| Wednesday, 4th November 2026, 8:10 pm

ചരിത്രത്തിലെ ആദ്യ താരം; റോമ സാമ്രാജ്യം തകർത്തവന് അപൂർവ തിരിച്ചടി

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഉയിർത്തെഴുന്നേൽപ്പ് നടത്തി വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. തുടർതോൽവികളിൽ വലഞ്ഞ ചുവന്ന ചെകുത്താന്മാർ ഇറ്റാലിയൻ ടീം എ.എസ് റോമയെയാണ് കീഴടക്കിയത്. മാഞ്ചസ്റ്ററിന്റെ തട്ടകമായ ഓൾഡ് ട്രാഫോഡിൽ നടന്ന പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് റോമ പരാജയപ്പെട്ടത്.

യുണൈറ്റഡ് പരിശീലകൻ മൈക്കൽ കാരിക്കിന് നിലനില്പിനുള്ള വിജയം കൂടിയായിരുന്നു ഇത്. ബ്രസീലിയൻ താരം മാത്യു കുൻഹയുടെ ഇരട്ട ഗോൾ കരുത്തിലാണ് യുണൈറ്റഡ് ത്രില്ലർ വിജയം കൈപ്പിടിയിലാക്കിയത്. രണ്ട് ഗോളുകൾക്ക് പുറകിൽ നിന്ന ശേഷമായിരുന്നു യുണൈറ്റഡിന്റെ വമ്പൻ തിരിച്ചുവരവ്.

മത്സരം തുടങ്ങി 11ാം മിനിട്ടിൽ തന്നെ മത്യാസ് സോളെയിലൂടെ റോമ ലീഡ് നേടി. ആദ്യ ഗോളിന്റെ ആവേശം കെട്ടടങ്ങും മുമ്പേ 17ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ചുകൊണ്ട് ഡോണെൽ മലൻ റോമക്ക് രണ്ടാം ലീഡ് സമ്മാനിച്ചു. എന്നാൽ രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ ഇറ്റാലിയൻ ക്ലബ്ബിന്റെ പോസ്റ്റിലേക്ക് അടിച്ചുകയറ്റി മാഞ്ചസ്റ്റർ യുണൈറ്റഡ് ത്രില്ലർ വിജയം നേടുകയായിരുന്നു.

58ാം മിനിട്ടിൽ ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു. പിന്നീട് 83, 86 മിനിട്ടുകളിൽ കുൻഹയുടെ ഇരട്ട ഗോളുകൾ കൂടി പിറന്നതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് റോമയെ സ്വന്തം മണ്ണിൽ തകർത്തെറിഞ്ഞു.

യുണൈറ്റഡിന്റെ വിജയശില്പിയായ കുൻഹ ഇഞ്ചുറി ടൈമിൽ ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയും ചെയ്തു. രണ്ട് യെല്ലോ കാർഡുകൾ കണ്ടാണ് താരം പുറത്തായത്. ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ ഒരു താരം തുടർച്ചയായി രണ്ട് യെല്ലോ കാർഡുകൾ കണ്ട് മടങ്ങുന്നത്. യുണൈറ്റഡിന്റെ വമ്പൻ തിരിച്ചുവരവിലും ബ്രസീലിയൻ താരത്തിന് വിചിത്രമായൊരു തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

നിലവിൽ ചാമ്പ്യൻസ് ലീഗ് പോയിന്റ് പട്ടികയിൽ 17ാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. നാല് മത്സരങ്ങളിൽ നിന്നും രണ്ട് വീതം വിജയവും തോൽവിയുമായി ആറ് പോയിന്റാണ് ടീമിനുള്ളത്. ഇംഗ്ലീഷ് പ്രിമീയർ ലീഗിലും ഇതേ സ്ഥാനത്ത് തന്നെയാണ് റെഡ് ഡെവിൾസ്. ഒമ്പത് മത്സരങ്ങളിൽ നിന്നും ഒരു വിജയവും നാല് വീതം തോൽവിയും സമനിലയുമായി ഏഴ് പോയിന്റ് മാത്രമാണ് ടീമിനുള്ളത്.

ഇംഗ്ലീഷ് പ്രിമീയർ ലീഗിൽ നവംബർ എട്ടിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത മത്സരത്തിനിറങ്ങുന്നത്. ആസ്റ്റൺ വില്ല യാണ് എതിരാളികൾ. ഓൾഡ് ട്രാഫോഡിലാണ് മത്സരം.

Content Highlight: Matheus Cunha face a unfortunate setback in UEFA Champions League

We use cookies to give you the best possible experience. Learn more