| Tuesday, 24th March 2026, 11:00 am

ടെക്‌സസിലെ ഓയില്‍ റിഫൈനറിയില്‍ വന്‍ സ്‌ഫോടനം; താമസക്കാരെ ഒഴിപ്പിച്ചു

അനിത സി

ടെക്‌സസ്: യു.എസിലെ ടെക്‌സസിലെ ഓയില്‍ റിഫൈനറിയില്‍ വന്‍ സ്‌ഫോടനം. വലേറോ റിഫൈനറിയുടെ ഒരു ഭാഗം പൊട്ടിത്തെറിച്ചതായാണ് സൂചന. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഉഗ്രശബ്ദത്തോടെ ഉണ്ടായ സ്‌ഫോടനത്തിന് പിന്നാലെ പ്രദേശത്താകെ ഇരുണ്ട പുക പരന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രദേശത്തെ താമസക്കാരോട് സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറാന്‍ അധികാരികള്‍ നിര്‍ദേശിച്ചു. സ്‌ഫോടനത്തില്‍ പ്രദേശത്തെ കെട്ടിടങ്ങളും വീടുകളും ശക്തമായി കുലുങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തിങ്കളാഴ്ച വൈകുന്നേരം വരെയുള്ള പരിശോധനകളില്‍ റിഫൈനറിയിലെ ജീവനക്കാര്‍ക്കുള്‍പ്പെടെ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എല്ലാ ജീവനക്കാരും സുരക്ഷിതരായി തന്നെ പുറത്തെത്തിയിട്ടുണ്ടെന്ന് വലേറോ എനര്‍ജി കോര്‍പ്പറേഷന്‍ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയോടെയാണ് സ്‌ഫോടനമുണ്ടായത്. ടെക്‌സസിലെ പോര്‍ട്ട് ആര്‍തറിന്റെ പടിഞ്ഞാറ് ഭാഗത്തുണ്ടായ സ്‌ഫോടനമാണ് വലേറോ റിഫൈനറിയേയും ബാധിച്ചതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

പൊട്ടിത്തെറിക്ക് പിന്നാലെ സള്‍ഫറിന്റെ ഗന്ധത്തിന് സമാനമായ ദുര്‍ഗന്ധവും പ്രദേശമാകെ വ്യാപിപ്പിച്ചെന്നും കറുത്ത പുക കാരണം ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്ന ആശങ്കയുണ്ടെന്നും പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

സ്‌ഫോടനത്തിന് പിന്നാലെ ജനങ്ങളെ ഒഴിപ്പിക്കാനുള്ള നടപടി പ്രാദേശിക ഭരണകൂടം കൈക്കൊണ്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

നിലവില്‍ പ്രദേശവാസികളെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ് പ്രദേശിക ഭരണകൂട വൃത്തങ്ങള്‍ അറിയിച്ചു.

റിഫൈനറിയിലെ ഹീറ്റിങ് യൂണിറ്റുമായി ബന്ധപ്പെട്ട അപകടമാവാം സ്‌ഫോടനത്തിലേക്ക് നയിച്ചതെന്ന് ജെഫേഴ്‌സണ്‍ കൗണ്ടി ഷെരീഫ് സീന സ്റ്റീഫന്‍ അഭിപ്രായപ്പെട്ടു.

വലേറോ പോര്‍ട്ട് ആര്‍തര്‍ റിഫൈനറി ടെക്‌സസ്-ലൂസിയാന അതിര്‍ത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ 770ഓളം ജീവനക്കാരുണ്ട്. പ്രതിദിനം 435000 ബാരലധികം ഗ്യാസോലിന്‍, ഡീസല്‍, ജെറ്റ് ഇന്ധനം തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന റിഫൈനറിയാണിത്.

Content Highlight: Massive explosion at oil refinery in Texas; residents ordered to evacuate

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more