| Friday, 29th August 2025, 3:34 pm

മലയാളത്തില്‍ സ്ത്രീ പ്രാതിനിധ്യമുള്ള സിനിമയില്ലെന്ന് പറഞ്ഞവര്‍ എന്ത്യേ, മാസ് കാണിച്ച് കൈയടി നേടുന്ന ചന്ദ്ര

അമര്‍നാഥ് എം.

മലായളസിനിമയെ സംബന്ധിച്ച് അത്ഭുതപ്പെടുത്തിയ വര്‍ഷമായിരുന്നു 2024. കണ്ടന്റ് കൊണ്ട് ഓരോ സിനിമയും വ്യത്യസ്ത അനുഭവമായതിനോടൊപ്പം ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയാവുകയും ബോക്‌സ് ഓഫീസില്‍ മുന്നേറുകയും ചെയ്ത സിനിമകളായിരുന്നു കഴിഞ്ഞവര്‍ഷം കൂടുതലും വന്നത്. എന്നാല്‍ അതിനിടയില്‍ ചിലര്‍ അവരുടെ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഹിറ്റാകുന്ന സിനിമകളിലെല്ലാം പുരുഷന്മാരാണ് പ്രധാനവേഷത്തിലെന്നും സ്ത്രീകള്‍ക്ക് ആ കഥകളില്‍ യാതൊരു പ്രധാന്യവുമില്ലെന്നായിരുന്നു കനി കുസൃതി അടക്കമുള്ള നടികള്‍ വിമര്‍ശിച്ചത്. എന്നാല്‍ ആവേശം പോലുള്ള കഥകളില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യമുണ്ടാകില്ലെന്ന് പറഞ്ഞുകൊണ്ട് ചിന്നു ചാന്ദ്‌നിയെപ്പോലുള്ള നടിമാരും രംഗത്തെത്തി.

അടുത്തിടെ ആവേശം പോലുള്ള സിനിമകള്‍ ചെയ്യാന്‍ കഴിയുന്ന നടിമാര്‍ മലയാളം ഇന്‍ഡസ്ട്രിയിലും ഉണ്ടെന്ന് ദര്‍ശന രാജേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ താരം സൈബര്‍ അറ്റാക്ക് നേരിടുകയും ചെയ്തു. സ്ത്രീകള്‍ക്ക് ആക്ഷന്‍ സീന്‍ ചെയ്ത് ഫലിപ്പിക്കാനാകില്ലെന്ന് ചിലര്‍ ധരിച്ചിട്ടുണ്ടെന്നാണ് ചില നടിമാര്‍ വാദിക്കുന്നത്.

എന്നാല്‍ ആ വാദം തെറ്റാണെന്നും മാസ് സീന്‍ വര്‍ക്കാകാന്‍ ജെന്‍ഡര്‍ ഒരു പ്രശ്‌നമല്ലെന്ന് തെളിയിക്കുന്നതാണ് ലോകാഃ ചാപ്റ്റര്‍ വണ്ണിന്റെ വിജയം. മലയാളത്തിലെ ആദ്യത്തെ വുമണ്‍ സൂപ്പര്‍ഹീറോ ചിത്രമായാണ് ലോകാഃ പ്രദര്‍ശനത്തിനെത്തിയത്. സൂപ്പര്‍ഹീറോയിനായി അതിഗംഭീര പ്രകടനമാണ് കല്യാണി കാഴ്ചവെച്ചത്.

ആക്ഷന്‍ സീനുകളിലെല്ലാം കല്യാണിയുടെ മെയ് വഴക്കം പലരെയും ഞെട്ടിച്ചു. അനായാസമായി ഒരോ ആക്ഷന്‍ സീനും കൈകാര്യം ചെയ്യുന്ന കല്യാണിക്ക് നിരവധി അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. സാന്‍ഡി അവതരിപ്പിച്ച നാച്ചിയപ്പ ഗൗഡ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച രീതിയും ആ കഥാപാത്രവും ചന്ദ്രയും തമ്മിലുള്ള കോണ്‍ഫ്‌ളിക്റ്റുകളുമെല്ലാം യാതൊരു ഏച്ചുകെട്ടലുമില്ലാതെയാണ് സംവിധായകന്‍ ഡൊമിനിക് അരുണ്‍ അവതരിപ്പിച്ചത്.

ചിത്രത്തില്‍ സഹ തിരക്കഥാകൃത്തായി പ്രവര്‍ത്തിച്ചത് നടി ശാന്തി ബാലചന്ദ്രനാണ്. സ്ത്രീ കഥാപാത്രങ്ങള്‍ മാസ് കാണിച്ചതിന് പിന്നില്‍ മറ്റൊരു സ്ത്രീയാണെന്ന വസ്തുത എടുത്തുപറേയണ്ട ഒന്നാണ്.

ശക്തനായ വില്ലനായിരുന്നിട്ട് കൂടി നായിക വില്ലനെ തോല്പിക്കുന്ന രംഗം വളരെ കണ്‍വിന്‍സിങ്ങായിരുന്നു. മലായളത്തിലെ സ്റ്റൈലിഷ് ഫിലിം മേക്കറായ അമല്‍ നീരദിന് തന്റെ കഴിഞ്ഞ ചിത്രമായ ബോഗെയ്ന്‍വില്ലയില്‍ പിഴച്ചയിടത്താണ് ഡൊമിനിക് വിജയിച്ചത്. ബോഗെയ്ന്‍വില്ലയിലെ ക്ലൈമാക്‌സില്‍ ശ്രിന്ദയുടെ കഥാപാത്രം കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തെ അടിച്ചിട്ട ശേഷം പറയുന്ന ഡയലോഗ് ട്രോളന്മാര്‍ വലിച്ചുകീറിയിരുന്നു.

പ്രേക്ഷകര്‍ക്ക് കണ്‍വിന്‍സാകാത്ത രീതിയില്‍ ആക്ഷന്‍ സീനുകള്‍ ചെയ്താല്‍ മുഖം നോക്കാതെ മലയാളികള്‍ വലിച്ചുകീറുമെന്നതിന് ഒരുപാട് ഉദാഹരണങ്ങളുണ്ട്. മാമാങ്കം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ആക്ഷന്‍ സീനുകളെല്ലാം ഇന്നും ട്രോള്‍ പേജുകളുടെ ഇരയാണ്. നല്ല രീതിയില്‍ ആക്ഷന്‍ സീനുകളെടുക്കാനും അതിലെ മാസ് എലമെന്റ് പ്രേക്ഷകരില്‍ വര്‍ക്കാക്കാനും ചെറിയ കഴിവൊന്നും പോര.

ലോകത്തിലെ മിക്ക ഭാഷകളിലെയും സിനിമകള്‍ കാണുന്ന മലയാളികളുടെ മുന്നിലേക്ക് നല്ല സിനിമകള്‍ കൊടുത്തില്ലെങ്കില്‍ അവര്‍ ഉറപ്പായും വലിച്ചുകീറിയിരിക്കും. ഇത്തരം രംഗങ്ങള്‍ കണ്‍വിന്‍സാകുന്ന രീതിയിലെടുത്താല്‍ അതിനെ അഭിനന്ദിക്കാനും മടി കാട്ടാറില്ല. ലോകാഃ ഒരു പുതിയ ചുവടുവെപ്പാണ്. ഇനിയും ഇത്തരം സിനിമകള്‍ ഇന്‍ഡസ്ട്രിയില്‍ വരുമെന്ന് പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍.

Content Highlight: Mass scenes were convinced by Kalyani Priyadarshan in Lokah Chapter One

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more