ടെല്‍ അവീവ്: ഗസ സമാധാന പദ്ധതി പ്രകാരം കൈമാറ്റം ചെയ്യേണ്ട തടവുകാരുടെ പട്ടികയില്‍ നിന്നും ഫലസ്തീന്‍ മണ്ടേല എന്നറിയപ്പെടുന്ന ഫത്താ നേതാവ് മര്‍വന്‍ ബര്‍ഗൂതിയുടെ പേര് ഒഴിവാക്കി ഇസ്രഈല്‍.
48 ഇസ്രഈലി തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി ഇസ്രഈലിന്റെ തടവില്‍ കഴിയുന്ന ബര്‍ഗൂതിയടക്കമുള്ള ഫലസ്തീന്‍ നേതാക്കളുടെ മോചനമായിരുന്നു ഹമാസ് ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ അവസാന നിമിഷം കൈമാറ്റ പട്ടികയില്‍ നിന്നും ബര്‍ഗൂതിയുടെ പേര് ഇസ്രഈല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നീക്കം ചെയ്യുകയായിരുന്നെന്ന് ഫലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇത് ഗസ കരാറിനെ തന്നെ ദുര്‍ബലപ്പെടുത്തുന്ന നീക്കമായാണ് കണക്കിലാക്കുന്നത്.
നേരത്തെ, യു.എസ് പ്രതിനിധിയായ സ്റ്റീവ് വിറ്റ്‌കോഫ് ഉള്‍പ്പെടെയുള്ള മധ്യസ്ഥര്‍ ബര്‍ഗൂതിയുടെ മോചനത്തിന് അംഗീകാരം നല്‍കിയിരുന്നു. അഹമ്മദ് സാദത്ത്, ഹസന്‍ സലാമ തുടങ്ങിയ നേതാക്കളുടെ പേരും കൈമാറ്റ പട്ടികയില്‍ നിന്നും ഇസ്രഈല്‍ നീക്കം ചെയ്തിട്ടുണ്ട്. ഇതോടെ വെടിനിര്‍ത്തല്‍ കരാര്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
ബര്‍ഗൂതിക്കൊപ്പം ഹമാസ് നേതാവ് അബ്ബാസ് അല്‍-സയീദ്, പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ (പി.എഫ്.എല്‍.പി) സെക്രട്ടറി ജനറല്‍ അഹമ്മദ് സാദത്ത്, ഖസാം ബ്രിഗേഡ് ചീഫ് എഞ്ചിനീയറായ അബ്ദുല്ല ബര്‍ഗൂതി എന്നിവരുള്‍പ്പടെയുള്ളവരുടെ മോചനമാണ് ഹമാസ് ആവശ്യപ്പെട്ടിരുന്നത്.
ഫലസ്തീനികള്‍ക്കിടയില്‍ ഹീറോ പരിവേഷമുള്ള ബര്‍ഗൂതിയുടെ സ്വാതന്ത്ര്യം ഇസ്രഈല്‍ ഭയപ്പെടുന്നതിന്റെ സൂചനയാണ് അദ്ദേഹത്തിന്റെ പേര് കൈമാറ്റ പട്ടികയില്‍ നിന്നും നീക്കം ചെയ്തതിലൂടെ വ്യക്തമയിരിക്കുന്നത്. 2002 മുതല്‍ തടവില്‍ കഴിയുകയാണ് ബര്‍ഗൂതി. യാസര്‍ അറഫാത്തിന്റെ പിന്‍ഗാമിയെന്ന് വിശ്വസിക്കപ്പെടുന്ന ഫലസ്തീന്‍ നേതാവ് കൂടിയാണ് ബര്‍ഗൂതി.
രണ്ടാം ഇന്‍തിഫാദയുടെ സമയത്താണ് ഫലസ്തീന്‍ ജനതയുടെ മനസില്‍ വലിയ സ്വാധീനമുള്ള നേതാവായി ബര്‍ഗൂതി വളര്‍ന്നുവന്നത്. പിന്നീട് റാമല്ലയില്‍ വെച്ച് കൊലപാതക കുറ്റം ചുമത്തിയാണ് ഇസ്രഈല്‍ സൈന്യം അദ്ദേഹത്തെ തടവിലാക്കിയത്. അഞ്ച് ജീവപര്യന്തം തടവിനാണ് അന്ന് ശിക്ഷിക്കപ്പെട്ടത്. കേസില്‍ വിചാരണക്കിടെ സ്വന്തം വാദങ്ങള്‍ അവതരിപ്പിക്കാനുള്ള ബര്‍ഗൂതിയുടെ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടിരുന്നു.
പല കാലങ്ങളിലായി നടന്ന ചര്‍ച്ചകളിലൊക്കെയും ബര്‍ഗൂതിയുടെ മോചനം ഹമാസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഓരോ തവണയും ഇസ്രഈലും യു.എസും നിരസിക്കുകയായിരുന്നു. 2024ലും 2025ലും ബന്ദി കൈമാറ്റ ചര്‍ച്ചകളില്‍ ഹമാസ് ബര്‍ഗൂതിയുടെ മോചനം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇസ്രഈല്‍ നിരസിച്ചു.
നിലവിലെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിനേക്കാളും ജനപ്രീതിയുള്ള നേതാവാണ് ബര്‍ഗൂതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ ബര്‍ഗൂതിയുടെ മോചനം ഫലസ്തീന്‍ അതോറിറ്റിയിലെ ചില നേതാക്കളിലും അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെന്ന നിരീക്ഷണവും ശക്തമാണ്.
Content Highlight: Marwan Barghouti removed from transfer list; Israel’s move at the last minute