2026ലെ ഐ.പി.എല്ലിന് മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സന്തോഷ വാര്‍ത്ത. ശ്രീലങ്കന്‍ സൂപ്പര്‍ പേസര്‍ മതീഷ പതിരാന കൊല്‍ക്കത്ത ടീമിനോടൊപ്പം ഉടന്‍ ചേരുമെന്നാണ് വിവരം. പരിക്ക് മൂലം ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ നഷ്ടപ്പെടുമെന്ന് കരുതിയ താരത്തിന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഫിറ്റ്‌നസ് ക്ലിയറന്‍സ് നല്‍കിയിരുന്നില്ല.
താരത്തിന് ഫിറ്റ്‌നസ് നല്‍കിയിട്ടുണ്ടെന്ന് ലങ്കന്‍ ക്രിക്കറ്റ് സെക്രട്ടറി ബുന്ദുല ദിസനായകെ പി.ടി.ഐയോട് പറഞ്ഞിരുന്നു.
ശ്രീലങ്കന്‍ സൂപ്പര്‍ പേസര്‍ മതീഷ പതിരാന
‘എനിക്കറിയാവുന്നിടത്തോളം, അവന്‍ ആരോഗ്യവാനാണ്, ഐ.പി.എല്ലില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ അദ്ദേഹത്തിന് എന്‍.ഒ.സി നല്‍കിയിട്ടുണ്ട്, അദ്ദേഹം പുനരധിവാസം പൂര്‍ത്തിയാക്കി, ആരോഗ്യവാനാണ്. പക്ഷേ, അദ്ദേഹത്തിന്റെ സന്നദ്ധത വിലയിരുത്തേണ്ടത് ഫ്രാഞ്ചൈസിയുടെ ചുമതലയായിരിക്കും. അദ്ദേഹം ഐ.പി.എല്ലില്‍ ചേരാന്‍ തയ്യാറാണ്,’ ദിസനായകെ പറഞ്ഞു.
നേരത്തെ പരുക്കിനെത്തുടര്‍ന്ന് കെ.കെ.ആറിന്റെ ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാനക്ക് ഐ.പി.എല്ലില്‍ കളിക്കാനുള്ള അനുമതി ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
2026ലെ ടി-20 ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തില്‍ തുടയിലേറ്റ പരിക്കാണ് പതിരാനയ്ക്ക് തിരിച്ചടിയായത്. ലോകകപ്പിലെ മറ്റ് മത്സരങ്ങള്‍ താരത്തിന് നഷ്ടമായിരുന്നു. ഫിറ്റ്‌നസ് ക്ലിയറന്‍സ് നേടിയ താരം ഉടന്‍ ടീമിനൊപ്പം ക്യാമ്പിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 18 കോടി രൂപയ്ക്ക് കൊല്‍ക്കത്ത സ്വന്തമാക്കിയ താരം ടീമിലെ പ്രധാന പേസറാണ്.
നേരത്തെ ഇന്ത്യന്‍ പേസര്‍ ഹര്‍ഷിത് റാണയ്ക്ക് പരുക്കേറ്റതും കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായിരുന്നു. പരുക്കിനെത്തുടര്‍ന്ന് റാണയ്ക്ക് ഈ സീസണ്‍ നഷ്ടമാകും. കൂടാതെ, ലേലത്തില്‍ ടീമിലെടുത്ത ബംഗ്ലാദേശ് താരം മുസ്തഫിസൂര്‍ റഹ്‌മാനെ ബി.സി.സി.ഐ നിര്‍ദേശപ്രകാരം ടീമില്‍ നിന്ന് റിലീസ് ചെയ്യേണ്ടി വന്നിരുന്നു.
സിംബാബ്‌വേ താരം ബ്ലെസിങ് മുസാരബാനിയും പതിരാനയുമാണ് നിലവില്‍ കെ.കെ.ആര്‍ ടീമിലെ വിദേശ പേസര്‍മാര്‍. മാര്‍ച്ച് 31ന് പഞ്ചാബ് കിങ്‌സിനെതിരെയാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം.
Content Highlight: Matheesha Pathirana Set To Join KKR Squad