റിയാദ്: സൗദി അറേബ്യയുടെ സ്വപ്‌നപദ്ധതിയായ നിയോമം പ്രൊജക്ടിലെ 1000ത്തോളം ജീവനക്കാരെ പിരിച്ച് വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രൊജക്ടില്‍ ജോലി ചെയ്യുന്ന ഫുള്‍ ടൈം ജീവനക്കാരുടെ 20%ത്തോളം വരുമിത്.
നിയോമിന്റെ നിര്‍മാണം നടക്കുന്ന പ്രദേശത്ത് നിന്ന് ജീവനക്കാരെ റിയാദിലേക്ക് മാറ്റാനും തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. നിയോം സിറ്റിയുടെ നിര്‍മാണം സൗദി അറേബ്യ നിയന്ത്രിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് കൂട്ടപ്പിരിച്ചുവിടലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
നിയോമിന്റെ പ്രായോഗികത കുറച്ച് നാളുകളായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. വിദൂര പ്രദേശത്തേക്ക് നിന്ന് മാറി സ്ഥിതി ചെയ്യുന്ന നിയോമിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ രാജ്യത്തിന് കഴിയുമോ എന്ന സംശയം ഏറെനാളായി നിലനില്‍ക്കുന്നുണ്ട്. 1.5 ട്രില്യണ്‍ ഡോളര്‍ ചെലവഴിച്ച് നിര്‍മിക്കുന്ന തബൂക്ക് പ്രവിശ്യയിലെ നഗര പ്രദേശമായ നിയോം, സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മിഷന്‍ 2030ന്റെ ഭാഗമാണ്.
നിയോമിനെക്കുറിച്ച് ഒരു സമഗ്രമായ അവലോകനം നടത്താന്‍ സൗദി തീരുമാനിച്ചതായി ദി ഫിനാന്‍ഷ്യല്‍ ടൈംസ് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിയോമിന് 5,000 ഫുള്‍ ടൈം ജീവനക്കാരും 140,000 കോണ്‍ട്രാക്ടര്‍മാരുമുണ്ടെന്ന് മുന്‍ സി.ഇ.ഒ യായ നദ്മി അല്‍ നസര്‍ മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ നദ്മി അല്‍ നസര്‍ തന്നെ പദ്ധതിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പിന്‍വാങ്ങി.
നിയോം പ്രൊജക്ടിലൂടെ നദ്മി ഏറെ പ്രശസ്തി നേടിയിരുന്നു. പ്രൊജക്ടിന്റെ ഭാഗമായി ആളുകളെ കുടിയൊഴിപ്പിക്കുമ്പോള്‍ അടിമകളെപ്പോലെ അവരെ ഓടിച്ചുവെന്ന അദ്ദേഹത്തിന്റ പരാമര്‍ശം ഏറെ വിവാദമായിരുന്നു.
2017ല്‍ ആരംഭിച്ച പ്രൊജക്ടിനായി സൗദി അറേബ്യയുടെ പി.ഐ.എഫ് സോവറിന്‍ വെല്‍ത്ത് ഫണ്ടില്‍ നിന്ന് ഇതിനകം നൂറ് മില്യണ്‍ ഡോളറിലധികം ചെലവഴിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് നഗരത്തിന്റെ 33 മടങ്ങ് വലുപ്പത്തില്‍ നിര്‍മിക്കുന്ന ഈ പ്രദേശം സൗദിക്ക് എണ്ണ വിപണിക്കപ്പുറത്തുള്ള മറ്റൊരു വിപണി സാധ്യത തുറക്കും എന്ന് പ്രതീക്ഷ നല്‍കിയിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറയുന്നതിനാല്‍ സൗദി പ്രധാനവരുമാന മാര്‍ഗമായി നിയോമിനെ പ്രതീക്ഷിച്ചിരുന്നു.
Content Highlight: Mass layoff’s at Saudi Arabia’s Neom project