കൊച്ചി: മുന്നറിയിപ്പില്ലാതെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ച് വിട്ട് കൊറോ ഹെല്‍ത്ത് കമ്പനി. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇത്തരത്തില്‍ ജീവനക്കാരെ മുന്‍കൂട്ടി കാരണം അറിയിക്കാതെ പിരിച്ച് വിട്ടിരിക്കുന്നത്.
കൊച്ചിയിലും കോഴിക്കോടുമായി പ്രവര്‍ത്തിക്കുന്ന ഓഫീസുകളാണ് അടച്ചുപൂട്ടിയിരിക്കുന്നത്. ജീവനക്കാര്‍ രാവിലെ ജോലിക്കായി എത്തിയപ്പോഴായിരുന്നു വിവരമറിയുന്നത്. ഏകദേശം 800 ലധികം ജീവനക്കാരെയാണ് പിരിച്ച് വിട്ടിരിക്കുന്നത്.
എന്നാല്‍ മൂന്ന് മാസത്തിനുള്ളില്‍ കോംപന്‍സേഷന്‍ നല്‍കുമെന്നാണ് കമ്പനിയുടെ വിശദീകരണം. കമ്പനിക്ക് ലാഭമില്ലെന്നും നടത്തികൊണ്ടുപോവാന്‍ ബുദ്ധിമുട്ടാണെന്നുമുള്ള ന്യായമാണ് പിരിച്ചുവിടലിന് പിന്നാലെ കമ്പനി നിരത്തുന്നത്.
എന്നാല്‍ പതിനായിരത്തോളം ജീവനക്കാരുള്ള സ്ഥാപനം ഉത്തര്‍പ്രദേശിലും ഹൈദരാബാദിലും പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടത്തുമ്പോള്‍ കേരളത്തിലെ ജീവനക്കാരെ മാത്രം ഒഴിവാക്കുന്നത് വിവേചനമാണെന്നും ജീവനക്കാര്‍ പറഞ്ഞു.
നീതിലഭിക്കുന്നവരെ പ്രതിഷേധിക്കാനാണ് ജീവനക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സംഭവം വാര്‍ത്തയായതോടെ ഉമാ തോമസ് എം.എല്‍.എ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. എം.എല്‍.എ കൊച്ചിയിലെ കമ്പനിയിലെത്തി ജീവനക്കാരുമായി സംസാരിക്കുകയും പിരിച്ചുവിട്ട നടപടി മരവിപ്പിച്ചതായും അറിയിച്ചു.
ആറാം തിയതി ഇത് സംബന്ധിച്ച് കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും തൊഴില്‍ മന്ത്രി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും ഉമാ തോമസ് അറിയിച്ചു.
Content Highlight: Mass layoffs at Kochi-based Coro Health; around 800 employees left in the lurch.