള്‍ ഓവര്‍ ബാര്‍ ദി ക്രിക്കറ്റ് യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഹെയ്ഡന്‍.

മാത്യു ഹെയ്ഡന്‍. Photo: TheXReplier/x.com

‘സഞ്ജുവിനെ നമ്മള്‍ ഐ.പി.എല്ലില്‍ പത്ത് വര്‍ഷമായി കാണുന്നുണ്ട്. ഓപ്പണറായോ മൂന്നാം നമ്പര്‍ ബാറ്ററായോ അവന് സ്ഥിരതയുണ്ടായിരുന്നില്ല. എന്നാല്‍, ഈഡന്‍ ഗാര്‍ഡന്‍സില്‍ അവിശ്വസനീയ ഇന്നിങ്സിലൂടെ അവന്‍ കുതിപ്പ് നടത്തി. അനായാസമായി സ്‌ട്രൈക്ക് കൈമാറി ബാറ്റ് ചെയ്ത രീതി എന്നെ ഗില്ലിയെ (ആദം ഗില്‍ക്രിസ്റ്റ്) ഓര്‍മിപ്പിച്ചു.

2007 ലോകകപ്പില്‍ ഗില്ലി മോശം ഫോമിലായിരുന്നു. എന്നാല്‍ ഫൈനലില്‍ ശ്രീലങ്കക്കെതിരെ അദ്ദേഹം സെഞ്ച്വറി നേടി തിരിച്ചുവരവ് നടത്തി. അതുപോലെ സഞ്ജു കൃത്യ സമയത്ത് തന്റെ വിശ്വരൂപം പുറത്തെടുത്തു. അവനൊരു അപകടകാരിയായ ബാറ്ററാണ്. സഞ്ജുവിനെ പോലൊരു താരം ടോപ് ഓര്‍ഡറില്‍ ഉണ്ടാവുന്നത് ടീമിന് കരുത്താണ്,’ ഹെയ്ഡന്‍ പറഞ്ഞു.

സഞ്ജു സാംസൺ. Photo: BCCi/x.com

2026 ടി – 20 ലോകകപ്പില്‍ സഞ്ജു തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്. ലോകകപ്പിന് മുമ്പ് നിറം മങ്ങിയ താരം പിന്നീട് ഹാട്രിക്ക് അര്‍ധ സെഞ്ച്വറികളുമായി ഇന്ത്യയുടെ പ്രതീക്ഷയായി മാറുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള അവസാന സൂപ്പര്‍ 8 മത്സരത്തില്‍ പുറത്താവാതെ 97 റണ്‍സ് എടുത്താണ് മലയാളി വിക്കറ്റ് കീപ്പര്‍ തിരിച്ചുവരവ് നടത്തിയത്.

പിന്നാലെ, സെമി ഫൈനലിലും ഫൈനലിലും സഞ്ജു 80+ സ്‌കോറുമായി തിളങ്ങി. ടൂര്‍ണമെന്റില്‍ വെറും അഞ്ച് മത്സരങ്ങള്‍ കളിച്ച് താരം 321 റണ്‍സാണ് തന്റെ അക്കൗണ്ടിലാക്കിയത്. ഈ പ്രകടനം താരത്തെ ടൂര്‍ണമെന്റില്‍ വിക്കറ്റ് വീട്ടുകാരില്‍ മൂന്നാമതാക്കി.

ഒപ്പം ഇന്ത്യയുടെ ടോപ് റണ്‍ ഗെറ്ററുമായും സഞ്ജു മാറി. ഈ മികവ് മലയാളി താരത്തിന് ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും സമ്മാനിച്ചു.

Content Highlight: Mathew Hyden says that Sanju Samson performance in T2o World Cup reminded him Adam Gilchrist

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more