| Monday, 10th November 2025, 9:22 pm

ചെങ്കോട്ടയ്ക്ക് സമീപത്തെ ഉഗ്ര സ്‌ഫോടനം; അനുശോചനമറിയിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്ഫോടനത്തില്‍ അനുശോചനമറിയിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് എം.പിയായ പ്രിയങ്ക ഗാന്ധിയും.

ദല്‍ഹിയിലെ സ്‌ഫോടന വാര്‍ത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. സ്ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്റെ ദുംഖത്തില്‍ പങ്കുചേരുന്നതായും രാഹുല്‍ അറിയിച്ചു.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ദല്‍ഹിയിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വാര്‍ത്ത അങ്ങേയറ്റം ഹൃദയഭേദകമാണെന്ന് പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു.

മരണപ്പെട്ടവരുടെ കുടുംബത്തോട് പ്രിയങ്ക അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടേയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഇന്ന് (തിങ്കള്‍) വൈകുന്നേരം 6.52 ഓടെയാണ് ദല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനമുണ്ടായത്. ലാല്‍കില മെട്രോ സ്റ്റേഷന് സമീപത്താണ് സ്‌ഫോടനം നടന്നത്. പൊട്ടിത്തെറിച്ചത് ഹ്യുണ്ടായി 20 കാറാണെന്ന് സൂചനയുണ്ട്.

എന്‍.എസ്.ജി, എന്‍.ഐ.എ, ഫോറന്‍സിക് സംഘങ്ങള്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. സ്‌ഫോടനത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലും മുംബൈയിലും കേരളത്തിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlight: Massive blast near Red Fort; Rahul Gandhi and Priyanka Gandhi express condolences

We use cookies to give you the best possible experience. Learn more