| Tuesday, 16th February 2016, 3:56 pm

സാഫ് ഗെയിംസ്; മേരി കോമിനും സരിതയ്കും പൂജയ്കും സ്വര്‍ണം

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഷില്ലോങ്: സാഫ് ഗെയിംസില്‍ വനിതകളുടെ ബോക്‌സിങ്ങ് ഇനത്തില്‍ ഇന്ത്യയുടെ എം.സി മേരി കോമിനും എല്‍.സരിതാ ദേവിക്കും സുവര്‍ണ നേട്ടം. 12ാം സാഫ് ഗെയിംസില്‍ വനിതാ ബോക്‌സിങ്ങ് ഇനത്തില്‍ പൂജാറാണിയുടെ മെഡല്‍ അടക്കം ഇന്ത്യയ്ക്കിന്ന് മൂന്ന് സ്വര്‍ണമെഡലുകള്‍ ലഭിച്ചു.

ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ ജേതാവായ മേരികോം തോളിനു പരിക്കേറ്റതിനു ശേഷം ഉഗ്രന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ശ്രീലങ്കയുടെ അനുഷ കൊടിത്വാക്കു ദില്‍രുക്ഷിയെയാണ് 51 കിലോ ഗ്രാം ബോക്‌സിങ്ങില്‍ മേരി കോം പരാജയപ്പെടുത്തിയത്. മേരി കോം മത്സരത്തില്‍ മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ അനുഷയ്ക് നിയന്ത്രണം നഷ്ടപ്പെടുകയും കൈമുട്ടിനു പരിക്കേല്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് താരത്തിന് ഇടവേള ആവശ്യമായിവരികയും ചെയ്തു. പരിക്കില്‍ നിന്നു മുക്തമാകാന്‍ മൂന്നുമാസത്തെ സമയമെടുക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു. ശ്രീലങ്കയിലെ ആദ്യ വനിതാ ബോക്‌സിങ്ങ് താരവും 2003ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷപ്പില്‍ സ്വര്‍ണ മെഡല്‍ ജേതാവുമാണ് അനുഷ.

എതിരാളിയായി ആരാണെങ്കിലും തനിക്ക് സന്തോഷമാണെന്ന് മേരികോം പറഞ്ഞു. കുട്ടികള്‍ ഉണ്ടായതിനു ശേഷം തിരിച്ചുവരവ് അത്ര എളുപ്പമായിരുന്നില്ലെന്നും ടീമിനോട് തനിക്ക് നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.

ഇന്ത്യയുടെ പൂജാ റാണി ദേവി വനിതകളുടെ 75കിലോ ഗ്രാം ബോക്‌സിങ്ങിലാണ് വിജയിയായത്. മത്സരങ്ങളില്‍ നിന്ന് ഒരു വര്‍ഷം വിലക്കിലായിരുന്ന സരിതാ ദേവി മറ്റൊരു ലങ്കന്‍ എതിരാളിയായ വിദുഷിക പ്രഭാതിയെ പരാജയപ്പെടുത്തിക്കൊണ്ട് സ്വര്‍ണമെഡല്‍ കരസ്ഥമാക്കി.

We use cookies to give you the best possible experience. Learn more