| Monday, 29th September 2025, 9:26 pm

പാക് അധീന കശ്മീരിൽ വൻ പ്രക്ഷോഭം; തെരുവിലിറങ്ങി ആയിരങ്ങൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുസാഫറാബാദ്: പാക് അധീന കശ്മീരിൽ പാകിസ്ഥാൻ സർക്കാരിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ. കടകൾ അടച്ചും വാഹനങ്ങൾ തടഞ്ഞും ശക്തമായ പ്രതിഷേധമാണ് നടന്നത്. മുസാഫറാബാദ്, കോട്ലി, റാവൽകോട്ട് എന്നിവിടങ്ങളിൽ ആയിരക്കണക്കിനാളുകളാണ് പ്രതിഷേധത്തിനായി തെരുവിലിറങ്ങിയത്.

വിവിധ സംഘടനകളുടെ സംയുക്ത സമിതിയായ അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മേഖലയുടെ സമഗ്രമായ സാമ്പത്തിക രാഷ്ട്രീയ പരിഷ്കാരങ്ങളാണ് പ്രധാന ആവശ്യമായി പ്രതിഷേധക്കാർ മുന്നോട്ട് വെച്ചത്.

പാക് അധീന കശ്മീരിലെ ജനങ്ങളെ കാലങ്ങളായി പാകിസ്ഥാൻ സർക്കാർ രാഷ്ട്രീയമായും സാമ്പത്തികമായും ഒറ്റപ്പെടുത്തിയെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

പി.ഒ.കെ ഭരണകൂടവും കേന്ദ്രമന്ത്രിമാരുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രതിഷേധം ശക്തമാക്കി അവാമി ആക്ഷൻ കമ്മിറ്റി രംഗത്തെത്തിയത്.

പ്രതിഷേധ മേഖലയിൽ സർക്കാർ വൻ തോതിൽ സുരക്ഷ സേനയെ വിന്യസിച്ച് ഫ്ലാഗ് മാർച്ച് നടത്തുകയും ഇന്റർനെറ്റ് സേവനം വിച്ഛേദിക്കുകയും നഗരത്തിലേക്കുള്ള പ്രധാന പാതകൾ അടയ്ക്കുകയും ചെയ്തു.

പ്രതിഷേധം സമാധാനപരവും വിട്ടുവീഴ്ചയില്ലാത്തതുമായിരിക്കുമെന്ന് അവാമി ആക്ഷൻ കമ്മിറ്റി പറഞ്ഞു. നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങൾ നേടിയെടുക്കും പോരാട്ടങ്ങൾ തുടരുമെന്നും കമ്മിറ്റി വ്യക്തമാക്കി.

പി.ഒ.കെ അസംബ്ലിയിൽ കശ്മീർ അഭയാർത്ഥികൾക്ക് സംവരണം ചെയ്ത 12 സീറ്റുകൾ നിർത്തലാക്കണം, ഇത് പ്രാദേശിക പ്രാതിനിധ്യം ദുർബലപ്പെടുത്തുവെന്നും ഇസ്‌ലാമാബാദിന്റെ അനാവശ്യ ഇടപെടലിന് കാരണമാകുന്നുവെന്നും പ്രതിഷേധക്കാർ ഉന്നയിച്ചു.

മംഗള ജലവൈധ്യുത പദ്ധതി പ്രയോജനകരമാക്കണമെന്നും നിരക്ക് കുറയ്ക്കണമെന്നും സബ്‌സിഡി നിരക്കിൽ ഗോതമ്പ് പൊടി ലഭ്യമാക്കണമെന്നും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ മുൻ ധാരണപ്രകാരമുള്ള പദ്ധതികൾ നടപ്പിലാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു.

Content Highlight: Massive protest in Pakistan-occupied Kashmir; Thousands take to the streets

We use cookies to give you the best possible experience. Learn more