| Monday, 11th August 2025, 7:37 am

യുദ്ധത്തിനെതിരെ ഇസ്രഈലില്‍ ലക്ഷം പേരുടെ പ്രകടനം; ബന്ദികളുടെ കുടുംബങ്ങളും സമരമുഖത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഗസയില്‍ തുടരുന്ന അതിക്രമങ്ങള്‍ക്കെതിരെ ഇസ്രഈലില്‍ വ്യാപക പ്രതിഷേധം. യുദ്ധമല്ല സമാധാനമാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് ലക്ഷത്തോളം വരുന്ന ഇസ്രഈല്‍ ജനതയാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

ഗസയില്‍ ഇസ്രഈല്‍ തുടരുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ക്കും സൈനിക നീക്കങ്ങള്‍ക്കും എതിരെയായിരുന്നു ജനങ്ങള്‍ പ്രതിഷേധവുമായി സമരമുഖത്തെത്തിയത്.

ടെല്‍ അവീവില്‍ ഇസ്രഈലിന്റെ സൈനിക ആസ്ഥാനത്തേക്ക് നടന്ന റാലിയില്‍ ഗസയില്‍ ബന്ദികളാക്കപ്പെട്ട 50 പേരുടെയും ജീവിച്ചിരിക്കുന്നു എന്ന് കരുതപ്പെടുന്ന 20 പേരുടെയും കുടുംബങ്ങളും അണിചേര്‍ന്നിരുന്നു.

‘ഞങ്ങള്‍ക്ക് പറയാനുള്ളത് യുദ്ധം അവസാനിപ്പിക്കണം എന്ന് മാത്രമാണ്. അവിടെ ബന്ദികളാക്കപ്പെട്ടവര്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. അവരെ എത്രയും പെട്ടന്ന് തന്നെ തിരികെ നാട്ടിലെത്തിക്കണം,’ പ്രതിഷേധക്കാരെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

നെതന്യാഹുവിന്റെ യുദ്ധക്കൊതി അവശേഷിക്കുന്ന ബന്ദികളുടെ ജീവന് ഭീഷണിയാണെന്ന ആശങ്കയും പ്രതിഷേധക്കാര്‍ പ്രകടിപ്പിച്ചു. ബന്ദികളെ നാട്ടിലെത്തിക്കാന്‍ അടിയന്തരമായി വെടിനിര്‍ത്തലിന് തയ്യാറാകണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

‘തുടക്കത്തില്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്ന 350ഓളം വരുന്ന സൈനികര്‍ക്ക് നെതന്യാഹുവിന്‍രെ രാഷ്ട്രീയ യുദ്ധത്തില്‍ പങ്കെടുത്താന്‍ താത്പര്യമുണ്ടായിരുന്നില്ല. അവിടെ നിരപരാധികളെ പട്ടിണിക്കിടുകയാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം ബന്ദികള്‍ക്കും ഭീഷണിയാണ്,’ പ്രതിഷേധത്തില്‍ പങ്കെടുത്ത മുന്‍ ഇസ്രഈലി സൈനികന്‍ പ്രതികരിച്ചു. താന്‍ സൈനികവൃത്തി ഉപേക്ഷിച്ചുവെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

‘ഇത് കേവലം സൈനിക നീക്കം മാത്രമല്ല. ഇത് ഞങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന ആളുകളുടെ മരണത്തിന് കൂടി കാരണമായേക്കുന്ന തീരുമാനമാണ്,’ ബന്ദിയാക്കപ്പെട്ട ഒമ്‌രി മിരാന്റെ പങ്കാളി ലിഷായ് മിരാന്‍ ലാവിയെ ഉദ്ധരിച്ച് റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക ഇടപെട്ട് യുദ്ധം എത്രയും പെട്ടന്ന് തന്നെ അവസാനിപ്പിക്കണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

‘അവര്‍ (സര്‍ക്കാര്‍) ഭ്രാന്തമായ തീരുമാനങ്ങളെടുക്കുകയാണ്. രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്കെതിരെയാണ് അവരുടെ ഓരോ നടപടികളും’ സമതരത്തില്‍ പങ്കെടുത്ത റെറ്റിറി റാമിയെന്ന 69കാരി ഗാര്‍ഡിയനോട് പറഞ്ഞു.

ഇസ്രഈല്‍ പതാക വീശിയും ബന്ദികളാക്കപ്പെട്ടവരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിയുമാണ് ഇവര്‍ പ്രതിഷേധിച്ചത്. നെതന്യാഹുവിനെതിരെയുള്ള പോസ്റ്ററുകളും ഇവര്‍ ഉയര്‍ത്തിയിരുന്നു.

യുദ്ധം ഉടന്‍ തന്നെ അവസാനിപ്പിക്കണമെന്നും ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കണെന്നുമാണ് ഇസ്രഈലിന്റെ പൊതുവികാരം. രാജ്യത്തിനകത്ത് നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും ഇസ്രഈലിന്റെ നീക്കങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇസ്രഈലിന്റെ ഏറ്റവുമടുത്ത യൂറോപ്യന്‍ സഖ്യകക്ഷികളും ഈ നീക്കത്തെ വിമര്‍ശിച്ചിരുന്നു.

എന്നാലിപ്പോഴും ഗസ പിടിച്ചടക്കാനുള്ള ഇസ്രഈലിന്റെ നടപടിയെ ന്യായീകരിക്കുക മാത്രമാണ് ബെഞ്ചമിന്‍ നെതന്യാഹു ചെയ്യുന്നത്. ബന്ദികളെ മോചിപ്പിക്കാനുള്ള നടപടികളുണ്ടായുമെന്നും നെതന്യാഹു പ്രതികരിച്ചു.

Content Highlight: Massive protest against Benjamin Netanyahu in Israel

We use cookies to give you the best possible experience. Learn more