ടെഹ്‌റാൻ: ശരിയായ നയതന്ത്ര ചർച്ചകൾ നടത്തണമെങ്കിൽ പ്രകോപനകരമായ നീക്കങ്ങൾ യു.എസ് അവസാനിപ്പിക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസസ്ഷ്കിയാൻ.
ഇറാനുമായി ശരിയായ നയതന്ത്ര ചർച്ചകൾ നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ മേഖലയിൽ യു.എസ് നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള സൈനിക ഭീഷണികൾക്കിടെയാണ് ഇറാൻ പ്രസിഡന്റിന്റെ പ്രസ്താവന
വ്യാഴാഴ്ച ഖത്തർ ഭരണാധികാരി തമീം ബിൻ അഹമ്മദ് അൽതാനിയും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി നടത്തിയ ഫോൺ സംഭാഷണത്തിലായിരുന്നു ഇറാൻ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്.
‘അമേരിക്കൻ പക്ഷം ശരിയായ ചർച്ചകളും നയതന്ത്രവും ആഗ്രഹിക്കുന്നുവെങ്കിൽ അത്തരം പ്രകോപനകരവും പിരിമുറുക്കമുളവാക്കുന്നതുമായ നീക്കങ്ങൾ അവസാനിപ്പിക്കുകയും. ആശയവിനിമയത്തിനായി തയ്യാറാവുകയും വേണം,’ മസൂദ് പെസസ്ഷ്കിയാൻ പറഞ്ഞു.
ഇറാൻ ഒരിക്കലും ഒരു യുദ്ധത്തിനും തുടക്കമിട്ടിട്ടില്ലെന്നും പ്രാദേശിക സമാധാനവും സുരക്ഷയും അസ്ഥിരപ്പെടുത്തുന്ന ഒരു സംഘർഷത്തെയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധങ്ങളും സംഘർഷങ്ങളും ഒരു പക്ഷത്തിന്റെയോ പാർട്ടിയുടേയോ താത്പര്യത്തിനനുസരിച്ച് നടക്കേണ്ടതാണെന്ന് തൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഏതൊരു ആക്രമണത്തെയും ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങൾ ആശയ വിനിമയത്തിന്റെയും നയതന്ത്രങ്ങളുടെയും പാതയ്ക്ക് പ്രധാന്യം നൽകുന്നുവെന്നും ചർച്ചകൾക്കിടയിൻ ഭീഷണി നേരിടാനോ ആക്രമിക്കപ്പെടാനോ അനുവദിക്കില്ലെന്നും ഇറാൻ പ്രസിഡന്റ് പറഞ്ഞു.
സൈനിക ഭീഷണികളിലൂടെ നയതന്ത്രം അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങൾ ഫലപ്രദമല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Content Highlight: Masoud Pesachskiyan to US: Provocative moves must stop if proper diplomatic talks are to be held