വമ്പന്‍ പ്രതീക്ഷ നല്‍കിയ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ശോഭിക്കാതെ പോയ ഫേസ് സിക്‌സിന് ശേഷം തങ്ങളുടെ അടുത്ത ഫേസിന് മാര്‍വല്‍ തുടക്കം കുറിച്ചിരിക്കുകയാണ്. ഫേസ് സെവനിലെ ആദ്യചിത്രമായ ഫന്റാസ്റ്റിക് ഫോര്‍; ഫസ്റ്റ് സ്റ്റെപ്പിന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. മാര്‍വലിന്റെ അടുത്ത തിയേറ്റര്‍ റിലീസ് 2026 ജൂലൈയിലാണ്.
എന്നാല്‍ അതിന് മുമ്പ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചില സീരീസുകള്‍ മാര്‍വല്‍ പുറത്തിറക്കുന്നുണ്ട്. അതില്‍ ആദ്യത്തെ സീരീസായ മാര്‍വല്‍ സോമ്പീസിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. വേറെ ലെവല്‍ ഐറ്റമാകും ഈ സീരീസെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഒരുപാട് സര്‍പ്രൈസുകള്‍ ഈ അനിമേഷന്‍ സിരീസിലുണ്ടാകുമെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നുണ്ട്.
സോമ്പി വൈറസ് ബാധിച്ച് അവഞ്ചേഴ്‌സിലെ സൂപ്പര്‍ഹീറോസെല്ലാം മരിച്ചെന്ന് ട്രെയ്‌ലറില്‍ പറയുന്നു. സോമ്പിയായി മാറിയ സൂപ്പര്‍ഹീറോകളെയെല്ലാം തളക്കാന്‍ തണ്ടര്‍ബോള്‍ട്‌സ് ശ്രമിക്കുന്നതാണ് സീരീസിന്റെ ഇതിവൃത്തം. പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത പലതും ഇതിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. യെലെന, റെഡ് ഡെവില്‍, ബ്ലേഡ് തുടങ്ങിയവരാണ് വില്ലന്മാരെ നേരിടുന്നത്.
മാര്‍വലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വില്ലനായ താനോസും സീരീസിലുണ്ട്. ഒപ്പം സ്‌പൈഡര്‍മാന്റെ സാന്നിധ്യവും മാര്‍വല്‍ സോമ്പീസിന്റെ മാറ്റ് കൂട്ടുന്നു. തോറും സ്‌കാര്‍ലെറ്റ് വിച്ചും തമ്മിലുള്ള സംഘട്ടനം, ബ്ലേഡും ഗോസ്റ്റും തമ്മിലുള്ള യുദ്ധം എന്നിവയാണ് ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ പലരും ചര്‍ച്ച ചെയ്യുന്നത്.
വകാണ്ട ഫോറെവറിലെ വില്ലനായ നെമോര്‍, മിസ് മാര്‍വലിലെ കമല ഖാന്‍, ഷാങ് ചീ, ആന്റ് മാന്‍ തുടങ്ങി പല വമ്പന്‍ കഥാപാത്രങ്ങളും മാര്‍വല്‍ സോമ്പീസിലുണ്ട്. വയലന്‍സിന്റെ അതിപ്രസരമുള്ള ഈ അനിമേഷന്‍ മിനി സീരീസ് സെപ്റ്റംബര്‍ 24ന് സ്ട്രീമിങ് ആരംഭിക്കും. ആറ് എപ്പിസോഡുകളാണ് ഈ സീരീസിലുള്ളത്. വാട്ട് ഇഫിന്റെ സ്പിന്‍ ഓഫ് ആയാണ് ഈ സീരീസ് എത്തുന്നതെന്നാണ് റൂമറുകള്‍.
സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ, അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ എന്നിവയാണ് മാര്‍വലിന്റെ അടുത്ത തിയേറ്റര്‍ റിലീസുകള്‍. രണ്ട് ചിത്രങ്ങളുടെയും ഷൂട്ട് ലണ്ടനിലും മറ്റുമായി നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് സിനിമകളില്‍ നഷ്ടമായ പ്രതാപം തിരിച്ചുപിടിക്കാനാണ് മാര്‍വല്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 2026ലാണ് രണ്ട് ചിത്രങ്ങളും തിയേറ്ററുകളിലെത്തുക.
Content Highlight: Marvel Zombies series trailer out now