| Friday, 26th December 2025, 5:22 pm

കര്‍ണാടകയിലെ കൂട്ടകുടിയൊഴിപ്പിക്കല്‍; കോണ്‍ഗ്രസ് എന്തുപറഞ്ഞ് ന്യായീകരിക്കും? മുഖ്യമന്ത്രി

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്തെ മുസ്‌ലിം ജനത വര്‍ഷങ്ങളായി താമസിച്ചുവരുന്ന ഫക്കീര്‍ കോളനിയും വസീം ലേഔട്ടും ബുള്‍ഡോസര്‍ വെച്ച് തകര്‍ത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദനയുളവാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കര്‍ണാടകയില്‍ കണ്ടത്. കൊടുംതണുപ്പില്‍ ഒരു ജനതയാകെ തെരുവിലിറക്കപ്പെട്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിതര്‍ ആയിരിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഉത്തരേന്ത്യന്‍ മോഡലിലുള്ള ബുള്‍ഡോസര്‍ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവെച്ച് വരുമ്പോള്‍ അതിന്റെ കാര്‍മികത്വം വഹിച്ചത് കര്‍ണാടകയിലെ കോണ്‍ഗ്രസാണെന്നത് ആശ്ചര്യകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പാവപ്പെട്ടവര്‍ക്ക് കിടപ്പാടമൊരുക്കി കൊടുക്കാനും ഒരാളെയും താമസസ്ഥലത്തുനിന്ന് ഇറക്കി വിടാതിരിക്കാനും മുന്‍കൈയെടുക്കേണ്ട ഭരണാധികാരികള്‍, ഇത്തരത്തില്‍ ബലംപ്രയോഗിച്ച് കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിനെ എന്തുപറഞ്ഞാണ് കോണ്‍ഗ്രസ് ന്യായീകരിക്കുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.

മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഇത്തരം കുടിയൊഴിപ്പിക്കലുകള്‍ ജനാധിപത്യത്തിന് തന്നെ വെല്ലുവിളിയാണെന്ന് രാജ്യസഭാ എം.പി എ.എ. റഹീം പ്രതികരിച്ചു. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയും പുനരധിവാസം ഉറപ്പാക്കാതെയും സാധാരണക്കാരെ വഴിയാധാരമാക്കുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരെ സമൂഹം ശബ്ദമുയര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അനീതി വിവാദമായതോടെ സി.പി.ഐ.എം നേതാക്കള്‍ പ്രശ്‌നബാധിത മേഖല സന്ദര്‍ശിച്ചു. ബെംഗളൂരുവിലെ വസീം ലേഔട്ടിലും ഫക്കീര്‍ കോളനിയിലുമാണ് സി.പി.ഐ.എം നേതാക്കള്‍ സന്ദര്‍ശനം നടത്തിയത്.

പൊളിച്ചുമാറ്റല്‍ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ത്താന്‍ ‘കൊഗിലു ലേഔട്ട് ചേരി പൊളിക്കല്‍ വിരുദ്ധ സമിതി’ രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.

Content Highlight: Mass evictions in Karnataka; What will Congress say to justify them? Pinarayi Vijayan

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more