| Saturday, 22nd October 2022, 4:10 pm

ഐ.എസിന്റെ ക്രൂരത; വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡമാസ്‌കസ് : സിറിയയില്‍ ഐ.എസ് ഇരകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) നിയന്ത്രിച്ച പ്രദേശമായ സിറിയന്‍ നഗരമായ പാല്‍മിറയിലാണ് ശവക്കുഴികള്‍ കണ്ടെത്തിയത്.

ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ ക്രൂരതക്കിരയായവരുടെ മൃതദേഹാവശിഷ്ട്ങ്ങളുള്ള ശവക്കുഴികളാണിതെന്നാണ് സിറിയന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

12 പേരുടെ മൃതദേഹാവശിഷ്ട്ങ്ങള്‍ ഇവിടെ നിന്ന് കണ്ടെത്തിയതായി സിറിയന്‍ ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരണപ്പെട്ടവരുടെ ബന്ധുക്കളെ കണ്ടെത്തി മൃതദേഹം തിരിച്ചറിയാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളിലൊന്നാണ് പാല്‍മിറ. 2015-2016 കാലഘട്ടത്തിലാണ് ഇസ്‌ലാമിക് സ്റ്റേറ്റ് ഈ പ്രദേശം നിയന്ത്രിച്ചിരുന്നത്. ഈ കാലഘട്ടത്തില്‍ നിരവധി പേരെയാണ് ഇസ്‌ലാമിക് സ്റ്റേറ്റ് കൊന്നുകളഞ്ഞിരുന്നത്. കൊലപാതകത്തിന്റെ വീഡിയോകളടക്കം ഐ.എസ് അന്ന് പ്രചരിപ്പിച്ചിരുന്നു.

പാല്‍മിറയിലെ ഐ.എസ് ക്രൂരത വലിയ അന്താരാഷ്ട്ര പ്രതിഷേധത്തിന് കാരണമായിരുന്നു. തുടര്‍ന്ന് 2017ലാണ് സിറിയന്‍ സൈന്യം പാല്‍മിറ തിരിച്ചുപിടിച്ചത്.

2,000 വര്‍ഷം പഴക്കമുള്ള റോമന്‍ സംസ്‌കാരത്തിന്റെ ഭാഗമായ തൂണുകളും അമൂല്യമായ പുരാവസ്തുക്കളുമുള്ള പാല്‍മിറയെ ‘മരുഭൂമിയുടെ മണവാട്ടി’ എന്നാണ് സിറിയക്കാര്‍ വിശേഷിപ്പിക്കുന്നത്. 2011ല്‍ സിറിയയിലെ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് പാല്‍മിറയില്‍ 65,000ത്തോളം ആളുകള്‍ താമസിച്ചിരുന്നതായാണ് കണക്കുകള്‍ പറയുന്നത്.

2011ല്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ ഭരണത്തിനെതിരെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സിറിയ ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങിയത്. യുദ്ധത്തില്‍ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും രാജ്യത്തിന്റെ വലിയൊരു ഭാഗം നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.

CONTENT HIGHLIGHT: Mass graves of IS victims found in Palmyra, Syria; Syrian News Agency report

We use cookies to give you the best possible experience. Learn more