| Friday, 12th September 2025, 5:13 pm

വില്ലന്‍ നിസാരക്കാരനല്ല, താനോസിനെ വരെ നിലംപരിശാക്കാന്‍ കെല്പുള്ളയാള്‍, ഡോക്ടര്‍ ഡൂമിനെക്കുറിച്ച് സൂചന നല്‍കി മാര്‍വല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ. ലോകസിനിമയിലെ സകല കളക്ഷന്‍ റെക്കോഡുകളും ചിത്രം തകര്‍ത്തെറിയുമെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്. ഫേസ് സെവനില്‍ മാര്‍വലിന്റെ ഏറ്റവും ഹൈപ്പുള്ള ചിത്രം കൂടിയാണ് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ.

11 വര്‍ഷത്തോളം മാര്‍വലിന്റെ മുഖമായി നിന്ന റോബര്‍ട് ഡൗണി ജൂനിയര്‍ എം.സി.യുവിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഡൂംസ് ഡേ. 2008ല്‍ പുറത്തിറങ്ങിയ അയണ്‍ മാന്‍ മുതലാണ് ആര്‍.ഡി.ജെ മാര്‍വലിന്റെ ഭാഗമായത്. 2019ല്‍ റിലീസായ എന്‍ഡ് ഗെയിമില്‍ മികച്ച യാത്രയയപ്പാണ് അയണ്‍ മാന് ലഭിച്ചത്. രണ്ടാം വരവില്‍ വില്ലനായാണ് ആര്‍.ഡി.ജെ പ്രത്യക്ഷപ്പെടുന്നത്.

ഡോക്ടര്‍ ഡൂം എന്ന കഥാപാത്രത്തെയാണ് റോബര്‍ട്ട് ഡൗണി ജൂനിയര്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം നടന്ന സാന്‍ ഡിയാഗോ കോമിക് കോണില്‍ വെച്ചാണ് ഡോക്ടര്‍ ഡൂമിനെ അവതരിപ്പിക്കുന്നത് ആര്‍.ഡി.ജെയാണെന്ന് മാര്‍വല്‍ അറിയിച്ചത്. മാര്‍വല്‍ കോമിക്‌സിലെ ഏറ്റവും ശക്തനായ വില്ലനാണ് ഡോക്ടര്‍ ഡൂം.

ഇപ്പോഴിതാ ഈ കഥാപാത്രം എത്രത്തോളം ശക്തനാണെന്ന് മാര്‍വല്‍ സൂചന നല്‍കിയിരിക്കുകയാണ്. മാര്‍വലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വില്ലന്മാരിലൊരാളായ താനോസിനെപ്പോലും എളുപ്പത്തില്‍ നിഷ്പ്രഭനാക്കാനുള്ള ശക്തി ഡോക്ടര്‍ ഡൂമിനുണ്ടെന്ന് മാര്‍വല്‍ കാണിച്ചിരിക്കുകയാണ്. ഷാങ്ഹായില്‍ കഴിഞ്ഞദിവസം നടന്ന ലൈറ്റ് ഷോയിലാണ് മാര്‍വല്‍ ഈ രംഗം അവതരിപ്പിച്ചത്.

തന്റെ കൈയിലെ ഏറ്റവും ശക്തിയുള്ള ആയുധമായ മജെസ്റ്റിക് റിങ് ഉപയോഗിച്ചാണ് താനോസിനെ കൊല്ലുന്നത്. അവഞ്ചേഴ്‌സിലെ സകല സൂപ്പര്‍ഹീറോകളെയും വിറപ്പിച്ച വില്ലനെപ്പോലും നിസാരമായി ഇല്ലാതാക്കിയ ഡോക്ടര്‍ ഡൂമിനെ തളക്കാന്‍ ഇപ്പോഴുള്ള സൂപ്പര്‍ഹീറോസെല്ലാം പാടുപെടുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഡോക്ടര്‍ ഡൂമായി ആര്‍.ഡി.ജെ ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

എന്‍ഡ് ഗെയിമിന് ശേഷം ഏറ്റവുമധികം സൂപ്പര്‍ഹീറോസ് പ്രത്യക്ഷപ്പെടുന്ന ചിത്രം കൂടിയാണ് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ. തോര്‍, ഡോക്ടര്‍ സ്‌ട്രെയ്ഞ്ച്, ഷാങ് ചീ, ഫന്റാസ്റ്റിക് ഫോര്‍, ബ്ലാക്ക് പാന്തര്‍, ആന്റ് മാന്‍, യെലെന, ലോകി, തുടങ്ങിയ സൂപ്പര്‍ഹീറോസ് ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. 2026 ഡിസംബറില്‍ ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Marvel shows a glimpse of Doctor Doom in a Light show

We use cookies to give you the best possible experience. Learn more