| Tuesday, 7th July 2026, 12:39 pm

വയനാട് തുരങ്കപാത നിര്‍മാണ മേഖലയില്‍ വന്‍ മണ്ണിടിച്ചില്‍: ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം, അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

ആദർശ് എം.കെ.

കല്‍പ്പറ്റ: വയനാട് മേപ്പാടിയിലെ തുരങ്കപാത നിര്‍മാണ മേഖലയില്‍ വന്‍ മണ്ണിടിച്ചില്‍. കള്ളാടി മീനാക്ഷി പാലത്തിന് സമീപം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്.

മലവെള്ളപ്പാച്ചിലിനൊപ്പം വന്‍തോതില്‍ മണ്ണും പാറയും ഇടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരങ്ങള്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ മേപ്പാടിയില്‍ പെയ്തത് 226 മില്ലി മീറ്റര്‍ അതിതീവ്ര മഴയാണ്. മഴയ്ക്ക് പിന്നാലെയാണ് അപകടമെന്നാണ് വിലയിരുത്തല്‍.

അഞ്ച് പേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഒരാളെ മണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തു. മണ്ണിടിച്ചിലിന് പിന്നാലെ മേപ്പാടി – ചൂരല്‍മല റോഡില്‍ ഗതാഗതം പൂര്‍ണമായും നിലച്ചു.

തൊഴിലാളികളെ കൊണ്ടുപോകാനായി നിര്‍ത്തിയിട്ടിരുന്ന ഒരു സ്വകാര്യ ബസ് പൂര്‍ണമായും മണ്ണിനടിയിലായതായാണ് റിപ്പോര്‍ട്ടുകള്‍. അപകടം നടക്കുമ്പോള്‍ ബസിനുള്ളില്‍ ആളുകള്‍ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

പ്രദേശത്ത് വന്‍തോതില്‍ മണ്ണ് വീണതിനെ തുടര്‍ന്ന് മീനാക്ഷി പാലം കടുത്ത അപകടാവസ്ഥയിലാണ്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സമീപത്തെ താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കല്‍പ്പറ്റയില്‍ നിന്നുള്ള അഞ്ച് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍ നിന്നുള്ള കൂടുതല്‍ യൂണിറ്റുകളും ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘവും മേപ്പാടിയിലേക്ക് തിരിച്ചിട്ടുണ്ട്.

എന്നാല്‍ പ്രദേശത്ത് തുടരുന്ന അതിതീവ്ര മഴയും കനത്ത മൂടല്‍മഞ്ഞും രക്ഷാപ്രവര്‍ത്തനത്തിന് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. റവന്യൂ, കൃഷി മന്ത്രിമാരോട് അടിയന്തരമായി വയനാട്ടിലെത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദുരന്തബാധിത പ്രദേശത്ത് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കാന്‍ മന്ത്രി എ. പി. അനില്‍കുമാര്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ടി. സിദ്ദിഖ് എം.എല്‍.എ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്.

Content Highlight: Massive landslide at the Wayanad tunnel road construction site: People feared trapped; Chief Minister convenes emergency meeting.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more