| Wednesday, 4th June 2025, 4:47 pm

പണി തുടങ്ങും മുമ്പെ കര്‍മ ന്യൂസില്‍ കൂട്ട പിരിച്ചു വിടല്‍; സ്വപ്‌ന സുരേഷടക്കമുള്ളവരെ പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കര്‍മ ന്യൂസിന്റെ സാറ്റലൈറ്റ് ചാനലായ പ്രജ്ഞ ന്യൂസില്‍ കൂട്ടപിരിച്ചുവിടല്‍. സാമ്പത്തിക പ്രതിസന്ധിയെന്ന് ചുണ്ടിക്കാണിച്ചാണ് മുന്‍കൂട്ടി ഒരു മുന്നറിയിപ്പും നല്‍കാതെ 16 ഓളം ജീവനക്കാരെ പ്രജ്ഞ ന്യൂസ് പിരിച്ച് വിട്ടത്.

ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍, രണ്ട് വീഡിയോ എഡിറ്റേഴ്സ്, രണ്ട് ഗ്രാഫിക് ഡിസൈനര്‍മാര്‍, കാമറാമാന്‍, രണ്ട് മാര്‍ക്കറ്റിങ് സ്റ്റാഫ്, സ്വപ്ന സുരേ ഉള്‍പ്പെടെയുള്ളവരെയാണ് പിരിച്ചുവിട്ടത്. കമ്പനിയുടെ ദക്ഷിണേഷ്യയിലെ എക്‌സിക്യൂട്ടീവ് ഓഫീസറായി കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി സ്വപ്‌ന സുരേഷ് പ്രവര്‍ത്തിച്ച് വരികയായിരുന്നു.

മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയും മറ്റൊരു ജോലി ശരിയാക്കാനുള്ള സാവകാശം തരായതെയുമാണ് കമ്പനി ജീവനക്കാരെ പിരിച്ച് വിട്ടതെന്ന് ജീവനക്കാര്‍ ആരോപിച്ചു. ജനുവരി 15 നാണ് ഇവര്‍ പ്രജ്ഞ ന്യൂസില്‍ ജോയിന്‍ ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ വൈറ്റില ഇടപ്പള്ളി ബൈപാസില്‍ സ്ഥിതി ചെയ്യുന്ന ഒബ്‌റോണ്‍മാളില്‍ ആയിരുന്നു ജോലി സ്ഥലം ഒരുക്കിയത്. പിന്നീട് വെണ്ണലയില്‍ ചാനലിന് വേണ്ടി പുതുതായി നിര്‍മ്മിക്കുന്ന സ്റ്റുഡിയോ സമുച്ചയത്തിലേക്ക് മാറ്റി.

അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായി ഒരുക്കാതെയാണ് ജീവനക്കാരെ ഓഫീസ് കെട്ടിടട്ടില്‍ നിന്ന്‌ മാറ്റിയതെന്ന് പിരിച്ചുവിട്ട ജീവനക്കാര്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് അയച്ച പരാതിയില്‍ പറയുന്നു. 11 മാധ്യമ പ്രവര്‍ത്തകര്‍, 2 വീതം ക്യാമറ, എഡിറ്റിങ്ങ്, ഗ്രാഫിക്‌സ് ടീമാണ് ഈ ഓഫീസില്‍ ഉണ്ടായിരുന്നത്.

ചാനലിന്റെ സമൂഹമാധ്യമ പേജുകളില്‍ വാര്‍ത്ത കാര്‍ഡുകള്‍, വീഡിയോകള്‍ ചെയ്യുകയായിരുന്നു ഇവരുടെ ജോലി. മൂന്ന് ഷിഫ്റ്റുകളായിട്ടാണ് ജോലി ചെയ്തിരുന്നത്.

ഇതിനിടയിലാണ് മാനേജ്‌മെന്റ് തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കമ്പനി സി.ഇ.ഒ ശ്രീ സോംദേവിന് മര്‍ദനമേല്‍ക്കുയും ആ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തത്. ഇത് കമ്പനിയില്‍ പ്രശ്‌നങ്ങള്‍ വഷളാക്കി.

ഇതിനിടെയില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ സ്ഥാപനത്തില്‍ നിന്നും രാജിവെച്ചു. ജീവനക്കാര്‍ക്ക് ജോലിയില്ലാതെ ഓഫീസില്‍ വെറുതെ ഇരിക്കുന്ന സാഹചര്യം വരെ വന്നു. ആ സമയത്ത് കമ്പനി സി.ഇ.ഒ മാധ്യമ പ്രവര്‍ത്തകരുടെ യോഗം വിളിച്ച് പുതിയ പേരില്‍ സ്ഥാപനം നിലവില്‍ വരുമെന്നും ആരുടെയും ജോലിയെ പ്രതികൂലമായി ബാധിക്കില്ലെന്നും സി.ഇ.ഒ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ മെയ്‌ 20 ന് രാത്രി 12 മണിയോടെ ഞങ്ങളെ മെയ് 31 ന് ജോലിയില്‍ നിന്ന് പിരിച്ച് വിട്ട് കൊണ്ടുള്ള നോട്ടീസ് കമ്പനി എച്ച്.ആറിന്റെ ഇമെയിലില്‍ നിന്ന് ജീവനക്കാര്‍ക്ക് ലഭിച്ചു. സാമ്പത്തിക പ്രതിസന്ധിയെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങുന്ന രണ്ട് പേരെ പിരിച്ച് വിട്ടിട്ടില്ല. മൂന്ന് പേര്‍ 50,000 രൂപയില്‍ അധികം പ്രതിഫലം വാങ്ങുന്നവരുമാണ്.

പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചതിന് ശേഷം ജീവനക്കാര്‍ രണ്ട് തവണ സി.ഇ.ഒ സോംദേവിനേയും എച്ച്.ആര്‍ ടിംസണേയും നേരില്‍ കണ്ട് പ്രശ്‌നങ്ങള്‍ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെയുള്ളവരെ ഇന്റര്‍വ്യൂ ചെയ്തത് എക്‌സ് കാലിബര്‍ എന്ന സ്ഥാപനത്തിലെ പ്രതിനിധിയായ ടിംസണ്‍ ഉള്‍പ്പെടുന്നവരാണ്. ടിംസണ്‍ തന്നെയാണ് മെയ് 21 അര്‍ധരാത്രി ജീവനക്കാരെ പിരിച്ചു വിട്ടുകൊണ്ടുള്ള നോട്ടീസ് അയച്ചത്. മാത്രമല്ല അഞ്ച് വര്‍ഷത്തേക്ക് കമ്പനിക്കെതിരെ ഞങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്ന് ഒപ്പിട്ട് നല്‍കണമെന്ന് ഭീഷണിപ്പെടുത്തി മെയ് 28 ന് മറ്റൊരു മെയിലും ഇവര്‍ ജീവനക്കാര്‍ക്ക് അയച്ചിരുന്നു.

മാനേജ്മെന്റിന്റെ നടപടിക്കെതിരെ എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ക്കും കേരള പത്രപ്രവര്‍ത്തക യൂണിയനും പരാതി നല്‍കിയിട്ടുണ്ട്.

പിരിച്ചുവിട്ട് ജീവനക്കാര്‍ ആറുമാസത്തെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ഇത് പിന്നീട് മൂന്ന് മാസമാക്കി ചുരുക്കിയെങ്കിലും കമ്പനി വഴങ്ങിയില്ല. മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടതിന് സ്വപ്ന സുരേഷ് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ ഇത് പിന്നീട് ഡിലീറ്റ് ആക്കി.

പിരിച്ചപവിട്ട ജീവനക്കാരെ ഉടന്‍ തിരിച്ച് എടുക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാല്‍ സി.ഇ.ഒ സോംദേവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയൊരു തൊഴില്‍ അന്വേഷിച്ചു കണ്ടെത്തുന്നതിനുള്ള സമയം പോലും അനുവദിക്കാതെയുള്ള ഈ തൊഴിലാളി വിരുദ്ധ നടപടി അത്യന്തം പ്രതിഷേധകരമാണെന്നും മതിയായ നഷ്ടപരിഹാരം പോലും അനുവദിക്കാതെയാണു പിരിച്ചുവിടല്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതികരിച്ചു.

Content Highlight: Mass layoffs at Karma News before work begins; Swapna Suresh and others fired

We use cookies to give you the best possible experience. Learn more