അവഞ്ചേഴ്‌സില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളിലൊരാളാണ് മാര്‍ക്ക് റുഫല്ലോ. ഹള്‍ക്കായി വേഷമിട്ടതിലൂടെ മാര്‍വലില്‍ പ്രത്യേക ഫാന്‍ ബേസ് സ്വന്തമാക്കിയ മാര്‍ക്ക് മറ്റ് സിനിമകളിലും ഞെട്ടിച്ചിട്ടുണ്ട്. പുവര്‍ തിങ്‌സ്, നൗ യൂ സീ മീ, മിക്കി 17, ഷട്ടര്‍ ഐലന്‍ഡ് തുടങ്ങിയ സിനിമകളിലൂടെ മാര്‍ക്ക് തന്നിലെ നടനെ അടയാളപ്പെടുത്തി. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാര്‍ക്കിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
താരത്തെ ഡിസ്‌നി സ്റ്റുഡിയോസ് പുറത്താക്കിയെന്ന തരത്തില്‍ പല പേജുകളും റിപ്പോര്‍ട്ട് ചെയ്യുന്നു. 500 മില്യണിന്റെ കോണ്‍ട്രാക്ട് ലംഘിച്ചെന്നും ഭരണകൂടത്തിനെതിരെ സംസാരിച്ചെന്നും ആരോപിച്ചാണ് മാര്‍ക്കിനെ പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഹള്‍ക്ക് എന്ന കഥാപാത്രം ഭാഗമാകുന്ന മാര്‍വലിന്റെ ഭാവി പ്രൊജക്ടുകളുടെ കാര്യം അവതാളത്തിലായെന്നും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ ഇതെല്ലാം വ്യാജവാര്‍ത്തയാണെന്ന് ഡിസ്‌നി ആരാധകര്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. മാര്‍ക്കിനെ പുറത്താക്കിയതായി ഇതുവരെ ഒരു സ്ഥിരീകരണവും ഡിസ്‌നിയുടെ ഭാഗത്ത് നിന്ന് വന്നിട്ടില്ലെന്നാണ് ആരാധകരുടെ മറുപടി. മാര്‍വലിന്റേതായി ഇനി പുറത്തിറങ്ങാനുള്ള സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേയില്‍ മാര്‍ക്ക് ഭാഗമാകുന്നുണ്ട്.
അടുത്തിടെ നടന്ന ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ദാന ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മാര്‍ക്ക് വലിയ രീതിയില്‍ വിമര്‍ശിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മോശം മനുഷ്യനെന്നാണ് ട്രംപിനെ മാര്‍ക്ക് വിശേഷിപ്പിച്ചത്. അമേരിക്കന്‍ ഭരണകൂടം കൈക്കൊള്ളുന്ന മനുഷ്യത്വരഹിതമായ നടപടികള്‍ക്കെതിരെയും മാര്‍ക്ക് ശബ്ദമുയര്‍ത്തി. ട്രംപ് അനുകൂലികളെ ഇത് ചൊടിപ്പിച്ചു.
ഇതിന് പിന്നാലെയാണ് മാര്‍ക്കിനെ ഡിസ്‌നി പുറത്താക്കിയെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചത്. ട്രംപ് അനുകൂലികളാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ക്ക് പിന്നിലെന്നും ആരോപണമുണ്ട്. മാര്‍വലില്‍ നിലവില്‍ തിളങ്ങി നില്‍ക്കുന്ന താരങ്ങളിലൊരാളാണ് മാര്‍ക്ക് റുഫല്ലോ. താരത്തെ അങ്ങനെ പുറത്താക്കാനാകില്ലെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്.
മാര്‍വലിന്റെ ബ്രഹ്‌മാണ്ഡ പ്രൊജക്ടായ അവഞ്ചേഴ്‌സ് ഡൂംസ്‌ഡേയില്‍ താന്‍ ഭാഗമാകുന്നില്ലെന്ന് മാര്‍ക്ക് റുഫല്ലോ അടുത്തിടെ ഒരു അഭിമുഖത്തില്‍ അറിയിച്ചിരുന്നു. മാര്‍വലിലെ സകല സൂപ്പര്‍ഹീറോകളും ഒന്നിക്കുന്ന പ്രൊജക്ടില്‍ ഹള്‍ക്ക് ഇല്ലാത്തതില്‍ ആരാധകര്‍ നിരാശയിലാണ്. സോഷ്യല്‍ മീഡിയ മുഴുവന്‍ നിറഞ്ഞുനിന്ന അഭ്യൂഹം വ്യാജമാണെന്ന സന്തോഷത്തിലാണ് ഹള്‍ക്ക് ഫാന്‍സ്.
Content Highlight: Marvel fans claiming the rumor about Mark Ruffalo in Marvel is fake