കെയ്റോ: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയ്ക്ക് സമീപം തിരക്കേറിയ ഹൈവേയില്‍ പെട്രോളിയം ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ വന്‍ തീപിടിത്തത്തില്‍ 31 പേര് മരിക്കുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തയായി ഈജിപ്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗിസ ഗവര്‍ണറേറ്റിലെ ഇംബാബ ജില്ലയിലുള്ള അല്‍-വറാഖ് മേഖലയില്‍, നഗരത്തെ ചുറ്റുന്ന പ്രധാന റിങ് റോഡിലെ ടണല്‍ 10-ന് മുകളിലായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്.
സ്വകാര്യ കരാറുകാരന്റെ ഉടമസ്ഥതയിലുള്ള ടാങ്കര്‍ ലോറി പെട്രോളിയം ഉത്പന്നങ്ങളുമായി പോവുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ലോറി റോഡിന്റെ ഡിവൈഡര്‍ മറികടന്ന് മറിയുകയും പൊട്ടിത്തെറിച്ച് തീപിടിക്കുകയുമായിരുന്നു.
ലോറിയിലുണ്ടായിരുന്ന ഇന്ധനം റോഡിലൂടെ ഒഴുകിപ്പരന്നത് തീ അതിവേഗം വ്യാപിക്കാന്‍ കാരണമായി. അപകട സമയത്ത് റോഡിലുണ്ടായിരുന്ന 27ഓളം വാഹനങ്ങള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. കത്തുന്ന വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയവരെ അഗ്നിരക്ഷാസേനയും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ആകാശത്തേക്ക് കറുത്ത പുകച്ചുരുളുകള്‍ ഉയരുന്നതിന്റെയും തുടര്‍ച്ചയായ പൊട്ടിത്തെറികളുടെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിവരമറിഞ്ഞയുടന്‍ 39 ആംബുലന്‍സുകളും ഈജിപ്ഷ്യന്‍ റെഡ് ക്രസന്റ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. ഗുരുതരമായി പൊള്ളലേറ്റവരെയും പുക ശ്വസിച്ച് അവശരായവരെയും സമീപത്തെ മൂന്ന് ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
ആരോഗ്യമന്ത്രി ഡോ. ഖാലിദ് അബ്ദുല്‍ ഗഫാര്‍ ആശുപത്രികളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുകയും അപകടസ്ഥലവും ചികിത്സാ കേന്ദ്രങ്ങളും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.
പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞതിനാല്‍, ആളുകളെ തിരിച്ചറിയുന്നതിനായി ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കത്തിക്കരിഞ്ഞ വാഹനാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും റിങ് റോഡിലെ ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തതായാണ് വിവരം.
ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസി അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും നല്കാന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. ഇറ്റലി, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളും അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
Content Highlight: Massive fire in Cairo after a petroleum tanker overturns; 31 dead, 21 injured.