തിയേറ്ററില്‍ ആവേശം തീര്‍ത്ത പഴയ സിനിമകളെല്ലാം റീ റിലീസ് ചെയ്യുന്ന ട്രെന്‍ഡാണ് ഇപ്പോള്‍ സിനിമാലോകത്ത്. പഴയകാല ക്ലാസിക് സിനിമകള്‍ മുതല്‍ ആവേശത്തിലാക്കിയ മാസ് സിനിമകള്‍ വരെ ഈ ട്രെന്‍ഡിനൊപ്പം സഞ്ചരിക്കുന്നുണ്ട്. ഹോളിവുഡിലെ പല വമ്പന്‍ സിനിമകളും അടുത്തിടെ റീ റിലീസ് ചെയ്തിരുന്നു.
അതിലൊന്നും പെടാതെ മാറിനടന്ന മാര്‍വലും ഇപ്പോള്‍ റീ റിലീസ് ട്രെന്‍ഡിനൊപ്പമാണ്. അടുത്തിടെ സ്‌പൈഡര്‍മാന്‍ ചിത്രങ്ങളെല്ലാം റീ റിലീസ് നടത്തി പ്രേക്ഷകര്‍ക്ക് നൊസ്റ്റാള്‍ജിയ സമ്മാനിച്ചു. അപ്പോഴെല്ലാം മാര്‍വല്‍ ഫാന്‍സിന്റെ ആഗ്രഹം അവഞ്ചേഴ്‌സ് സിനിമകള്‍ റീ റിലീസ് ചെയ്യുക എന്നതായിരുന്നു. ഇപ്പോഴിതാ ആ ആഗ്രഹവും സാധിച്ചിരിക്കുകയാണ്.
മാര്‍വലിന്റെ എക്കാലത്തെയും വലിയ വിജയമായ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം വീണ്ടും തിയേറ്ററുകളിലെത്തുകയാണ്. മാര്‍വല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വര്‍ഷം സെപ്റ്റംബറില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. മാര്‍വല്‍ ആരാധകരെല്ലാം ഈ വാര്‍ത്ത ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്.
മാര്‍വലിലെ സൂപ്പര്‍ഹീറോകളെല്ലാം ഒന്നിച്ച എന്‍ഡ് ഗെയിം കംപ്ലീറ്റ് പാക്കേജാണ്. രോമാഞ്ചമുണര്‍ത്തുന്ന നൊസ്റ്റാള്‍ജിക് സീനുകളും കണ്ണ് നനയിക്കുന്ന ഇമോഷണല്‍ രംഗങ്ങളും ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന ആക്ഷന്‍ സീനുകളുമുള്ള എന്‍ഡ് ഗെയിം വീണ്ടും തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
മാര്‍വലിന്റെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളായ അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ, സ്‌പൈഡര്‍ മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ എന്നീ ചിത്രങ്ങളും 2026ലാണ് തിയേറ്ററുകളിലെത്തുക. സ്‌പൈഡര്‍മാന്‍ ജൂലൈയില്‍ തിയേറ്ററുകളിലെത്തുമ്പോള്‍ ഡൂംസ്‌ഡേ ഡിസംബറിലാണ് റിലീസ് പ്ലാന്‍ ചെയ്തിട്ടുള്ളത്. ഈ രണ്ട് സിനിമകള്‍ക്കൊപ്പം എന്‍ഡ് ഗെയിം കൂടി എത്തുമ്പോള്‍ ആരാധകര്‍ക്ക് ട്രിപ്പിള്‍ ട്രീറ്റാണ്.
മാര്‍വലിന്റെ സകല സൂപ്പര്‍ഹീറോകളും ഡൂംസ്‌ഡേയില്‍ വേഷമിടുന്നുണ്ട്. മള്‍ട്ടിവേഴ്‌സ് സാഗയിലൂടെ നിരവധി കഥാപാത്രങ്ങള്‍ മാര്‍വലിന്റെ ഭാഗമായിട്ടുണ്ട്. ഇവരെയെല്ലാം എങ്ങനെയാകും ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തുക എന്നാണ് ആരാധകര്‍ ചിന്തിക്കുന്നത്. എന്‍ഡ് ഗെയിം ഒരുക്കിയ റൂസോ ബ്രദേഴ്‌സ് തന്നെയാണ് ഡൂംസ്‌ഡേയുടെയും അമരക്കാര്‍.
Content Highlight: Marvel announced Endgame will re release on next year