| Monday, 18th August 2025, 2:13 pm

'യുദ്ധം അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കുക'; ഇസ്രഈലില്‍ വന്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഇസ്രഈല്‍-പലസ്ഥീന്‍ യുദ്ധം അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കണമെന്നും ഹമാസുമായി കരാറിലെത്തണമെന്നും ആവശ്യപ്പെട്ട് ഇസ്രഈലില്‍ വന്‍ പ്രതിഷേധം. ഗസ നഗരത്തില്‍ ഇസ്രഈല്‍ ശക്തമായ ആക്രമണമഴിച്ചുവിടുന്നതിന്റെയും പട്ടിണിയില്‍ വലയുന്ന ഗസ ജനതയെ സൈന്യം പലായനത്തിന് നിര്‍ബന്ധിതരാക്കിക്കൊണ്ടിരിക്കുന്നതിനും ഇടയിലാണ് പ്രതിഷേധം.

കഴിഞ്ഞ ദിവസം (ഞായര്‍) രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭ പരിപാടിയില്‍ ഒത്തുചേര്‍ന്നവര്‍ക്കെതിരെ ഇസ്രഈല്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും ജലപീരങ്കികള്‍ ഉപയോഗിക്കുകയും ചെയ്തു. രാത്രിയിലും നടന്ന പ്രക്ഷോഭത്തില്‍ ഏതാണ്ട് അഞ്ച് ലക്ഷത്തോളം ആളുകള്‍ പങ്കെടുത്തതാണ് റിപ്പോര്‍ട്ട്.

യുദ്ധം നടന്ന രണ്ട് വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ ശക്തമായ പ്രക്ഷോഭ പരിപാടിയായിരുന്നു ഇത്. ഇസ്രഈലിലെ പൊതു ഗതാഗതം, ബസുകള്‍, ബിസിനസുകള്‍ എന്നിവ നിര്‍ത്തിവെച്ചും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. മാത്രമല്ല ഇസ്രഈല്‍ കലാകാരന്മാര്‍, സെലിബ്രിറ്റികള്‍, കായികതാരങ്ങള്‍ എന്നിവരും പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചെന്ന് ഇസ്രഈല്‍ പത്രമായ ഹാരറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അഭിഭാഷകരും ഡോക്ടര്‍മാരും ബിസിനസ് ഫോറംസും, ജെറുസലേമിലെ ഹീബ്രു സര്‍വകലാശാല എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന യൂണിയനുകളും പണിമുടക്കില്‍ പങ്കെടുത്തെന്ന് മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.

അതേസമയം പ്രതിഷേധ പരിപാടികള്‍ അംഗീകരിക്കില്ലെന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. പ്രക്ഷോഭകര്‍ക്ക് നേരെ ഇസ്രഈല്‍ സേന ബലപ്രയോഗം നടത്തി. രാജ്യ താത്പര്യത്തിന് വിരുദ്ധമായ പ്രക്ഷോഭ പരിപാടികള്‍ ശക്തമായി നേരിടുമെന്ന് നെതന്യാഹു പറഞ്ഞു.

മാത്രമല്ല ഇതിനിടയില്‍ ഗസ ഏറ്റെടുക്കല്‍ പദ്ധതിയുമായി മുന്നോട്ടു പോകുമ്പോള്‍ തന്നെ താത്കാലിക വെടിനിര്‍ത്തലിന് രാജ്യം സന്നദ്ധമാണെന്ന് ഇസ്രഈല്‍ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ ഗസയില്‍ ഇസ്രഈല്‍ ആക്രമണം ശക്തമായി തുടരുകയാണ്. ജറുസലേം ക്രൈസ്തവ രൂപത നടത്തുന്ന അല്‍ അഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രിക്ക് നേരെ വീണ്ടും ബോംബാക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്. ചികിത്സ തേടിയെത്തിയവര്‍ അടക്കം ഏഴുപേര്‍ കൊല്ലപ്പെടുകയും ഭക്ഷണം തേടിയെത്തിയ 24 പേരെ സേന വെടിവെച്ചുകൊന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഗസ സിറ്റിയില്‍ നിന്ന് ജനങ്ങളെ നിര്‍ബന്ധിത പലായനത്തിന് വിധേയമാക്കാനാണ് അക്രമണം വ്യാപിപ്പിച്ചിരിക്കുന്നത്. ഇതോടെ തെക്കന്‍ ഗസയിലേക്ക് ഫലസ്തീനികളെ പുറന്തള്ളാനാണ് ഇസ്രഈല്‍ ലക്ഷ്യം വെക്കുന്നത്.

Content Highlight: Massive protests in Israel demanding an end to the war

We use cookies to give you the best possible experience. Learn more