| Monday, 1st December 2025, 12:58 pm

മസാല ബോണ്ട് വൻ അഴിമതി; പിണറായിയും മോദിയും തമ്മിൽ ഭായി- ഭായി ബന്ധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ളത് ഭായി ഭായി ബന്ധമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

തെരഞ്ഞടുപ്പ് കാലത്തെ ഇ.ഡി. നോട്ടീസ് സി.പി.ഐ.എമ്മിനെ സഹായിക്കാനാണെന്നും മുഖ്യമന്ത്രിക്കെതിരെ ഇ.ഡി നോട്ടീസ് മുൻപ് വന്നിട്ടുണ്ടെന്നും എന്നാൽ അവ ആവിയായി പോയെന്നും ചെന്നിത്തല പറഞ്ഞു.

മസാല ബോണ്ട് ഇടപാടിലെ ഇ.ഡി നോട്ടീസിൽ വലിയ
വിശ്വാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മസാല ബോണ്ട് ഗൗരവമുള്ള ഇടപാടാണെന്നും കൃത്യമായതും സത്യസന്ധവുമായ അന്വേഷണമാണെങ്കിൽ സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ആർട്ടിക്കിൾ 293 (1) അനുസരിച്ച് ഈ കടമെടുപ്പ് തെറ്റാണെന്നും ലാവ്‌ലിൻ കമ്പനിയെ സഹായിക്കലാണ് ഇതിലൂടെയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

വൻ അഴിമതിയാണ് മസാല ബോണ്ടിൽ നടന്നതെന്നും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വന്ന ഇ.ഡി നോട്ടീസിൽ വലിയ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബി മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സംസ്ഥാന സർക്കാരിന് ഇന്ന് (തിങ്കൾ) നോട്ടീസ് അയച്ചിരുന്നു. പിന്നാലെ മസാല ബോണ്ടില്‍ ഒരു തരത്തിലുമുള്ള ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ നിലപാടറിയിച്ചിരുന്നു.

നിയമ വിരുദ്ധമായി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും മസാല ബോണ്ടിന്റെ പണം തിരിച്ചു നല്‍കിയതായും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഇ.ഡി അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് മുഖ്യമന്ത്രി ഉടന്‍ മറുപടി നല്‍കും. മൂന്ന് വര്‍ഷം നീണ്ട അന്വേഷണത്തിന് പിന്നാലെയാണ് ഇ.ഡി മുഖ്യമന്ത്രിക്ക് നോട്ടീസയച്ചത്.

Content Highlight: Masala bond scam: Pinarayi and Modi have brother-in-law relationship

We use cookies to give you the best possible experience. Learn more